അയോധ്യയില്‍ ക്ഷേത്ര നിര്‍മ്മാണത്തിനുള്ള കല്ലുകള്‍ എത്തി, കേന്ദസര്‍ക്കാര്‍ അനുമതിയുണ്ടെന്ന് വി.എച്.പി

വര്‍ഷങ്ങളായി എരിയുന്ന കനലുകളിലേക്ക് തീ പടര്‍ത്തി രാമജന്മ ഭൂമി വിവാദം വീണ്ടും പുകയുന്നു. രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള കല്ലുകള്‍ ഇറക്കിയാണ് വിശ്വ ഹിന്ദു പരിഷത്ത് അയോധ്യയില്‍ സജീവമാകുന്നത്. വി.എച്ച്.പി. യുടെ ഉടമസ്ഥതയിലുള്ള അയോധ്യയിലെ രാമസേവക പുരത്ത് രണ്ട് ലോഡ് കല്ലുകളാണ് ഇറക്കിയിട്ടുള്ളത്. കൂടാതെ ശിലാപൂജയും നടത്തി. കേന്ദ്രത്തില്‍നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്നാണ് വി.എച്.പി. നേതാവ് മഹന്ദ് നിത്യഗോപാല്‍ ദാസ് പറഞ്ഞത്.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംഭവം നിരീക്ഷിച്ചുവരികയാണ്. പ്രദേശത്തെ മത സൗഹാര്‍ദ്ദം തകര്‍ക്കുന്ന ഒരു നടപടിയും അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചു.
ക്ഷേത്ര നിര്‍മ്മാണത്തിന് ആവശ്യമായ കല്ലുകള്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍നിന്ന് ശേഖരിക്കുമെന്ന് ആറ് മാസങ്ങള്‍ക്ക് മുമ്പെ വി.എച്.പി. പ്രഖ്യാപിച്ചിരുന്നു. 2.25 ലക്ഷം ക്യൂബിക് അടി കല്ലാണ് ക്ഷേത്ര നിര്‍മ്മാണത്തിന് ആവശ്യം. ഇതില്‍ 1.25 ക്യൂബിക് അടി കല്ലുകള്‍ ശേഖരിച്ച് കഴിഞ്ഞു എന്ന് വി.എച്.പി. വക്താവ് ശരദ് ശര്‍മ പറഞ്ഞു.
അയോധ്യയിലെ തര്‍ക്ക ഭൂമി മൂന്നായി വിഭജിച്ച് ക്ഷേത്ര നിര്‍മ്മാണത്തിനും പള്ളി നിര്‍മ്മാണത്തിനും അനുവദിക്കണമെന്ന് 2010 ല്‍ അലഹബാദ് ഹൈക്കോടതി വിധിച്ചിരുന്നു. എന്നാല്‍ അപ്പീല്‍ പരിഗണിച്ച സുപ്രീംകോടതിഈ വിധി സ്‌റ്റേ ചെയ്തിരിക്കുകയാണ്. ഇതിനിടയിലാണ് ഇങ്ങനെയൊരു നടപടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here