Advertisement

തെരഞ്ഞെടുപ്പ് നേരിട്ട് കാണാൻ 25 വിദേശ രാഷ്ട്രീയ കക്ഷികളെ ക്ഷണിച്ച് ബിജെപി; മോദിയുടെ റാലിയിൽ പങ്കെടുത്തേക്കും

April 11, 2024
Google News 3 minutes Read

ബിജെപിയുടെ ക്ഷണം സ്വീകരിച്ച് വിദേശ രാജ്യങ്ങളിൽ നിന്നുള്ള 25 രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ഇന്ത്യയിലേക്ക് വരുന്നു. രാജ്യത്തെ തെരഞ്ഞെടുപ്പ് മാമാങ്കവും പ്രചാരണ രീതികളും നേരിട്ട് കണ്ട് വിലയിരുത്താനുള്ള ബിജെപിയുടെ ക്ഷണം സ്വീകരിച്ചാണ് കക്ഷികളുടെ വരവ്. ഇതുവരെ വിവിധ രാജ്യങ്ങളിലെ 25 രാഷ്ട്രീയ പാർട്ടികളെ ഇതിനായി ക്ഷണിച്ച് ബിജെപി കേന്ദ്ര നേതൃത്വം കത്ത് നൽകിയെന്നാണ് വിവരം. ഇതിൽ 13 രാഷ്ട്രീയ പാർട്ടികൾ ക്ഷണം സ്വീകരിച്ച് ഇന്ത്യയിലെത്താമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഏതൊക്കെ രാഷ്ട്രീയ പാർട്ടികളാണ് എത്തുകയെന്ന പട്ടിക ബിജെപി പിന്നീട് മാത്രമേ പുറത്തുവിടൂവെന്ന് ദി ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിൽ എത്തിയാൽ ഇവർക്ക് ബിജെപി നേതാക്കളുമായും സ്ഥാനാർത്ഥികളുമായും സംസാരിക്കുന്നതിനും ഒപ്പം മോദിയുടെയും അമിത് ഷായുടെയും റാലികളിൽ പങ്കെടുക്കുന്നതിനും സൗകര്യമൊരുക്കും.

അതേസമയം അമേരിക്കയിലെ ഭരണകക്ഷി ഡെമോക്രാറ്റിക് പാർട്ടിയെയും പ്രതിപക്ഷത്തെ ശക്തരായ റിപ്പബ്ലിക്കൻ പാർട്ടിയെയും ബിജെപി ക്ഷണിച്ചിട്ടില്ല. അമേരിക്കയിൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൻ്റെ പ്രചാരണം നടക്കുന്നതും അമേരിക്കയിലെ പാർട്ടികൾ ഇന്ത്യയിലേത് പോലെയോ യൂറോപ്പിലേത് പോലെയോ പ്രവർത്തിക്കുന്നവയല്ല എന്നതുമാണ് ഇതിന് കാരണമായി പറയുന്നത്. ഒപ്പം പാർട്ടി നേതൃത്വത്തിന് അമേരിക്കയിൽ പ്രാധാന്യമില്ലെന്നും പ്രസിഡൻ്റ് പദത്തിനും യുഎസ് കോൺഗ്രസിനും മാത്രമാണ് പ്രാധാന്യമെന്നും ഇതിന് കാരണമായി ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

Read Also: ദളിത് കർഷക കുടുംബത്തിൻ്റെ സ്ഥലം വിറ്റ പണവും ബിജെപിക്ക് ബോണ്ടായി; പറ്റിച്ച് കൈക്കലാക്കിയെന്ന് പരാതി

അതേസമയം ബ്രിട്ടനിലെ കൺസർവേറ്റീവ് പാർട്ടിയെയും ലേബർ പാർട്ടിയെയും ബിജെപി ക്ഷണിച്ചിട്ടുണ്ട്. ജർമനിയിലെ ക്രിസ്റ്റ്യൻ ഡെമോക്രാറ്റ്സ്, സോഷ്യൽ ഡെമോക്രാറ്റ്സ് എന്നീ പാർട്ടികൾക്കും ക്ഷണമുണ്ട്. എന്നാൽ പാക്കിസ്ഥാനിൽ നിന്നുള്ള ഒരു പാർട്ടിയെയും ക്ഷണിച്ചിട്ടില്ല. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയെയും ക്ഷണിച്ചിട്ടില്ല. എന്നാൽ ബംഗ്ലാദേശിൽ നിന്ന് ഷേയ്ഖ് ഹസീന നേതൃത്വം നൽകുന്ന ഭരണകക്ഷി അവാമി ലീഗിനെ ക്ഷണിച്ചിട്ടുണ്ട്. പ്രതിപക്ഷത്തെ ബിഎൻപിക്ക് ക്ഷണമില്ല. ഈയടുത്ത് ഇന്ത്യ ഔട്ട് മുദ്രാവാക്യം മുഴക്കി ഇന്ത്യൻ കമ്പനികളുടെ ഉൽപ്പന്നങ്ങൾക്കെതിരെ ബിഎൻപി വ്യാപക പ്രക്ഷോഭം നടത്തിയതാണ് കാരണം.

നേപ്പാളിൽ നിന്ന് എല്ലാ പ്രധാന പാർട്ടികളെയും – മാവോയിസ്റ്റുകളെ അടക്കം – ഇന്ത്യയിലേക്ക് ക്ഷണിച്ചു. ശ്രീലങ്കയിലെയും എല്ലാ കക്ഷികളെയും ക്ഷണിച്ചിട്ടുണ്ട്. മൂന്നാമത്തെയും നാലാമത്തെയും വോട്ടെടുപ്പ് ഘട്ടങ്ങളിൽ വിദേശത്ത് നിന്നുള്ള രാഷ്ട്രീയ നേതാക്കൾ ഇന്ത്യയിലെത്തുമെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്. ഇവർ ഇന്ത്യയിലെത്തിയാൽ ആദ്യം ബിജെപിയെ കുറിച്ചും ഇന്ത്യയിലെ രാഷ്ട്രീയ സംവിധാനത്തെ കുറിച്ചും തെരഞ്ഞെടുപ്പ് രീതിയെ കുറിച്ചും പറഞ്ഞുകൊടുക്കും. പിന്നീട് വിദേശ നിരീക്ഷകരുടെ 5-6 പേരുൾപ്പെട്ട സംഘത്തെ രാജ്യത്തെ അഞ്ചോളം മണ്ഡലങ്ങളിലെത്തിച്ച് ഇവിടുള്ള പാർട്ടി നേതാക്കളുമായി സംവദിപ്പിക്കും. ബിജെപിയുടെ സ്ഥാനാർത്ഥികളെ കുറിച്ച് ഇവർക്ക് പറഞ്ഞുകൊടുക്കും. ശേഷം പ്രധാനമന്ത്രി മോദിയുടെയും അമിത് ഷായുടെയും റാലികളിൽ ഇവരും പങ്കെടുക്കും.

ബിജെപിയെ അറിയൂ എന്ന ദേശീയ നേതൃത്വത്തിൻ്റെ രാഷ്ട്രീയ നയ പരിപാടിയുടെ ഭാഗമായാണ് വിദേശ പ്രതിനിധികളെ എത്തിക്കുന്നത്. ഇതിൻ്റെ ഭാഗമായി 70ഓളം വിദേശ നേതാക്കൾ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയെ കണ്ടു. ബിജെപി പ്രതിനിധി സംഘം നിരവധി രാജ്യങ്ങളിൽ എത്തി പ്രചാരണം നടത്തി. ഏറ്റവുമൊടുവിൽ നടന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള 4-5 വിദേശ രാഷ്ട്രീയ കക്ഷി നേതാക്കളെ ബിജെപി ഇന്ത്യയിലെത്തിച്ചിരുന്നു.

Read Also: ‘വിഷംനിറച്ച എല്ലിന്‍ കഷ്ണം, കേരളാ സ്‌റ്റോറിയുടെ പ്രചാരകരേ, ഹാ കഷ്ടം’; മണിപ്പൂരിൽ തകർക്കപ്പെട്ട പള്ളിയുടെ ചിത്രവുമായി ജെയ്ക് സി തോമസ്

തുടർച്ചയായ മൂന്നാം ഭരണം ലക്ഷ്യമിടുന്ന നരേന്ദ്ര മോദി സർക്കാരിന് മുന്നി ൽ വിദേശ ബന്ധം വളരെയേറെ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യേണ്ട സ്ഥിതിയാണ്. ഖലിസ്ഥാനി നേതാവ് നിജ്ജാറിൻ്റെ കാനഡയിലെ വധം കൊളുത്തിവിട്ട രാഷ്ട്രീയ വിവാദവും കെജ്രിവാളിന്റെ അറസ്റ്റിനോട് യുഎസും ജർമ്മനിയും അടക്കം പ്രതികരിച്ച രീതിയും കച്ചത്തീവ് വിഷയത്തിൽ ശ്രീലങ്കയുടെ നിലപാടും മാലദ്വീപിലെ രാഷ്ട്രീയ മാറ്റം സൃഷ്ടിച്ച പ്രതിസന്ധിയും ഇന്ത്യക്ക് വലിയ ബാധ്യതയാവുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബിജെപിയെ അറിയാം പരിപാടിയുടെ പ്രസക്തി.

ലോകത്ത് ജനാധിപത്യ ഭരണ സംവിധാനത്തിൻ്റെ മാതാവ് ഇന്ത്യയാണെന്ന് ബിജെപി വിദേശകാര്യ സെല്ലിൻ്റെ ചുമതലയുള്ള വിജയ് ചൗതൈവാലെ പറയുന്നു. ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയാണ് ഇന്ന് ബിജെപി. അതിനാൽ തന്നെ ലോകരാഷ്ട്രങ്ങളിലെ നേതാക്കൾക്ക് ബിജെപിയെ കുറിച്ച് അറിവുണ്ടാക്കേണ്ട ആവശ്യമുണ്ട്. എങ്ങനെയാണ് ബിജെപി തെരഞ്ഞെടുപ്പിൽ ജയിക്കുന്നതെന്നും എത്ര ആഴത്തിലാണ് പ്രചാരണം നടത്തുന്നതെന്നും വിദേശ രാജ്യങ്ങളിലെ കക്ഷികൾക്ക് മനസിലാക്കി കൊടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Story Highlights : The BJP has invited more than 25 foreign parties to send their delegates to monitor India’s Lok Sabha elections.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here