Advertisement

എന്താണ് ഡിഫ്തീരിയ???

July 7, 2016
Google News 1 minute Read

കൊറൈന്‍ ബാക്ടീരിയം ഡിഫ്തീരിയെ എന്ന ഒരു ബാക്ടീരിയ ഉണ്ടാക്കുന്ന ഒരു മാരക രോഗമാണ് ഡിഫ്തീരിയ അഥവാ തൊണ്ടമുള്ള്. ഡിഫ്തീരിയ എന്ന വാക്കിന്റെ അര്‍ത്ഥം മൃഗങ്ങളുടെ തോല് എന്നാണ്. രോഗം ബാധിച്ചവരുടെ തൊണ്ടയില്‍ കാണുന്ന വെളുത്തതോ ചാരനിറത്തിലുള്ളതോ ആയ പാടക്ക് ഇതുമായുള്ള സാമ്യത്തില്‍ നിന്നാണ് ഈ വാക്കിന്റെ ഉദ്ഭവം.

1883-ല്‍ എഡ്വിന്‍ ക്ലെബ്‌സ് ആണ് ഈ രോഗാണുവിനെ ആദ്യമായി സൂക്ഷ്മദര്‍ശിനിയിലൂടെ നിരീക്ഷിച്ചത്. 1884-ല്‍ ഫെഡറിക്ക് ലോഫ്‌ലര്‍ ഇതിനെ പരീക്ഷണശാലയില്‍ വളര്‍ത്തിയെടുത്തു. അതിനാല്‍ ഈ രോഗാണു ക്ലെബ്‌സ് -ലോഫ്‌ലര്‍ ബാസില്ലസ് എന്നറിയപ്പെടുന്നു.

20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബാലമരണങ്ങളുടെ കാരണക്കാരായ രോഗങ്ങളില്‍ നാലാം സ്ഥാനത്തായിരുന്നു ഡിഫ്തീരിയ. വോണ്‍ ബെറിംഗ് എന്ന ശാസ്ത്രജ്ഞനാണ് ഡിഫ്തീരിയക്കെതിരായി ഒരു വാക്‌സിന്‍ വികസിപ്പിച്ചത്. വൈദ്യശാസ്ത്രത്തിനുള്ള ആദ്യത്തെ നോബല്‍ സമ്മാനം (1901 ല്‍) ലഭിച്ചത് ബെറിംഗിനായിരുന്നു. സമ്മാനം സ്വീകരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു, ‘ഈ വാക്‌സിന്‍ കൊണ്ട് ഡിഫ്തീരിയയെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ പറ്റുമോ എന്ന് എനിക്കറിയില്ല, എന്നാല്‍ ചുരുങ്ങിയത് ഇന്ന് പൊരുതാന്‍ നമുക്ക് ഒരായുധമെങ്കിലും ഉണ്ട്’.എന്നാല്‍ ആ വാക്‌സിന്‍ ഉപയോഗിച്ചു തുടങ്ങിയപ്പോള്‍ ഉണ്ടായ മാറ്റം വിസ്മയാവഹമായിരുന്നു.

1920-ല്‍ അമേരിക്കയില്‍ മാത്രം ഒരു ലക്ഷത്തി ഇരുപത്തയ്യായിരം പേരെ ബാധിച്ച് പതിനായിരത്തിലേറെ പേരുടെ മരണത്തിനിടയാക്കിയിരുന്നു ഈ രോഗം. കുത്തിവെപ്പിന്റെ വ്യാപകമായ ഉപയോഗത്തിലൂടെ 1980 ആയപ്പോള്‍ അമേരിക്കയില്‍ ആവര്‍ഷം വെറും 5 പേരെ മാത്രമേ ബാധിച്ചുള്ളൂ എന്നു മാത്രമല്ല,
ഒരാൾ പോലും മരിച്ചതുമില്ല. എന്നാല്‍ വികസ്വര രാജ്യങ്ങളില്‍ ഇന്നും ഈ രോഗം ധാരാളമായി കണ്ടു വരുന്നു. download

മലപ്പുറം ജില്ലയിൽ ഒരു വർഷത്തിനിടെ 4 കുട്ടികളാണ് ഡിഫ്തീരിയ ബാധിച്ച് മരിച്ചത്. സാക്ഷരതയിലും സാമൂഹികാവബോധത്തിലും മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിലാണ് ഈയവസ്ഥ എന്നോർക്കണം. ഡിഫ്തീരിയ നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ 3 – 5 % പേരുടെ തൊണ്ടയില്‍ രോഗാണുക്കളുണ്ടായിരിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. രോഗലക്ഷണങ്ങളുണ്ടാവുകയുമില്ല. ഇവരില്‍ നിന്നോ, രോഗിയില്‍ നിന്നോ ശ്വാസത്തിലൂടെയാണ് രോഗാണു മറ്റുള്ളവരിലേക്ക് പകരുന്നത്. രോഗ പ്രതിരോധശേഷിയില്ലാത്തവരുടെ (കുത്തിവെപ്പ് എടുക്കാത്തവരുടെ) തൊണ്ടയില്‍ രോഗാണു പെരുകുകയും തൊണ്ടയില്‍ ഒരു പാട രൂപപ്പെടുകയും ചെയ്യുന്നു. ഈ പാട ശ്വാസനാളത്തില്‍ നിറഞ്ഞ് ശ്വാസം കിട്ടാതെ മരണം സംഭവിക്കാം.

രോഗാണുവില്‍ നിന്നുണ്ടാകുന്ന ഒരു വിഷവസ്തുവാണ് ഡിഫ്തിരിയ ടോക്‌സിന്‍. ഇത് വിവിധ അവയവങ്ങളില്‍ അടിഞ്ഞുകൂടി അവയുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നു. ഹൃദയത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. ഹൃദയപേശികളുടെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുകയും, ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കുകയുമാണ് ടോക്‌സിന്‍ പ്രധാനമായും ചെയ്യുന്നത്. ഡിഫ്തീരിയ മരണങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കാരണവും ഇതുതന്നെ.

പിന്നീട് പ്രധാനമായും ബാധിക്കുന്നത് ഞരമ്പുകളുടെ പ്രവര്‍ത്തനത്തെയാണ്. കണ്ണുകളുടെ ചലനത്തെ ബാധിക്കാം, തൊണ്ടയിലെ ഞരമ്പുകളെ ബാധിച്ചാല്‍ സംസാരിക്കുന്നത് വ്യക്തമല്ലാതാവുകയും കഴിക്കുന്ന ആഹാരവും വെള്ളവും ശരിക്ക് ഇറക്കാന്‍ പറ്റാതെ ശ്വാസനാളത്തില്‍ കയറി മരണം വരെ സംഭവിക്കുകയും ചെയ്യാം. ദിവസങ്ങളോളം മുക്കിലൂടെ ഇറക്കിയ ട്യൂബ് വഴി ആഹാരം കൊടുക്കേണ്ടി വരും. ശരീരത്തിലെ മറ്റു ഞരമ്പുകളെ ബാധിക്കുമ്പോള്‍ കൈകാലുകളുടെ ചലനശേഷി നഷ്ടപ്പെടുകയും രോഗി പൂര്‍ണ്ണമായും കിടപ്പിലാവുകയും ചെയ്യും. ശ്വസനത്തെ സഹായിക്കുന്ന പേശികളെ നിയന്ത്രിക്കുന്ന ഞരമ്പുകള്‍ തകരാറിലാവുമ്പോള്‍ സ്വന്തമായി ശ്വാസം എടുക്കാന്‍ പറ്റാതാകുന്നു. അനേക നാള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തേണ്ട അവസ്ഥ വരും. രോഗത്തിന്റെ ഏറ്റവും ഭീതിജനകമായ കാര്യം എന്താണെന്നാല്‍ മേല്‍ പറഞ്ഞ എല്ലാ ഭീകരതകളും ഒരേ രോഗിക്കു തന്നെ ഒന്നിനു പിറകേ മറ്റൊന്നായി സംഭവിച്ചേക്കാം എന്നതാണ്. ഒന്നില്‍ നിന്നും രക്ഷപ്പെട്ടു വരുമ്പോള്‍ അടുത്തത് എന്ന നിലക്ക്. മാസങ്ങള്‍ വേണ്ടിവരും പൂര്‍ണ്ണമായും രോഗമുക്തി നേടാന്‍. മരണസാധ്യത 10%ല്‍ കൂടുതലാണ്.download (1)

ചികില്‍സ വളരെ വിഷമകരമാണ്. തൊണ്ടയിലെ പാട എത്രത്തോളം വലുതാണോ, രോഗം അത്രയും ഗുരുതരമായിരിക്കും. വിഷത്തെ നിര്‍വീര്യമാക്കാനുള്ള ആന്റി ടോക്‌സിന്‍ നല്‍കാന്‍ എത്രത്തോളം വൈകുന്നുവോ അത്രയും പ്രശ്‌നം കൂടും. നിര്‍ഭാഗ്യവശാല്‍ ആന്റി ടോക്‌സിന്റെ ലഭ്യത വളരെ കുറവാണ്. രോഗം അപൂര്‍വ്വമായ സ്ഥിതിക്ക് ഈ മരുന്ന് മരുന്നു കമ്പനികളൊന്നും ഉണ്ടാക്കുന്നില്ല എന്നാണറിവ്. ടോക്‌സിന്‍ അവയവങ്ങളില്‍ അടിഞ്ഞു കഴിഞ്ഞാല്‍ പിന്നെ അതിനെ നിര്‍വീര്യമാക്കാന്‍ കഴിയുകയുമില്ല.കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയ സ്ഥിതിക്ക് രോഗം തടയുക എന്നതാണ് ബുദ്ധിയുള്ള ആരും സ്വീകരിക്കുന്ന വഴി. പ്രത്യേകിച്ചും വളരെ വിലക്കുറവുള്ള, ഫലപ്രദമായ, സുരക്ഷിതമായ വാക്‌സിന്‍ സുലഭമായി ഉള്ളപ്പോള്‍. 90%ല്‍ കൂടുതല്‍ പേര്‍ കുത്തിവെപ്പ് എടുത്തിട്ടുള്ള ഒരു സമൂഹത്തില്‍ ഈ രോഗം കാണാനുള്ള സാധ്യത വളരെ കുറവാണ്.

ജനിച്ച് ഒന്നര, രണ്ടര, മൂന്നര മാസങ്ങളിലും ഒന്നര വയസ്സിലും പിന്നെ 5 വയസ്സിലുമാണ് ഈ രോഗത്തിനെതിരായുള്ള കുത്തിവെപ്പ്. തുടര്‍ന്ന് 10 വര്‍ഷം കൂടുമ്പോള്‍ ടിഡി വാക്‌സിന്‍ എന്ന കുത്തിവെപ്പ് എടുക്കുകയാണെങ്കില്‍ പ്രതിരോധശേഷി കുറയാതെ നിലനിര്‍ത്താന്‍ പറ്റും. ഇങ്ങനെ ചെയ്യുകയാണെങ്കില്‍ ഡിഫ്തീരിയ എന്ന രോഗത്തെ നമുക്ക് പൂര്‍ണ്ണമായും അകറ്റി നിര്‍ത്താന്‍ പറ്റും.

ഒരു ഡിഫ്തീരിയ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ മനസ്സിലാക്കേണ്ടത് അനേകം പേരില്‍ രോഗാണുബാധയുണ്ടായിട്ടുണ്ട് എന്നാണ്.അതുകൊണ്ട് തന്നെ എത്രയും വേഗം ഉണർന്നു പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്. പ്രതിരോധകുത്തിവയ്പ്പിന്റെ ആവശ്യകത ജനങ്ങൾ പൂർണമായും മനസ്സിലാക്കി പ്രവർത്തിച്ചില്ലെങ്കിൽ ആ രോഗം വീണ്ടും ശക്തിപ്രാപിക്കുമെന്ന സത്യം മറന്നുപോവരുത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here