Advertisement

വാട്സാപ്പിൽ മോദിയുടെ വികസിത് ഭാരത് സന്ദേശം: ഉടൻ നിർത്തിവെയ്ക്കണമെന്ന് ഇലക്ഷൻ കമ്മീഷൻ

March 21, 2024
Google News 0 minutes Read

വാട്സാപ്പിലൂടെ പ്രചരിപ്പിക്കുന്ന വികസിത് ഭാരത് സന്ദേശം ഉടൻ നിർത്തിവെയക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര ഇലക്​ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് നിർദേശം നൽകി. കേന്ദ്രസർക്കാരിൻ്റെ നേട്ടങ്ങളാണ് വികസിത് ഭാരത് സമ്പർക്ക് എന്ന അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചിരുന്നത്. ഇതുസംബന്ധിച്ച റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കാൻ വകുപ്പ് സെക്രട്ടറി എസ് കൃഷ്ണനോട് ആവശ്യപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച
സാഹചര്യത്തിൽ മോദി സർക്കാരിൻ്റെ നേട്ടങ്ങളെക്കുറിച്ച് പറയുന്ന വാട്സാപ്പ് സന്ദേശം പ്രചരിപ്പിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതികൾ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

മാർച്ച് 16ന് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടുണ്ട്. ഈ സമയത്ത് വികസിത് ഭാരത് സന്ദേശം വാട്സാപ്പ് വഴി പ്രചരിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. എന്നാൽ മാർച്ച് 18ന് ലക്ഷക്കണക്കിന് വാട്സാപ്പ് ഉപയോക്താക്കൾക്ക് വികസിത് ഭാരത് സമ്പർക്ക് എന്ന അക്കൗണ്ടിൽ നിന്ന് സന്ദേശങ്ങൾ ലഭിച്ചിരുന്നു. അന്നുതന്നെ തൃണമൂർ കോൺഗ്രസ് ഈ പ്രശ്നം ചൂണ്ടിക്കാട്ടി ഇലക്​ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. സ്ഥാനാർഥിയായിരിക്കെ മോദിയുടെ പേരിൽ സന്ദേശം പ്രചരിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് കാണിച്ച് തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകി.

നരേന്ദ്ര മോദി സർക്കാരിൻ്റെ 10 വർഷത്തെ വികസന നേട്ടങ്ങളെക്കുറിച്ചാണ് വികസിത് ഭാരത് സമ്പർക്ക് എന്ന അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചിരുന്നത്. കേന്ദ്ര സർക്കാരിൻ്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ അറിയിക്കാനുള്ള അഭ്യർത്ഥനയും സന്ദേശത്തിലുണ്ട്. കേന്ദ്ര സർക്കാരിൻ്റെ ഈ നീക്കം രാഷ്ട്രീയ അജണ്ടയാണെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്ത് വന്നിരുന്നു. രാജ്യത്തെ പൗരന്മാരുടെ മൊബൈൽ നമ്പറുകൾ എങ്ങനെയാണ് സർക്കാരിന് ലഭിച്ചതെന്നും കോൺഗ്രസടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ ചോദിച്ചു. സർക്കാരിന്റെ ഡേറ്റാ ബെയ്‌സ് ദുരുപയോഗം ചെയ്ത് വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നുവെന്നും കോൺഗ്രസ് എക്‌സ് പോസ്റ്റിൽ വ്യക്തമാക്കി. ഇന്ത്യക്കാർക്ക് പുറമേ വിദേശ പൗരന്മാർക്കും ഈ സന്ദേശം ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. വാട്സാപ്പിൻ്റെ പോളിസി പ്രകാരം, രാഷ്ട്രീയ അജണ്ടകൾക്കായി രാഷ്ട്രീയ പാർട്ടികൾക്കോ, സ്ഥാനാർത്ഥികൾക്കോ വാട്സാപ്പ് ബിസിനസ് പ്ലാറ്റ്‌ഫോം ഉപയോഗിക്കാൻ പാടില്ലെന്നുണ്ട്. ഈ ഘട്ടത്തിലാണ് ഇലക്ഷൻ കമ്മീഷൻ വിഷയത്തിൽ നടപടി സ്വീകരിച്ചത്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here