Advertisement

സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇന്ന് വിരമിക്കും

June 30, 2021
Google News 1 minute Read
loknath behra

സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇന്ന് വിരമിക്കും. അഞ്ച് വര്‍ഷം സംസ്ഥാന പൊലീസ് മേധാവിയെന്ന അപൂര്‍വ നേട്ടവുമായാണ് ലോക്‌നാഥ് ബെഹ്‌റയുടെ പടിയിറക്കം. ലോക്‌നാഥ് ബെഹ്‌റയുടെ വിടവാങ്ങല്‍ പരേഡ് രാവിലെ 7.30ന് പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടില്‍ ആരംഭിച്ചു.

2016 ജൂണ്‍ 1 മുതല്‍ 2017 മെയ് 6 വരെയും 2017 ജൂണ്‍ 30 മുതല്‍ 2021 ജൂണ്‍ 30 വരെയുമാണ് ലോക്‌നാഥ് ബെഹ്‌റ സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയിലിരുന്നത്. ആലപ്പുഴയില്‍ എഎസ്പി ആയി ഔദ്യോഗിക ജീവിതം ആരംഭിച്ചു. കൊച്ചി സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍, കണ്ണൂര്‍ എസ്പി, കെഎപി നാലാം ബറ്റാലിയന്‍ കമാന്‍ഡന്റ്, കൊച്ചി പൊലീസ് കമ്മീഷണര്‍, തിരുവനന്തപുരത്ത് നര്‍ക്കോട്ടിക് വിഭാഗം എസ്പി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

ഡിജിപി പദവിയിലുള്ള സംസ്ഥാന പൊലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍, ജയില്‍ മേധാവി, ഫയര്‍ഫോഴ്‌സ് മേധാവി എന്നീ നാലു തസ്തികകളിലും ജോലി ചെയ്ത ഏക വ്യക്തിയും ലോക്‌നാഥ് ബെഹ്‌റയാണ്. കേരള പൊലീസില്‍ ആധുനികവത്ക്കരണം നടപ്പാക്കുന്നതില്‍ ലോക്‌നാഥ് ബെഹ്‌റ പ്രത്യേക ശ്രദ്ധ പുലര്‍ത്തി.

സ്ത്രീ സുരക്ഷയടക്കമുള്ള സാമൂഹിക പദ്ധതികള്‍ നടപ്പാക്കുന്നതിലും ഇക്കാലത്ത് കേരള പൊലീസ് മുന്നിട്ടിറങ്ങി. സിംസ് അഴിമതിയടക്കം നിരവധി വിവാദങ്ങള്‍ പൊലീസിന് നേരെ ഉയര്‍ന്നെങ്കിലും അതൊന്നും സേനയുടെ മനോവീര്യത്തെ തകര്‍ത്തില്ല. രണ്ടു പ്രളയങ്ങളിലും കൊവിഡ് അടക്കമുളള മഹാമാരിയിലും ക്രിയാത്മക ഇടപെടലോടെ കേരള പൊലീസിനെ നയിച്ചത് ലോക്‌നാഥ് ബെഹ്‌റയാണ്.

ഇന്ന് ചേരുന്ന ക്യാബിനറ്റില്‍ പുതിയ ഡിജിപിയെ നിശ്ചയിക്കുന്നതോടെ ലോക്‌നാഥ് ബെഹ്‌റ ഔദ്യോഗിക ചുമതലകള്‍ കൈമാറി പോലീസ് ആസ്ഥാനത്ത് നിന്നും പടിയിറങ്ങും. യുപിഎസ് സി കൈമാറിയ മൂന്നംഗ പാനലിലെ ഒരാളെ മന്ത്രിസഭാ യോഗം തീരുമാനിക്കും.

വിജിലന്‍സ് ഡയറക്ടര്‍ കെ സുധേഷ് കുമാര്‍, ഫയര്‍ ഫോഴ്‌സ് മേധാവി ബി സന്ധ്യ എന്നിവര്‍ പട്ടികയിലുണ്ട്. റോഡ് സേഫ്റ്റി കമ്മിഷണര്‍ അനില്‍ കാന്തിനെയും പരിഗണിക്കുന്നു. നിലവില് സുധേഷ് കുമാര്‍ ഡിജിപി റാങ്കിലും ബി സന്ധ്യയും അനില്‍ കാന്തും എഡിജിപി റാങ്കിലുമാണ്.

Story Highlights: loknath behra, retirement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here