Advertisement

കർണാടകത്തിൽ ബിജെപിക്ക് വെല്ലുവിളി ഉയർത്തി ലിംഗായത്ത് മഠാധിപൻ; കേന്ദ്രമന്ത്രിക്കെതിരെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു

April 9, 2024
Google News 3 minutes Read

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ശിരാഹട്ടി ഫക്കീരേശ്വർ ലിംഗായത്ത് മഠാധിപൻ ദിങ്കലേശ്വർ സ്വാമി  ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് ബിജെപിക്ക് കനത്ത വെല്ലുവിളിയായി. കർണാടകത്തിലെ ധർവാഡിൽ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പ്രൾഹാദ് ജോഷിക്കെതിരെയാണ് ദിങ്കലേശ്വർ സ്വാമി സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

ലിംഗായത്തുകളെ അധിക്ഷേപിച്ച പ്രൾഹാദ് ജോഷിക്കെതിരെ വിശ്വാസികളുടെ ആവശ്യപ്രകാരമാണ് താൻ മത്സരിക്കുന്നതെന്നാണ് ദിങ്കലേശ്വർ സ്വാമി പറഞ്ഞത്. കാവി വസ്ത്ര ധാരികളെയും അഭിമാനത്തെയും വിലമതിക്കുന്നവർ രണ്ട് ദേശീയ പാർട്ടികൾക്കും സ്വാർത്ഥ രാഷ്ട്രീയക്കാർക്കുമെതിരെ നടത്തുന്ന ധർമ്മയുദ്ധമാണ് തൻ്റെ സ്ഥാനാർത്ഥിത്വമെന്നും ദിങ്കലേശ്വർ സ്വാമി ബെംഗളൂരുവിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിഎസ് യെദ്യൂരപ്പയെ ബിജെപി താഴെയിറക്കാൻ കാരണം ഒരു ബ്രാഹ്മണൻ കൂടിയായ പ്രൾഹാദ് ജോഷിയുടെ ഇടപെടലാണെന്ന് കർണാടകത്തിലെ രാഷ്ട്രീയ രംഗത്ത് ഒരു അടക്കംപറച്ചിലുണ്ട്. യെദ്യൂരപ്പയുടെ അടുപ്പക്കാരനായ ദിങ്കലേശ്വർ സ്വാമി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി തോറ്റതിന് പിന്നാലെ തോൽവിക്ക് കാരണം യെദ്യൂരപ്പയുടെ കണ്ണീരിൽ ബിജെപി കടപുഴകുമെന്നത് സത്യമായെന്ന് പറഞ്ഞിരുന്നു.

Read Also: ദളിത് കർഷക കുടുംബത്തിൻ്റെ സ്ഥലം വിറ്റ പണവും ബിജെപിക്ക് ബോണ്ടായി; പറ്റിച്ച് കൈക്കലാക്കിയെന്ന് പരാതി

മെയ് ഏഴിനാണ് ദർവാഡ് മണ്ഡലത്തിൽ വോട്ടെടുപ്പ്. ഏപ്രിൽ 19 വരെ ഇവിടെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. ഏപ്രിൽ 22 വരെ പത്രിക പിൻവലിക്കാനുള്ള സമയമുണ്ട്. ലിംഗായത്ത് ഉപവിഭാഗങ്ങളായ പഞ്ചമശാലി, ബനജിക എന്നിവയ്ക്ക് വലിയ സ്വാധീനമുള്ള മണ്ഡലത്തിൽ കോൺഗ്രസ് കുറുബ സമുദായത്തിൽ നിന്നുള്ള പുതുമുഖമായ വിനോദ് അസുതിയെയാണ് സ്ഥാനാർത്ഥിയാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ നവാൽഗുണ്ട് മണ്ഡലത്തിൽ മത്സരിക്കാൻ അസുതി താത്പര്യപ്പെട്ടിരുന്നെങ്കിലും പിന്നീട് എൻഎച്ച് കോൺറെഡ്ഡിക്ക് വേണ്ടി ഒഴിഞ്ഞിരുന്നു. ഇതാണ് ഇക്കുറി സ്ഥാനാർത്ഥിത്വം ലഭിക്കുന്നതിൽ നിർണായകമായത്.

എന്നാൽ ലിംഗായത്ത് മഠാധിപതിയുടെ വിമർശനങ്ങളോട് പ്രതികരിക്കാൻ ബിജെപി സ്ഥാനാർത്ഥിയായ പ്രൾഹാദ് ജോഷി തയ്യാറായില്ല. സ്വാമിജി ചെയ്യുന്നതെല്ലാം താൻ ആശിർവാദമായി കാണുമെന്ന മറുപടിയാണ് അദ്ദേഹം മാധ്യമപ്രവർത്തകർക്ക് നൽകിയത്. 

മുരുഗ മഠം ഉൾപ്പടെ പ്രധാന ലിംഗായത്ത് മഠങ്ങളിൽ നിന്നുള്ള സ്വാമിമാരുമായി ഹുബ്ബള്ളിയിൽ മാർച്ച് 27 ന് ദിങ്കലേശ്വർ സ്വാമി കൂടിക്കാഴ്ച നടത്തിയിരുന്നു. ലിംഗായത്തുകളെ അധിക്ഷേപിച്ച പ്രൾഹാദ് ജോഷിയെ മത്സരിപ്പിക്കാതെ മറ്റൊരാളെ മത്സരിപ്പിക്കണം എന്നായിരുന്നു ഈ യോഗം ബിജെപിയോട് ആവശ്യപ്പെട്ടത്. ജഗദീഷ് ഷെട്ടാറിനെയോ ലക്ഷ്‌മൺ സാവദിയെയോ മത്സരിപ്പിക്കണമെന്നായിരുന്നു ആവശ്യം. ഉത്തർപ്രദേശിലേതിന് സമാനമായി കർണാടകത്തിലും മത നേതാക്കൾ മത്സരിക്കണമെന്ന ആവശ്യം ഭക്തർക്കുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Read Also: ലാഭം കൂട്ടാന്‍ മട്ടന്‍ എന്ന പേരില്‍ ബീഫ് സമൂസ വില്‍പന; ഗുജറാത്തില്‍ ഗോവധ നിരോധന നിയമപ്രകാരം 7 അറസ്റ്റ്

ഇതിന് ശേഷമാണ് ദിങ്കലേശ്വർ സ്വാമി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആലോചിക്കുന്നതായി വാർത്ത പരന്നത്. പ്രശ്ന പരിഹാരത്തിന് ഇടപെടാമെന്ന് ബിഎസ് യെദ്യൂരപ്പ വ്യക്തമാക്കിയതിന് പിന്നാലെ സ്ഥാനാർത്ഥിയെ മാറ്റണമെന്ന ആവശ്യത്തിൽ നിന്ന് മുരുഗ മഠാധിപതി അടക്കം പിന്നോട്ട് പോയിരുന്നു.

എന്നാൽ സംസ്ഥാനത്ത് ബ്രാഹ്മണ സമുദായത്തിൽ നിന്നുള്ള മൂന്ന് പേർക്ക് സ്ഥാനാർത്ഥിത്വം നൽകിയതിനെ വിമർശിച്ച് ബിജെപിക്കെതിരെ വീണ്ടും ദിങ്കലേശ്വർ സ്വാമി രംഗത്ത് വരികയായിരുന്നു. കോൺഗ്രസിൽ ചേരുമോയെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. പക്ഷെ കെഎസ് ഈശ്വരപ്പയെ പോലുള്ള നേതാക്കളെ അവഗണിക്കുകയാണ് ബിജെപി എന്നും അദ്ദേഹം വിമർശനം ഉന്നയിച്ചിരുന്നു.

Story Highlights : Dingaleshwar Swami will run in the Lok Sabha elections from Dharwad against Union Minister Pralhad Joshi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here