Advertisement

പൊടിഞ്ഞത് 100 കോടി ; തൊട്ടടുത്ത ദിവസം എങ്കിലും ആരെങ്കിലും യോഗ തുടർന്നോ ?

June 29, 2016
Google News 1 minute Read

പൊതുജനങ്ങളിൽ യോഗയുടെ മഹത്വം , അതിന്റെ ആരോഗ്യ ഗുണങ്ങൾ എന്നിവയെ സംബന്ധിച്ച ബോധമുണർത്തുന്നതിന് ഒരൊറ്റ ദിവസം ഭാരതം ചിലവഴിച്ചത് 100 കോടിയിലധികം രൂപ. ജൂൺ 21 നായിരുന്നു യോഗാ ദിനം. കേന്ദ്ര -സംസ്ഥാന സർക്കാരുകൾ മാത്രം ചിലവഴിച്ചതിന്റെ ഏകദേശ കണക്കുകൾ പ്രകാരമാണ് 100 കോടി രൂപയിലധികം ഒറ്റ ദിവസം പൊടിഞ്ഞതായി കാണുന്നത്. എന്നാൽ ചിലവിന്റെ പൂർണ്ണ കണക്കുകൾ എത്തുമ്പോൾ തുക 150 കോടി കടക്കുമെന്നാണ് ഔദ്യോഗിക സൂചനകൾ. കേന്ദ്രം മാത്രം ചിലവഴിച്ചത് 50 കോടി രൂപയാണ്.

കേന്ദ്ര പ്രോട്ടോകോൾ പ്രകാരം നടത്തിയ പരിപാടി രാജ്യത്തെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും ഉണ്ടായിരുന്നു. ഒരൊറ്റ ദിവസം കൊണ്ടു 100 കോടി രൂപ പൊടിച്ചതിന്റെ അനന്തര നടപടികൾക്ക് കൃത്യമായ രൂപവും ഇല്ല. തുടർച്ചയായി യോഗ ഏർപ്പെടുത്താൻ കഴിഞ്ഞത് സ്‌കൂൾ പാഠ്യ പദ്ധതിയിൽ മാത്രമാണ്. കേന്ദ്രീയ വിദ്യാലയങ്ങൾ ഒഴികെ പല സ്‌കൂളുകളിലും ഒരു യോഗ ഇൻസ്ട്രക്ടർക്ക് ശമ്പളം കൊടുക്കുന്നതിൽ കവിഞ്ഞ് ഇക്കാര്യത്തിൽ ഒരു ബോധവും ആർക്കും ഉണ്ടായിട്ടുമില്ല. ഉദ്ഘാടനത്തിന് ചാനൽ കാമറകൾക്ക് മുന്നിൽ നടത്തുന്ന പ്രകടനം അല്ലാതെ നിത്യേന യോഗ ചെയ്യുന്ന മന്ത്രിമാർ പോലും ഉണ്ടെന്നും തോന്നുന്നില്ല.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയുഷ്‌ മന്ത്രാലയം സംഘടിപ്പിച്ച പരിപാടികളുടെ ചെലവുകളാണിത്‌. ഇതിൽ പകുതിയോളം തുക വിവിധ മാധ്യമങ്ങളിൽ നൽകിയ പരസ്യങ്ങളുടെയും മറ്റ്‌ പ്രചാരണപ്രവർത്തനങ്ങളുടെയും ചെലവാണ്‌. വിദേശരാജ്യങ്ങളിലടക്കം സംഘടിപ്പിക്കപ്പെട്ട പരിപാടികളിൽ യോഗദിനത്തിനായി തയ്യാറാക്കിയ ടീ ഷർട്ട്‌, തൊപ്പി, പായ തുടങ്ങിയവയുടെ ചെലവ്‌ വഹിച്ചതും ആയുഷ്‌ വകുപ്പാണ്‌.

yoga

മാധ്യമങ്ങളിൽ പരസ്യം നൽകിയത് ചിലവിന്റെ പകുതിയോളം കയ്യടക്കി

യോഗ ദിന ടീ ഷർട്ട് ചിലവിൽ രണ്ടാം സ്ഥാനത്ത്

യോഗാ മാറ്റുകൾ (പായ) ചിലവിന്റെ കാര്യത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി

ലഘു ലേഖകൾ , സ്ലിപ്പുകൾ, രെജിസ്ട്രേഷൻ നടപടികൾ , സ്റ്റേഷനറി ചിലവുകൾ

യോഗാ ദിന സന്ദേശം പതിപ്പിച്ച ആയുഷ്‌ മന്ത്രാലയത്തിന്റെ തൊപ്പിയും മത്സരത്തിന്

കേന്ദ്രമന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികളുടെ സുരക്ഷാചെലവുകൾ കൂടി കണക്കിലെടുത്താൻ തുക ഇതിലുമേറും. 57 കേന്ദ്രമന്ത്രിമാർ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നടന്ന പരിപാടികളിൽ പങ്കെടുത്തിരുന്നു. സംസ്ഥാന സർക്കാരുകൾ സംഘടിപ്പിച്ച പരിപാടികളിലും സുരക്ഷയുള്ള വി ഐ പി കളുടെ സാന്നിധ്യം ഉണ്ടായിരുന്നു.

ഇതു സർക്കാർ പൊതു ചിലവുകൾ മാത്രം. രാജ്യത്തെ ആയിരക്കണക്കിന് സ്വകാര്യ സ്ഥാപനങ്ങൾ , വിദ്യാലയങ്ങൾ , സംഘടനകൾ തുടങ്ങി എണ്ണിയാൽ തീരാത്ത യോഗാദിനാചരണം കൂടി ചേർത്തു വച്ചാൽ ഒരു ദിനം രാജ്യത്തിൽ നിന്നും ഒഴുകി മാറിയ തുകയുടെ വലിപ്പം അളക്കാം. ഒഴുക്കിനൊപ്പം നീന്തിയെന്നു ബോധ്യപ്പെടുത്താൻ വിപ്ലവ പാർട്ടികൾ ഉൾപ്പെടെയുള്ള സംഘടനകൾ ചെലവഴിച്ച തുകകൾ വേറെ കൂട്ടണം. രാജ്യത്തെ കമ്മ്യൂണിസ്റ് പാർട്ടികളും , അതിന്റെ യുവജന -മഹിളാ – തൊഴിലാളി പോക്ഷക സംഘടനകളും അന്നേക്ക് മാത്രം യോഗാഅഭ്യാസം നടത്തി.

Narendra Modi

പ്രഥമ അന്താരാഷ്ട്ര യോഗദിനത്തിൽ ആയുഷ്‌ മന്ത്രാലയം ചെലവാക്കിയത്‌ 32.5 കോടി രൂപയായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരാവകാശ ചോദ്യത്തിന്‌ മറുപടിയായാണ്‌ ആയുഷ്‌ മന്ത്രാലയം കണക്ക്‌ വെളിപ്പെടുത്തിയിരുന്നത്‌. പതഞ്ജലി യോഗപീഠ്‌ സംഘടിപ്പിച്ച പരിപാടിയുടെ ചെലവ്‌ കേന്ദ്രസർക്കാർ വഹിക്കില്ലെന്നാണ്‌ സർക്കാർ വൃത്തങ്ങൾ അറിയിച്ചത്‌. എന്നാൽ ആയുഷ്‌ മന്ത്രാലയത്തിന്‌ കീഴിലുള്ള 21 യോഗ ഇൻസ്റ്റിറ്റിയൂട്ടുകളുടെ പരിപാടികളുടെ ചെലവ്‌ കേന്ദ്രം വഹിക്കേണ്ടതായി വരും. ലിബിയ, യെമൻ എന്നീ രാജ്യങ്ങളൊഴികെ ലോകത്താകമാനം 193 രാജ്യങ്ങൾ യോഗദിന പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here