കേന്ദ്രത്തിന്റെ നടപടി ദൗർഭാഗ്യകരം. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്

note ban

സൗദിയിൽ ജോലി നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന മലയാളികളെ സന്ദർശിക്കാൻ മന്ത്രി കെ ടി ജലീലിന് അനുമതി നൽകാതിരുന്ന കേന്ദ്രത്തിന്റെ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിന്റെ ഈ ടപടി ദൗർഭാഗ്യകരമാണെന്നാണ് പിണറായി ഫേസ്ബുക്കിൽ കുറിച്ചത്.

കേന്ദ്രത്തിൽ നിന്നുള്ള ഒരു മന്ത്രി അവിടെ പോയതിന് ശേഷം സംസ്ഥാനത്ത് നിന്നുള്ള ഒരു മന്ത്രി അവിടെ പോകുന്നതിനെ എന്തിന് തടഞ്ഞു എന്നത് മനസ്സിലാകുന്നില്ല. അതിന്റെ കാരണം തീർത്തും ദുരൂഹമാണ്, പിണറായി കുറിക്കുന്നു.

പോസ്റ്റിന്റെ പൂർണ്ണ രൂപം

നമ്മുടെ നാട്ടിലാകെ ഉയർന്ന് വന്നിട്ടുള്ള ആശങ്ക കാരണമാണ് മന്ത്രി കെ ടി . ജലീലിനെ സൗദിയിലേക്ക് അയയ്ക്കുവാൻ തീരുമാനിച്ചത്. തൊഴിലെടുക്കുന്നവരിൽ 10% പേരും പ്രവാസികളായിട്ടുള്ള ഒരു സമൂഹമാണ് നമ്മുടേത്. അതിൽ നല്ലൊരു പങ്കും ജീവിക്കുന്ന രാജ്യമാണ് സൗദി. ഈ പ്രശ്നത്തിൽ സൗദിയിലെ ഗവണ്‍മെന്റ് കാണിച്ച താല്പര്യത്തോട് നമുക്ക് നന്ദിയുണ്ട്.

എന്നാൽ ഇവിടെയുള്ള പ്രവാസി കുടുംബങ്ങൾ അത്യധികം ഉൽകണ്ഠയിലാണ്. അതുകൊണ്ടാണ് അവിടെ പോയി കാര്യങ്ങൾ തിരക്കുവാനും മനസ്സിലാക്കുവാനും അവിടെയുള്ള നടപടികൾ നേരിട്ട് അറിയുവാനും ഉള്ള ഒരു സന്ദർശനം നല്ലതാണെന്ന് വെച്ചത്.

അതോടൊപ്പം നിയമനടപടികൾ അവിടെ കൂടുതൽ ത്വരിതപ്പെടുത്തേണ്ടതുണ്ട്. സൗദി അധികൃതർ വേണ്ട കാര്യങ്ങൾ ചെയ്യുന്നുണ്ട് എന്ന് തന്നെയാണ് ഞങ്ങൾ മനസ്സിലാക്കിയിട്ടുള്ളത്. നിയമനടപടികൾ ത്വരിതപ്പെടുത്തുന്നതിന് ചില സഹായങ്ങൾ ഇതിനിരയായവർക്ക് ചെയ്ത് കൊടുക്കേണ്ടതുണ്ട്. അതിനു വേണ്ടിയെല്ലാം കൂടിയാണ് കേരളത്തിൽ നിന്നുള്ള ഒരു മന്ത്രി അവിടെ പോകണമെന്ന് തീരുമാനിച്ചത്.

നിർഭാഗ്യകരമായ നിലപാടാണ് കേന്ദ്ര ഗവണ്‍മെന്റ് ഈ വിഷയത്തിൽ സ്വീകരിച്ചിട്ടുള്ളത്. എന്തുകൊണ്ടാണ് അങ്ങനെയൊരു നിലപാട് കേന്ദ്രസർക്കാർ സ്വീകരിച്ചതെന്ന് മനസ്സിലാകുന്നില്ല. അത്തരമൊരു നിലപാട് സ്വീകരിക്കുവാൻ പാടില്ലായിരുന്നു. എന്നാൽ ഈ പ്രശ്നത്തിൽ കേന്ദ്ര ഗവണ്‍മെന്റ് നടപടികൾ ഒന്നും തന്നെ സ്വീകരിച്ചില്ലായെന്ന പരാതി സംസ്ഥാന ഗവണ്‍മെന്റിനില്ല.

കേരളത്തിലെ പ്രവാസി കുടുംബങ്ങൾക്കുള്ള ഉൽകണ്ഠ പരിഹരിക്കുവാൻ കേരളത്തിൽ നിന്നുള്ള ഒരു മന്ത്രി അവിടെ പോകുന്നതും ഇടപെടുന്നതും സഹായകരമായിരിക്കും. അവർക്ക് നേരിട്ട് പറയുവാനുള്ള പരാതികൾ കേൾക്കുവാനും മനസ്സിലാക്കുവാനും അതുപകരിക്കും.

കേന്ദ്രത്തിൽ നിന്നുള്ള ഒരു മന്ത്രി അവിടെ പോയതിന് ശേഷം സംസ്ഥാനത്ത് നിന്നുള്ള ഒരു മന്ത്രി അവിടെ പോകുന്നതിനെ എന്തിന് തടഞ്ഞു എന്നത് മനസ്സിലാകുന്നില്ല. അതിന്റെ കാരണം തീർത്തും ദുരൂഹമാണ്. അതിന്റെ ഭാഗമായിട്ട് അവർക്ക് രാഷ്ട്രീയ നേട്ടം എന്തെങ്കിലും ലഭിക്കും എന്ന് കാണുന്നില്ല. അത്തരമൊരു നിലപാട് ഈ രാജ്യത്തിന്റെ ഗവണ്‍മെന്റ് എന്ന നിലയിൽ കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിക്കുവാൻ പാടില്ലായിരുന്നു. അതാണ് സംസ്ഥാനത്തിന്റെ ശക്തമായ അഭിപ്രായം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top