Advertisement

അടിമുടി ദുരൂഹത; പത്തനംതിട്ടയിലെ വാഹനാപകടത്തിൽ സംഭവിച്ചതെന്ത്?

March 29, 2024
Google News 3 minutes Read
Hashim and Anuja death Pathanamthitta

ഇന്നലെ രാത്രി പത്തനംതിട്ട അടൂരിലുണ്ടായ കാർ അപകടത്തിലാണ് സ്വകാര്യ ബസ് ഡ്രൈവർ ചാരുംമൂട് ഹാഷിം മൻസിലിൽ ഹാഷിമും തുമ്പമൺ നോർത്ത് ഹൈസ്‌കൂളിലെ അധ്യാപിക നൂറനാട് മറ്റപ്പള്ളി സുശീന്ദ്രം സ്വദേശിനി അനുജ രവീന്ദ്രനും മരിച്ചത്. അടൂർ പട്ടാഴിമുക്കിൽ ഇരുവരും സഞ്ചരിച്ചിരുന്ന കാർ കണ്ടെയ്‌നർ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ആദ്യഘട്ടത്തിൽ അപകടമരണമെന്ന സംശയം പിന്നീട് പൊലീസിനെ ആത്മഹത്യയെന്ന നിഗമനത്തിലേക്കെത്തിച്ചു.(Hashim and Anuja death Pathanamthitta)

മരിച്ച അനുജയും ഹാഷിമും അടുത്തസുഹൃത്തുക്കളായിരുന്നു എന്നാണ് വിവരം. വ്യാഴാഴ്ച രാത്രി പത്തരയോടെ അടൂരിൽനിന്ന് പത്തനാപുരത്തേക്കുള്ള വഴിയിലായിരുന്നു അപകടം നടന്നത്. ഹാഷിമും അനുജയും തമ്മിലുള്ള സൗഹൃദം ബന്ധുക്കൾ അറിയുകയും അത് പിന്നീട് കുടുംബപ്രശ്‌നങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അപകടത്തിൽ കാർ പൂർണമായി തകർന്നിരുന്നു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് കാർ വെട്ടിപൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ഈ കാർ വാടകയ്ക്ക് എടുത്തതാണ്.

മൽപിടുത്തം നടന്നെന്ന് ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ

ആത്മഹത്യയെന്ന സൂചന പുറത്തുവന്നതോടെ അപകടത്തിൽ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി ഏനാദിമം​ഗലം പഞ്ചായത്ത് അം​ഗം ശങ്കർ മരൂർ രം​ഗത്തെത്തി. അനുജയും ​ഹാഷിമുമായി കാറിൽ മൽപിടുത്തം നടന്നിരുന്നതായാണ് ശങ്കർ പറയുന്നത്. അപകടത്തിന് മുൻപ് കാർ ശ്രദ്ധയിൽപ്പെട്ടിരുന്നതായും ആലയിൽപ്പടിയിൽ വെച്ച് കാർ കണ്ടിരുന്നുവെന്നും ശങ്കർ പറഞ്ഞു. ഓട്ടത്തിനിടെ കാറിന്റെ ഡോർ തുറന്നു. അനുജ ഇരുന്ന ഭാ​ഗത്തെ ഡോർ മൂന്നു തവണ തുറന്നു. കാലുകൾ പുറത്തിടുന്നത് കണ്ടിരുന്നു… കാർ പലവട്ടം വലത്തേക്ക് പാളിയിരുന്നെന്നും ശങ്കർ വെളിപ്പെടുത്തി. അമിത വേ​ഗതയിൽ എത്തിയ കാർ ലോറിയിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് ലോറി ഡ്രൈവറിന്റെ മകൻ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തൽക്ഷണം മരിക്കുകയായിരുന്നു.

‘ഫോൺ വിളിച്ചപ്പോൾ അനുജ കരഞ്ഞു’

നൂറനാട് സ്വദേശിയാണ് തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപിക അനുജ. കായംകുളം സ്വദേശിയാണ് ഭർത്താവ്. ഇവർക്ക് 11 വയസുള്ള മകനും ഉണ്ട്. സ്വകാര്യ ബസ് ഡ്രൈവറാണ് ഹാഷിം. ഹരിശ്രീ എന്ന ബസിന്റെ ഡ്രൈവറാണ് ഹാഷിം. സഹ അധ്യാപകർക്കൊപ്പം തിരുവനന്തപുരത്ത് നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു അനുജ. വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ അനുജയെ ഹാഷിം വാഹനം തടഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കുളക്കടയിൽവെച്ചാണ് ഹാഷിം വാഹനം തടഞ്ഞതെന്ന് പ്രധാനാധ്യാപിക പറഞ്ഞു. ഹാഷിം വിളിച്ചപ്പോൾ അനുജ ആദ്യം പോയില്ല. പിതൃസഹോദരന്റെ മകനാണെന്നായിരുന്നു പറഞ്ഞിരുന്നത്. ഹാഷിം ട്രാവലറിലേക്ക് കയറാൻ ശ്രമിച്ചിരുന്നു. വഷളാകുന്ന ഘട്ടത്തിൽ അനുജ ഇറങ്ങിപ്പോയെന്ന് പ്രധാനാധ്യാപിക പറഞ്ഞു. അസ്വഭാവികത തോന്നി അധ്യാപകർ അനുജയെ വിളിച്ചിരുന്നു. ഫോൺ വിളിച്ചപ്പോൾ അനുജ കരഞ്ഞു. മരിക്കാൻ പോകുന്നുവെന്ന് അനുജ പറഞ്ഞു. അമിത വേഗത്തിലാണ് കാർ പോയതെന്ന് പ്രധാനാധ്യാപിക പറഞ്ഞു.

Read Also: ടൂർ പോയ അനുജയെ വാഹനം തടഞ്ഞ് ഹാഷിം കൂട്ടിക്കൊണ്ടുപോയി; ലോറയിലേക്ക് കാർ ഇടിച്ചുകയറ്റി; അടൂരിലെ വാഹനാപകടത്തിൽ ദുരൂഹത

തങ്ങൾ ആത്മഹത്യ ചെയ്യാൻ പോകുന്നു എന്ന് സഹഅധ്യാപികയോട് അനുജ പറഞ്ഞിരുന്നതായും സൂചനയുണ്ട്. അമിത വേഗതയിലാണ് അനുജയെ കാറിൽ കയറ്റിക്കൊണ്ട് പോയത്. സഹഅധ്യാപികർക്ക് സംശയം തോന്നി അടൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന് വാഹനത്തിനായി പൊലീസും പരിശോധന നടത്തിയിരുന്നു. ഇതിനിടെ അനുജയെ സഹഅധ്യാപകർ ഫോണിൽ ബന്ധപ്പെട്ടിരുന്നു. അനുജ കരയുന്നുണ്ടായിരുന്നെന്നും കുഴപ്പമില്ല ഞാൻ എത്തിക്കോളാം എന്നു പറഞ്ഞാണ് ഫോൺ കട്ടാക്കിയതെന്ന് അധ്യാപകർ പറയുന്നു. പിന്നാലെയാണ് അപകടവിവരം അറിയുന്നത്.അപകടത്തിൽപ്പെട്ട കാറിൽ നിന്നും മദ്യക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. അനുജയ്ക്ക് 11 വയസുള്ള മകനുണ്ട്. കായകുളം സ്വദേശിയാണ് ഭർത്താവ്.

‘മടങ്ങിവരാമെന്ന് പറഞ്ഞാണ് അവൻ പോയത്’

ഹാഷിം ഒരിക്കലും ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും മകന് നല്ല മനക്കരുത്തുണ്ടെന്നും ഹാഷിമിന്റെ പിതാവ് ഹക്കിം പറഞ്ഞു. പൊതുകാര്യങ്ങളിലെല്ലാം ഇടപെടുന്നയാളായിരുന്നു മകൻ. ഇന്നലെ ഒരു ഫോൺ വന്നു. പിന്നാലെ, ഉടൻ മടങ്ങിവരാമെന്ന് പറഞ്ഞ് മകൻ വീട്ടിൽ നിന്നിറങ്ങി. പിന്നെ അപകടം നടന്നതായാണ് അറിയുന്നത്. ഹാഷിമിനൊപ്പം മരിച്ച അനുജയെ തങ്ങൾക്കറിയില്ലെന്നും ഹക്കിം മാധ്യമങ്ങളോട് പ്രതികരിച്ചു.

Story Highlights : What happened in Hashim and Anuja death Pathanamthitta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here