ഇവിടെ ഒരു ഗ്രാമം ഉണ്ടായിരുന്നു!!

ഓരോ വേനലും തെന്മലയ്ക്ക് ഗൃഹാതുരതയുടെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. വേനൽ കടുത്ത് വെള്ളം വറ്റുമ്പോൾ തെന്മല ഡാമിൽ നിന്ന് പഴയ തിരുവനന്തപുരം ചെങ്കോട്ട പാതയും കളംകുന്ന് ഗ്രാമവും കാഴ്ചകളിലേക്ക് വരും.1986ൽ ഡാം കമ്മീഷൻ ചെയ്തതോടെ കളംകുന്നടക്കം അഞ്ച് ഗ്രാമങ്ങൾ വെള്ളത്തിനടിയിലാവുകയായിരുന്നു.സ്ഥലം സർക്കാർ ഏറ്റെടുത്തു തുടങ്ങിയ 1970-72 കാലത്ത് തന്നെ ജനങ്ങൾ ഇവിടെ നിന്ന് ഒഴിഞ്ഞ് പോയിരുന്നു.എങ്കിലും ഇപ്പോഴും അവരുടെ ഓർമ്മകളിൽ പഴയകാലം മായാതെയുണ്ട്.
കളംകുന്ന് കവലയ്ക്ക് നടുവിലൂടെയായിരുന്നു ചെങ്കോട്ടപ്പാത കടന്നുപോയിരുന്നത്. ചായക്കടയും പലചരക്ക് കടകളുമൊക്കെയുണ്ടായിരുന്ന കവലയിലായിരുന്നു പഴമയുടെ പതിവുശീലങ്ങളിൽ ഒന്നായ ആനമാർക്ക് തീപ്പെട്ടിക്കമ്പനിയും.പരപ്പാറിനു കുറുകെയുണ്ടായിരുന്ന പാലവും ഡാമിലെ വെള്ളം താഴ്ന്നതോടെ ദൃശ്യമായിട്ടുണ്ട്. പ്രവേശനം നിഷേധിച്ചിട്ടുള്ള ഇടമാണെങ്കിലും നിരവധി പേരാണ് കാട്ടുവഴികളിലൂടെ ഇവിടേക്ക് എത്തുന്നത്.
1887ൽ പണികഴിപ്പിച്ച സായിപ്പൻ ബംഗഌവും വേനൽക്കാലമാവുന്നതോടെ ഡാമിൽ നിന്ന് പ്രൗഢിയോടെ തലയുയർത്തും. തെന്മല ചെക്ക്ഡാമിൽ നിന്ന് 4 കിലോമീറ്റർ ദൂരം കാട്ടിനുള്ളിലൂടെ സഞ്ചരിച്ചാൽ ബംഗഌവിലെത്താം. കണ്ണാടിബംഗഌവെന്നും ഇതിന് പേരുണ്ടായിരുന്നു.ഡാം കമ്മീഷൻ ചെയ്തതോടെ വെള്ളത്തിലായ ബംഗഌവ് 29 വർഷങ്ങൾക്ക് ശേഷം 2013ലാണ് ആദ്യമായി ഉയർന്നുവന്നത്. ആ കൗതുകക്കാഴ്ച കാണാൻ അന്നും നിരവധി പേർ എത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here