Advertisement

‘വാക്സിൻ വിവരങ്ങൾ സുരക്ഷിതമെങ്കിൽ എങ്ങനെ ചോർന്നു?’, കൊവിൻ ഡാറ്റ ചോർച്ചയിൽ പ്രതിപക്ഷം

June 12, 2023
Google News 15 minutes Read
Opposition leaders allege leak of personal info from CoWIN

കൊവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെ സ്വകാര്യ വിവരങ്ങള്‍ ടെലഗ്രാമിലൂടെ ചോര്‍ന്ന സംഭവത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ. വാക്സിൻ വിവരങ്ങൾ സുരക്ഷിതമെന്ന് അവകാശപ്പെടുന്ന മോദി സർക്കാരിന് കീഴിൽ മൊബൈൽ നമ്പറുകൾ, ആധാർ നമ്പറുകൾ, പാസ്‌പോർട്ട് നമ്പറുകൾ, വോട്ടർ ഐഡികൾ എന്നിവയുൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ എങ്ങനെയാണ് ചോർന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് സാകേത് ഗോഖലെ ചോദിച്ചു.

സംഭവത്തിൽ കേന്ദ്രസർക്കാർ ഇപ്പോഴും അജ്ഞത കാണിക്കുന്നതെങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. ആധാര്‍, പാസ്പോര്‍ട്ട് നമ്പറുകള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരുടെ നിർണായക വ്യക്തിഗത ഡാറ്റകള്‍ എങ്ങനെ പുറത്തുവന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരം നല്‍കേണ്ടതുണ്ടെന്നും ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേഷന്‍സ്, ഐടി വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വിഷയത്തില്‍ മറുപടി നല്‍കണം എന്നും സാകേത് ഗോഖലെ ട്വീറ്റില്‍ ആവശ്യപ്പെട്ടു. ഈ ആരോപണം ശരിവെക്കുന്ന സ്‌ക്രീൻ ഷോട്ടുകളും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

കൊവിൻ ആപ്പ് വഴി രജിസ്റ്റർ ചെയ്തവരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. രാജ്യസഭാ എംപി ഡെറക് ഒബ്രിയൻ, മുൻ കേന്ദ്രമന്ത്രി പി ചിദംബരം, കോൺഗ്രസ് നേതാക്കളായ ജയറാം രമേശ്, കെ.സി വേണുഗോപാൽ ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് നാരായൺ സിംഗ്, രാജ്യസഭാ എംപിമാരായ സുസ്മിത ദേവ്, അഭിഷേക് മനു സിംഗ്വി, സഞ്ജയ് റാവത്ത് എന്നിവർ ഉൾപ്പെടെയുള്ള മുതിർന്ന രാഷ്ട്രീയ നേതാക്കളുടെയും പൗരന്മാരുടെയും സ്വകാര്യ വിവരങ്ങൾ ഓൺലൈനിൽ ചോർന്നുവെന്നാണ് റിപ്പോർട്ട്.

ടെലഗ്രാമിലെ മൊബൈൽ നമ്പർ നൽകിയാൽ ആ നമ്പർ വഴി കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരുടെയെല്ലാം ഐഡി കാർഡ് വിവരങ്ങൾ, ജനനത്തീയതി, വാക്സിൻ സ്വീകരിച്ച കേന്ദ്രത്തിന്റെ പേര് എന്നിവ സന്ദേശ രൂപത്തിൽ മറുപടിയായി ലഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു വ്യക്തിയുടെ ഫോൺ നമ്പറുണ്ടെങ്കിൽ അയാളുടെ തിരിച്ചറിയൽ കാർഡ് വിവരങ്ങൾ ലഭിക്കുമെന്നതാണ് ഇതിൽ ഏറ്റവും ഗൗരവതരം. തിരിച്ചറിയൽ രേഖയായി പാസ്പോർട്ട് നമ്പറാണ് നൽകിയതെങ്കിൽ അതും ലഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Story Highlights: Opposition leaders allege leak of personal info from CoWIN

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here