Advertisement

തൊഴിലന്വേഷകരുടെ ലക്ഷ്യമായി മലേഷ്യ; ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ

April 23, 2024
Google News 1 minute Read

പെംഗളൻ ചെപ്പ ജയിലിൽ 92 ദിവസത്തെ റിമാൻഡ്. മച്ചാംഗ് സെൻട്രൽ ജയിലിലെ 80 ദിവസങ്ങൾ. 10 ദിവസം അഭയാർത്ഥി ക്യാമ്പിൽ രോഹിംഗ്യൻ അഭയാർത്ഥികൾക്കൊപ്പം. ആകെ 180 ദിവസത്തെ ജയിൽ വാസം. സ്വപ്‌നങ്ങൾ സ്വന്തമാക്കാൻ ജോലി തേടി കാത്തിരിക്കുന്ന മലയാളികളെ തേടി എത്തുന്ന അവസരങ്ങളിൽ ഒന്ന് വയനാട്ടിലെ ആ ചെറുപ്പക്കാരനും കിട്ടി. യൂറോപ്യൻ രാജ്യങ്ങളിൽ വേണ്ടി വരുന്ന വൻ ചിലവും ഗൾഫ് രാജ്യങ്ങളിലേക്ക് പോകാൻ ഒന്നും അനുകൂലമാകാത്തതുകൊണ്ടും കിട്ടിയ അവസരം പ്രയോജനപ്പെടുത്താൻ തീരുമാനിച്ചു. മലേഷ്യയിലേക്കാണ്. തൊഴിൽ തേടിയുള്ള മലയാളി ചെറുപ്പക്കാരുടെ അനേകം യാത്രകളിൽ ഒന്നായി അവസാനിച്ചുപോകേണ്ടിയിരുന്ന ആ സംഭവം പക്ഷേ പര്യവസാനിച്ചത് ജയിൽ മുറിക്കുള്ളിലാണ്….

പുറംനാടുകളിലേക്കെത്തുന്ന തൊഴിൽ സ്വപ്‌നങ്ങൾ

പത്താം ക്ലാസ്, പ്ലസ്ടു വിദ്യാഭ്യാസം ഉള്ളവരെക്കാൾ തൊഴിൽ രഹിതർ ഉന്നത വിദ്യാഭ്യാസം ഉള്ളവരാണെന്ന് പലപ്പോഴും നാം കരുതാറുണ്ട്. സമാനമായ അനുഭവമായിരുന്നു തിരുവനന്തപുരം സ്വദേശിയായ 26കാരന്റേതും. കുടുംബത്തിലെ ബാധ്യത മുന്നിൽക്കണ്ടാണ് പുറം രാജ്യങ്ങളിലേക്ക് പോകാനുള്ള തീരുമാനമെടുത്തത്. ഗൾഫ് രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളും അന്വേഷിച്ചു. പക്ഷേ ചെലവ് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. വിദേശ ജോലി തേടൽ തുടർന്നുകൊണ്ടിരിക്കുമ്പോഴാണ് മലയാളിയായ ഒരാളുടെ തന്നെ ഏജൻസി നാട്ടിൽ പ്രവർത്തിക്കുന്നത് ഒരു സുഹൃത്ത് വഴി അറിയുന്നത്. നേരിൽപ്പോയി ഏജന്റിനെ കണ്ട് സംസാരിച്ചു. മലേഷ്യയിലേക്ക് വിസിറ്റിങ് വിസക്ക് പോയി അവിടെ ചെന്ന് വർക്ക് പെർമിറ്റിന് അപേക്ഷിക്കണം. അതായിരുന്നു വഴിത്തിരിവ്. ഏജന്റിന് കൊടുക്കാനടക്കം ഒന്നരലക്ഷത്തോളം രൂപയായിരുന്നു ചെലവ്.

മലേഷ്യ, തായ്‌ലന്റ് ബോർഡർ ഏരിയയിലാണ് ജോലി. തായ്‌ലന്റ് ഇറങ്ങിയ ശേഷം റോഡ് മാർഗം ജോലി സ്ഥലത്തേക്ക് പോകണം. മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കുന്ന കമ്പനിയിൽ പായ്ക്കിങ് ജോലി ആണ്. ഹോട്ടലിലും റെസ്‌റ്റോറന്റുകളിലും സെക്യൂരിറ്റി ജോബും പാർട്ട് ടൈം ആയി കിട്ടും. ജോലി റെഡിയാകുന്നത് വരെ ഏജന്റ് കൂടെയുണ്ടാകും.

2023 ഓഗസ്റ്റ് 5

തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ ഹരിദാസ് 2023 ഓഗസ്റ്റ് 5നാണ് മലേഷ്യയിലേക്ക് ജോലിക്കായി പോകുന്നത്. അതിനുമുൻപ് ഒന്നര വർഷത്തോളം നീണ്ട അന്വേഷണങ്ങൾ. എവിടെയൊക്കെ പോകാൻ അവസരമുണ്ട്, ജോലി സാധ്യത, ചെലവ് ഇതെല്ലാം. പല ഏജൻസികളോടും ബന്ധപ്പെട്ടു. വാട്‌സാപ്പ്, ടെലഗ്രാം ഗ്രൂപ്പുകളിലും വാർത്തകളിലും ശ്രദ്ധിച്ചു. റിക്രൂട്ട്‌മെന്റ് ഏജൻസികളോടും ചോദിച്ചു. അങ്ങനെയാണ് മലേഷ്യയിലേക്കുള്ള തൊഴിൽ അവസരം തേടിയെത്തുന്നത്. ആ യാത്രയെ കുറിച്ചും പിന്നീട് എന്ത് സംഭവിച്ചുവെന്നതിനെ കുറിച്ചും ഹരിദാസ് സംസാരിക്കുന്നു:

‘ചിലവ് അടക്കമുള്ള കാര്യങ്ങൾ അനുകൂലമായപ്പോൾ മലേഷ്യൻ യാത്ര സ്വപ്‌നം കണ്ടു. പല തവണയായി ഒരു ലക്ഷം രൂപയാണ് കൊടുക്കേണ്ടിവന്നത്. മലേഷ്യയിലെത്തിയ ശേഷം ഏജന്റിന് കൊടുക്കാനുള്ള 25000 രൂപയും കയ്യിൽ കരുതി. 15, 20 ദിവസം കൊണ്ട് കാര്യങ്ങളെല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലായിരുന്നു. അവസാന ദിവസം ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപ് ഏജന്റ് വിളിച്ചു. മലേഷ്യ, തായ്‌ലന്റ് ബോർഡർ ഏരിയയിലാണ് ജോലിയെന്നും തായ്‌ലന്റ് ഇറങ്ങിയ ശേഷം ബൈറോഡ് പോകുന്നതാണ് നല്ലതെന്നും പറഞ്ഞു. തായ്‌ലന്റ് എക്‌സ്‌പ്ലോർ ചെയ്യാമെന്നും കരുതി. പോകാമെന്നും വാഗ്ദാനം ചെയ്തു. മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കുന്ന കമ്പനിയിൽ പായ്ക്കിങ് ജോലി ആണ്. ഹോട്ടലിലും റെസ്‌റ്റോറന്റുകളിലും സെക്യൂരിറ്റി ജോബും .. ജോലി റെഡിയാകുന്നത് വരെ ഏജന്റ് കൂടെയുണ്ടാകുമെന്നും നമ്മളെ ഫുൾ സെറ്റ് ആക്കിയ ശേഷമേ അയാൾ തിരിച്ചുപോകൂ എന്നും പറഞ്ഞു.

ഒരു രാത്രിയാണ് തായ്‌ലന്റിൽ എത്തുന്നത്. കൂടെ ജോലി ആവശ്യത്തിന് തന്നെയെത്തിയ മറ്റൊരു യുവാവുമുണ്ട്. യാത്രയ്ക്ക് ശേഷം മൂവരും ഹോട്ടലിൽ തങ്ങി. പിറ്റേ ദിവസം വൈകുന്നരം അഞ്ച് മണിയോടെ തായ്‌ലന്റ് മലേഷ്യൻ അതിർത്തിയിലുള്ള മലേഷ്യൻ എംബസിയിലെത്തി. എംബസി അടച്ചിരുന്നു. നാളെ എത്താമെന്ന് തീരുമാനിച്ചതിനെ തുടർന്ന് പിറ്റേന്ന് രാവിലെ ടാക്‌സിക്കാരൻ എത്തി കൂട്ടിക്കൊണ്ടുപോകുമെന്നും ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി മലേഷ്യയിലേക്ക് പോകാമെന്നും ഏജന്റ് പറഞ്ഞ് വിശ്വസിപ്പിച്ചു. അന്നും ഹോട്ടലിൽ സ്‌റ്റേ. പറഞ്ഞതുപോലെ രാവിലെ ആറരയോടെ ടാക്‌സിക്കാരനും ഏജന്റും കൂടെ ഒരു സ്ത്രീയുമെത്തി. സ്ത്രീയെ കാറിനുള്ളിൽ സ്ഥലമിത്താത്തിനാൽ പിറകിലുള്ള വാഹനത്തിൽ എത്തുമെന്ന് അറിയിക്കുന്നു. ഹോട്ടൽ വെക്കേറ്റ് ചെയ്ത് ഇറങ്ങുമ്പോൾ ഒരു പാകിസ്താനിയും ഒപ്പമുണ്ടായിരുന്നു. പ്രധാന റോഡിലൂടെ പൊയ്‌ക്കോണ്ടിരുന്ന ടാക്‌സി പെട്ടന്നാണ് ഇടവഴിയിലേക്ക് വെട്ടിച്ചുകയറിയത്. വാഹനം ചെന്ന് നിർത്തിയത് ഒരു പുഴയോരത്താണ്.

(ആടുജീവിതങ്ങൾ, അക്കരെ കുടുങ്ങുന്ന മലയാളി പരമ്പര തുടരും)

Story Highlights : Hidden pitfalls in Malaysia for job seekers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here