Advertisement

രാജ്യത്തെ ഹിജാബ് വിവാദം: കർണാടക വിദ്യാർത്ഥികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഫുട്ബോൾ താരം പോൾ പോഗ്ബ

February 11, 2022
Google News 1 minute Read

ഇന്ത്യയിലെ ഹിജാബ് സംഘർഷങ്ങൾ അന്താരാഷ്ട്ര തലത്തിലും ചർച്ചയാകുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് താരവും 2018 ഫുട്ബോൾ ലോകകപ്പ് ജേതാവുമായ പോൾ പോഗ്ബ കർണാടകയിൽ നിന്നുള്ള ഹിജാബ് ധരിച്ച വിദ്യാർത്ഥികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ‘ഇന്ത്യയിലെ ഹിജാബ് ധരിച്ച മുസ്‌ലിം പെൺകുട്ടികളെ ഹിന്ദുത്വ ആൾക്കൂട്ടം കോളജിൽ ഉപദ്രവിക്കുന്നത് തുടരുന്നു’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ ഒരു വിഡിയോ പങ്കുവെച്ചത്.

നൊബേൽ ജേതാവ് മലാല യൂസഫ്‌സായിക്ക് പിന്നാലെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൻറെ ഫ്രഞ്ച് സൂപ്പർ താരം പോൾ പോഗ്ബയും വിവാദത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്. ഇൻസ്റ്റഗ്രാമിലൂടെയാണ് പോഗ്‌ബയുടെ പ്രതികരണം.

Read Also : വാട്ട്‌സ് ആപ്പ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു; ഇത്തവണ വിൻഡോസ് ഉപഭോക്താക്കൾക്ക് സന്തോഷിക്കാം

ഇന്ത്യയിൽ ഹിജാബ് ധരിച്ച് കോളേജിൽ പോകുന്ന മുസ്‌ലിം വിദ്യാർഥികളെ ഹിന്ദുത്വ ആൾക്കൂട്ടങ്ങൾ ഉപദ്രവിക്കുന്നത് തുടരുകയാണ്
എന്ന് തലക്കെട്ടോടെ 58 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പോൾ പോഗ്‌ബ ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയിരിക്കുന്നത്. കാവിയണിഞ്ഞ നിരവധി ആൺകുട്ടികളും പുരുഷൻമാരും ഹിജാബണിഞ്ഞ പെൺകുട്ടികൾക്ക് ചുറ്റുംകൂടി ആക്രോശിക്കുന്നതും ആക്രമിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. കുറച്ച് ആൺകുട്ടികൾ പെൺകുട്ടികൾക്ക് ചുറ്റും മനുഷ്യമതിൽ തീർത്തിരിക്കുന്നതും വിഡിയോയിലുണ്ട്.

ഫ്രഞ്ച് പൗരനായ പോഗ്‌ബയുടെ മാതാവ് ഇസ്‌ലാം മത വിശ്വാസിയാണ്. ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി കർണാടകയിലെ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധം ഹിന്ദു മുസ്‌ലിം ചേരി തിരിഞ്ഞുള്ള ആക്രമണങ്ങളിലേക്ക് വഴി മാറുന്നതിനിടെ പ്രതികരണവുമായി മലാല യൂസഫ്‌സായ് നേരത്തെ രംഗത്തെത്തിയിരുന്നു. ഹിജാബ് ധരിച്ച് പെൺകുട്ടികളെ സ്‌കൂളിൽ പോകാൻ അനുവദിക്കാത്തത് ഭയാനകമാണെന്നാണ് ഇതുമായി ബന്ധപ്പെട്ട ഒരു വാർത്ത പങ്കുവച്ച് മലാല ട്വീറ്റ് ചെയ്‌തത്. സ്ത്രീകളെ മാറ്റിനിർത്തുന്നത് ഇനിയെങ്കിലും ഇന്ത്യൻ നേതാക്കൾ അവസാനിപ്പിക്കണമെന്നും മലാല ആവശ്യപ്പെട്ടിരുന്നു.

കർണാടകയിലെ സർക്കാർ സ്‌കൂളുകളിൽ ഹിജാബ് ധരിക്കുന്നതിന് സർക്കാർ വിലക്ക് ഏർപ്പെടുത്തിയതോടെയാണ് വിവാദങ്ങൾ ഉടലെടുത്തത്. ഹിജാബ് ധരിച്ച് ക്ലാസിലിരിക്കാൻ അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയതോടെ വിദ്യാർഥിനികൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇതിനെതിരെ തീവ്രഹിന്ദു സംഘടനകളും രംഗത്തെത്തിയതോടെ കോളജുകളിലെ സംഘർഷം തെരുവുകളിലേക്ക് വ്യാപിച്ചു. വിവിധയിടങ്ങളിൽ വിദ്യാർഥികൾ സംഘം തിരിഞ്ഞ് ഏറ്റുമുട്ടി. ഇതോടെ സ്‌കൂളുകളും കോളജുകളും അടക്കേണ്ട സാഹചര്യമുണ്ടായി.

Story Highlights: hijab-row-paul-pogba-expresses-solidarity-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here