ആറന്മുള വീണയ്ക്കു മുന്നില്‍ വീഴുമോ?

പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് ചിത്രത്തിലേക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മാധ്യമപ്രവര്‍ത്തകയുമായ വീണാ ജോര്‍ജ്ജിന്റെ ചിത്രം വ്യക്തമാകുന്നത് തെരഞ്ഞടുപ്പ് അടുക്കുന്നതിനും എത്രയോ മുമ്പാണ്. എങ്കിലും ദിവസങ്ങള്‍ നീണ്ട ആഴയക്കുഴപ്പം വീണയുടെ സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ചുണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ ഏഴോളം പേരുകളാണ് സംസ്ഥാന സെക്രട്ടറിയേറ്റിന് പാര്‍ട്ടി ജില്ലാ ഘടകം സമര്‍പ്പിച്ചിരുന്നത്. മുന്‍ എം.ല്‍.എ കെ.സി രാജഗോപാല്‍ ,സാമൂഹിക പ്രവര്‍ത്തക എം.എസ് സുനില്‍, ഓമല്ലൂര്‍ ശങ്കരന്‍ തുടങ്ങിയ പേരുകള്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിന്റെ അവസാന ലാപ്പ് വരെ കേട്ടിരുന്നു. ഏറ്റവും ഒടുവിലാണ് പാര്‍ട്ടി വീണാ ജോര്‍ജ്ജിന്റെ പേര് പുറത്ത് വിട്ടത്.

വി.എസ് അച്യുതാനന്ദന്റെ മന്ത്രി സഭ മുതല്‍ കേരളം അനുകൂലമായും പ്രതികൂലമായും കണ്ട ആറന്മുള വിമാനപദ്ധതിയടക്കമുള്ള കാര്യങ്ങളാണ് വീണാ ജോര്‍ജ്ജിനു ജയിച്ചുവന്നാല്‍ മുന്നിലുള്ള പല വെല്ലുവിളികളിലൊന്ന്. വികസനത്തെ മുന്‍ നിര്‍ത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നാണ് വീണ പറയുന്നത്. പത്തനംതിട്ടയില്‍ വിമാനത്താവളം വരണം എന്നാല്‍ അത് പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ ആകരുതെന്നാണ് വീണാ ജോര്‍ജ്ജിന്റെ പക്ഷം. ആറന്മുളയില്‍ ജനിച്ച് വളര്‍ന്ന വീണയ്ക്ക് പ്രചാരണരംഗത്തെത്തി ദിവസങ്ങള്‍ക്കുള്ളില്‍ തനിയ്ക്കെതിരെ ഉയര്‍ന്ന പ്രതിഷേധത്തിനും അപ്പുറത്തേക്ക് ജനസമ്മിതി നേടാനായി. ആറന്മുളയില്‍ പാര്‍ട്ടി ചിഹ്നത്തിലാണ് വീണ മത്സരിക്കുന്നത്.

2006 ലും 2011 ലും ഇവിടെനിന്ന് ജയിച്ച ശിവദാസന്‍ നായരാണ് ഇവിടുത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍  1.40 ലക്ഷം വോട്ടുകള്‍ നേടിയ എം.ടി രമേശിനെയാണ് എന്‍.ഡി.എ ഇറക്കിയിരിക്കുന്നത്. ഇതോടെ കേരളത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലമായി ഇത്. തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രകടനം ഇവിടെ തുല്യനിലയിലാണ്. ആറന്മുള, മെഴുവേലി, ഇരവിപേരൂര്‍, കോഴഞ്ചേരി, ഓമല്ലൂര്‍ എന്നിവ ഇടത് ഭരണത്തിലാണ്. പത്തനംതിട്ട നഗരസഭ, കോയിപ്രം, തോട്ടപ്പുഴശേരി, ഇലന്തൂര്‍, ചെന്നീര്‍ക്കര എന്നിവ ഐക്യമുന്നണിക്ക്. മല്ലപ്പുഴശേരിയില്‍ ജനതാദള്‍ യുണൈറ്റഡും കുളനടയില്‍ സ്വതന്ത്രനും ഭരിക്കുന്നു. മിക്ക പഞ്ചായത്തുകളിലും പ്രത്യേകിച്ച് കുളനടയില്‍ ബി.ജെ.പി. മികച്ച മുന്നേറ്റം കാഴ്ചവെച്ചു. ബ്ലോക്കംഗത്തേയും ചരിത്രത്തിലാദ്യമായി അവര്‍ വിജയിപ്പിച്ചു. കോഴഞ്ചേരി, കോയിപ്രം, ഇലന്തൂര്‍, കുളനട ജില്ലാ പഞ്ചായത്ത് സീറ്റുകള്‍ യു.ഡി.എഫാണ് നേടിയത്.

2006ല്‍ 6250വോട്ട് നേടിയ ബി.ജെ.പി. 2011ല്‍ അത് 10227 വോട്ടായി വര്‍ദ്ധിപ്പിച്ചു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 23771 വോട്ട് ബി.ജെ.പി. നേടിയത് രാഷ്ട്രീയനിരീക്ഷകരെപ്പോലും അമ്പരപ്പിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top