Advertisement

അർമേനിയ സ്വപ്നം നെയ്തു കൊടുത്ത ഏജൻ്റ് തട്ടിയത് 4 ലക്ഷം, കിട്ടുന്ന പണി ഒന്നും പോരാതെ മലയാളി

April 18, 2024
Google News 2 minutes Read

തൃശൂർ സ്വദേശിയായ സൂരജ് ഏജൻ്റിൻ്റെ വാക്ക് വിശ്വസിച്ചാണ് അർമേനിയ വഴി യുകെയിലേക്ക് പോകാൻ പദ്ധതിയിട്ടത്. തിരുവനന്തപുരം സ്വദേശിയായ ഏജൻ്റാണ് അർമേനിയ വഴി സൂരജിനെ യുകെയിലെത്തിക്കാമെന്ന് വാക്ക് നൽകിയത്. ഇതിനായി നാല് ലക്ഷത്തോളം രൂപ ഈ ഏജൻ്റ് കൈപ്പറ്റുകയും ചെയ്തു. യുകെ സ്വപ്നം കണ്ട് അർമേനിയയിൽ എത്തിയ സൂരജിനെ കാത്തിരുന്നത് ദുരിതവും മരണവുമായിരുന്നു. അർമേനിയയിൽ എത്തിയപ്പോഴാണ് ഏജൻ്റ് ചതിച്ചതാണെന്ന് സൂരജ് തിരിച്ചറിഞ്ഞത്. തന്നെപ്പോലെ ചതിക്കപ്പെട്ട നിസഹായരായ മലയാളികളടക്കമുള്ള നൂറുകണക്കിന് ഇന്ത്യക്കാർ അവിടെയുണ്ടെന്ന് മനസ്സിലാക്കിയ വെറും 27 വയസ്സുമാത്രം പ്രായമുള്ള സൂരജ് തകർന്നുപോയിരിക്കണം.

ചതിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞിട്ടും തോൽക്കാൻ മനസില്ലാതെ സൂരജ് ഒരു വരുമാനത്തിനായി ഡ്രൈവർ ജോലി ചെയ്യാനും തയ്യാറായിരുന്നു. പലപ്പോഴും ഇതിന് കൃത്യമായ ശമ്പളം പോലും ലഭിക്കാറില്ല. യൂറോപ്പില്‍ എത്തിക്കാം എന്ന ഏജന്‍സിയുടെ വാഗ്ദാനം ഒരിക്കലും നടക്കാന്‍ പോകുന്നില്ല എന്ന് സൂരജ് അടക്കമുള്ള ചെറുപ്പക്കാര്‍ ഏറെ വൈകിയാണ് തിരിച്ചറിഞ്ഞത്. ഇതേത്തുടർന്നാണ് ചതിയിൽപ്പെട്ട കുറച്ചുപേർ ഏജൻസിയെ സമീപിച്ചതും. എന്നാൽ എന്തിനും തയ്യാറായ, മാഫിയ സംഘം ഇവരെ ആക്രമിക്കുകയും സൂരജ് കുത്തേറ്റ് മരിക്കുകയും ചെയ്തു. സംഘട്ടനത്തിൽ ഒട്ടേറെപ്പേർക്ക് പരിക്കേറ്റിരുന്നു. ആക്രമണദൃശ്യങ്ങൾ ടിക്ടോക്കിലൂടെ പ്രചരിക്കുകയും ചെയ്തു.

Read Also: കംബോഡിയയിൽ സൈബർ അടിമയായി മലയാളിയും

യുകെയിലേക്ക് കടക്കാൻ വേണ്ടി കുറുക്കുവഴി കണ്ടെത്തുന്നവരാണ് ഇത്തരം മാഫിയ സംഘങ്ങളുടെ വലയിൽപ്പെടുന്നത്. അർമേനിയ, മാൾട്ട തുടങ്ങിയ രാജ്യങ്ങൾ വഴിയാണ് മനുഷ്യക്കടത്ത് സാധ്യമാകുന്നത്. എങ്ങനെയെങ്കിലും നാടുകടന്നാൽ മതി എന്ന മോഹവുമായി നടക്കുന്ന യുവാക്കളെ കൃത്യമായി ഇത്തരം സംഘങ്ങൾ വലയിലാക്കും. തിരുവനന്തപുരം സ്വദേശികളായ മറ്റ് ചില യുവാക്കളും ചതിയിൽപ്പെട്ട് അർമേനിയയിൽ എത്തിയിരുന്നു. ചില അന്താരാഷ്ട്ര സംഘടനകളുടെ സഹായത്തോടെയാണ് ഇവർ സുരക്ഷിതരായി നാട്ടിലെത്തിയത്.

അർമേനിയ, യൂറോപ്പിലേക്കുള്ള വാതിൽ

യൂറോപ്യൻ വൻകരയോട് ചേർന്നുള്ള രാജ്യമാണ് അർമേനിയ. രാജ്യത്തൂടെ കാലങ്ങളായി മനുഷ്യക്കടത്ത് നടക്കുന്നുണ്ട്. യുറോപ്യൻ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വർദ്ധിച്ചതോടെ ഏജൻസികളും അർമേനിയൻ സംഘങ്ങളും അഴിമതിക്കാരായ ചില ഉദ്യോഗസ്ഥരും ചേർന്നാണ് ഈ തട്ടിപ്പ് നടത്തുന്നത്. ‘ഭാഗ്യമുള്ള’ ഇന്ത്യക്കാർ അൻധകൃതമായി ഈ മാർഗത്തിലൂടെ യൂറോപ്പിൽ എത്തിയിട്ടുണ്ടാകാം. എന്നാൽ അർമേനിയയിൽ കുടുങ്ങിപ്പോയവരാണധികവും.

ഏജൻ്റുമാർ ഇരകളെ വിസിറ്റിങ് വിസയിലാണ് അർമേനിയയിലേക്ക് അയക്കുന്നത്. എന്നാൽ ഇമിഗ്രേഷൻ നടപടികൾ അവസാനിക്കുന്നതോടെ മടക്കടിക്കറ്റ് ക്യാൻസലാക്കും. ഇതോടെ ഇര അർമേനിയയിൽ കുടുങ്ങും. ഇത്തരത്തിൽ വിസ കാലാവധി കഴിഞ്ഞ ഒരുപാട് മലയാളികളടക്കമുള്ള ഇന്ത്യക്കാരെ യെരേവാൻ വിമാനത്താവളത്തിൽ കാണാനാകും. ഡിപോർട്ട് ചെയ്തതായി പാസ്പോർട്ടിൽ രേഖപ്പെടുത്താതിരിക്കാൻ വലിയ തുക പിഴയായി കെട്ടിവെയ്ക്കേണ്ടി വരും. ഡിപോർട്ട് ചെയ്തതായി പാസ്പോർട്ടിൽ മുദ്രവെച്ചാൽ പിന്നീട് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതിന് ഇത് തടസ്സമാകും. പിഴയിനത്തിൽ അർമേനിയൻ സർക്കാരിന് വലിയ തുക വരുമാനമായി ലഭിക്കുന്നുണ്ട്. അതിനാൽത്തന്നെ വ്യാജ തൊഴിൽ മാഫിയയ്ക്ക് അധികൃതരുടെ ഭാഗത്തുനിന്നും വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വരാറില്ല. ആളുകൾ ടൂറിസ്റ്റ്, വിസ്റ്റിങ് വിസയിൽ പോകുന്നതിനാൽ ഇന്ത്യൻ സർക്കാരിനും പരിമിതികളുണ്ട്.

തൊഴിൽത്തട്ടിപ്പിൽ യുകെയിലെത്തി കുടുങ്ങിയത് 380 നഴ്സുമാർ

കൊച്ചിയിലെ അഫിനിക്സ് എന്ന റിക്രൂട്ട്മെൻ്റ് ഏജൻസി വഴിയാണ് 380 മലയാളി നഴ്സുമാർ യുകെയിലെത്തിയത്. വിസ, വിമാന ടിക്കറ്റ്, താമസം തുടങ്ങി വിവിധ കാരണങ്ങൾ കാണിച്ച് 15 ലക്ഷത്തോളം രൂപയാണ് നഴസുമാർക്ക് ചെലവായത്. ഉള്ളത് വിറ്റുപെറുക്കിയും ലോൺ എടുത്തുമൊക്കെയാണ് ഭൂരിഭാഗം പേരും യുകെയിലെത്തിയത്. ആതുരസേവനരംഗത്തെ പ്രമുഖരായ കാംബിയൻ ഗ്രൂപ്പായിരുന്നു ഇവർക്ക് ജോലി വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ യുകെയിലെത്തിയ നഴ്സുമാർക്ക് നിയമനം കിട്ടിയില്ലെന്നു മാത്രമല്ല, താമസവും ഭക്ഷണവുമില്ലാതെ കുടുങ്ങിപ്പോവുകയും ചെയ്തു. സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റുകളും വർക്ക് വിസയുമായാണ് ഇവർ യുകെയിലെത്തിയത്. എന്നിട്ടും റിക്രൂട്ടർ പറഞ്ഞരീതിയിലുള്ള മികച്ച ശമ്പളത്തോടെയുള്ള ജോലി ഇവർക്ക് ലഭിച്ചില്ല. ഉന്നത വിദ്യാഭ്യസവും നഴ്സിങ ജോലിയിൽ എക്സ്പീരിയൻസുമുള്ള നഴ്സുമാരാണ് യുകെയിൽ പട്ടിണിയിലായത്. നാട്ടിലും കടങ്ങൾ കുമിഞ്ഞുകൂടി. ചിലരെ കാംബിയൻ ഗ്രൂപ്പ് ജോലിക്കെടുത്തെങ്കിലും വാഗ്ദാനം ചെയ്ത ശമ്പളം നൽകിയില്ല. കൂടാതെ ഇവർക്ക് അപ്പോയിൻ്റ്മെൻ്റ് ലെറ്ററോ കോൺട്രാക്ട് പേപ്പറുകളോ നൽകിയിട്ടില്ല. ഇവരെ യുകെയിലേക്ക് അയച്ച കൊച്ചിയിലെ സ്ഥാപനം ഇപ്പോഴും ഇവിടേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതായും ആരോപണമുണ്ട്.

Read Also: മരുഭൂമി മുതല്‍ യുദ്ധഭൂമി വരെ

ജോലിത്തട്ടിപ്പിൽ മ്യാൻമറിൽ കുടുങ്ങിയത് മുപ്പതിലധികം മലയാളികൾ

ഡാറ്റാ എൻട്രി ജോലിക്കെന്നും പറഞ്ഞാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നും അഞ്ഞൂറോളം ഇന്ത്യക്കാരെ തായ്‌ലൻഡിലേക്ക് റിക്രൂട്ട് ചെയ്തത്. ഇവിടെ എത്തിയ ശേഷമാണ് ആളുകലെ മ്യാൻമറിലേക്ക് മാറ്റിയത്. സൈബർ തട്ടിപ്പ് നടത്താനായിരുന്നു ഇവരെ ഉപയോഗിച്ചത്. ജോലിയിൽ താൽപര്യമില്ലെന്നു പറഞ്ഞവരെ മർദ്ദിക്കുകയും നിർബന്ധിത് ജോലിക്ക് വിധേയരാക്കുകയും ചെയ്തു. സായുധ സംഘത്തിൻ്റെ കാവലിലായിരുന്നു എപ്പോഴുമെന്ന് ഇവിടെനിന്ന് രക്ഷപെട്ടെത്തിയവർ പറയുന്നു. കടവിലക്കപ്പെട്ട ഒരാൾ ഇന്ത്യൻ എംബസ്സിയിലേക്ക് മെയിൽ അയച്ചതോടെയാണ് പ്രശ്നങ്ങളെക്കുറിച്ച് പുറലോകമറിയുന്നത്. ചിലരുടെ കയ്യിൽ നിന്നും മോചനദ്രവ്യം വാങ്ങിയാണ് മാഫിയ സംഘം വിട്ടയച്ചത്. മ്യാൻമർ ഭരണകൂടത്തിൻ്റെ സഹായത്തോടെ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ മോചിപ്പിച്ച് ഇന്ത്യയിലെത്തിച്ചു.

മനുഷ്യക്കടത്തിനും വ്യാജ തൊഴിൽ വാഗ്ജദാനങ്ങൾ നൽകി മരണമുഖത്തേക്ക് രാജ്യത്തെ പൗരന്മാരെ അയക്കുന്നതിന് ചുക്കാൻ പിടിക്കുന്ന ഇന്ത്യൻ ഏജൻസികൾക്കതിരെയും ഏജൻ്റുമാർക്കെതിരെയും മാതൃകാപരമായി നടപടികൾ സ്വീകരിച്ചാൽ മാത്രമേ ഇത്തരം തട്ടിപ്പുകളെ ചെറുക്കാനാവു. ജോലി വാഗ്ദാനം നൽകിയുള്ള തട്ടിപ്പ് വിവിധ രൂപത്തിൽ തുടരുക തന്നെ ചെയ്യും. വിദേശത്തു നിന്ന് വരുന്ന തൊഴിലവസരങ്ങൾ സ്വീകരിക്കുന്നതിന് മുമ്പ് വിശദമായി അന്വേഷണം നടത്തേണ്ടതുണ്ട്. കൃത്യമായ രേഖകളും വിവരങ്ങളും വെളിപ്പെടുത്താത്ത ജോലികൾ സ്വീകരിക്കാതിരിക്കുക എന്നത് മാത്രമാണ് ഇത്തരം തട്ടിപ്പിൽ കുടുങ്ങാതിരിക്കാനുള്ള ഏക പോംവഴി.

വ്യാജ തൊഴിൽ വാഗ്ദാനങ്ങളും തട്ടിപ്പുകളും എങ്ങനെ തിരിച്ചറിയാം ? (തുടരും)

Story Highlights : Fake overseas jobs and illegal recruitment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here