മലയാള സിനിമ 2016 – ഒരു ഫ്‌ളാഷ്ബാക്ക്
മലയാള സിനമാ ലോകത്തെ ഒട്ടേറെ അസാധാരണ സംഭവങ്ങൾക്ക് 2016 സാക്ഷ്യം വഹിച്ചു. ഒരു മലയാള സിനിമ ആദ്യമായി നൂറ് കോടി ക്ലബിൽ ഇടം പിടിച്ചതും, തുടക്കം പാളിയ ആക്ഷൻ ഹീറോ ബിജു അസാധാരണമാംവിധം ഉയർത്തെഴുനേറ്റ് 100 ദിവസം തികയ്ച്ചതും ഈ വർഷമായിരുന്നു.
1. പുലിമുരുകന്റെ 100 കോടി
മലയാളത്തിലെ ആദ്യ ‘നൂറുകോടി’ ചിത്രം എന്ന സ്വപ്നം ‘പുലിമുരുകൻ’ യാഥാർഥ്യമാക്കിയിരിക്കുകയാണ്. ഒക്ടോബർ 7 ന് റിലീസായ ചിത്രം തെലുങ്കിൽ ‘മന്യംപുലി’ എന്ന പേരിലും റിലീസായി. ആന്ദ്രാ പ്രദേശിലും തെലുങ്കാനയിലുമായി 500 ൽ പരം സ്‌ക്രീനുകളിലാണ് മന്യം പുലി പ്രദർശിപ്പിച്ചത്. ടോമിച്ചൻ മുളകുപാടം നിർമ്മിച്ച് വൈശാഖ് സംവിധാനം ചെയ്ത ചിത്രം അങ്ങനെ 100 കോടി ക്ലബിൽ കയറുന്ന ആദ്യ ചിത്രമായി മാറി.
2. സിനിമയില്ലാത്ത വർഷാന്ത്യം 100 കോടി കളഞ്ഞു
തീയറ്റർ വിഹിതം പങ്കുവയ്ക്കുന്നതിലെ തർക്കം കണക്കിലടുത്ത് നിർമ്മാതാക്കളും തീയറ്റുടമകളും വിതരണക്കാരും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിന്റെ അടസ്ഥാനത്തിൽ ക്രിസ്തുമസ് റിലീസുകൾ മാറ്റി വച്ചിരുന്നു. ഇത് മലയാള സിനിമയ്ക്ക് നഷ്ടത്തിന്റെ കണക്കുകളാണ് സമ്മാനിച്ചത്. മോഹൻലാൽ ചിത്രമായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ദുൽഖർ ചിത്രം ജോമോന്റെ സുവിശേഷങ്ങൾ, പ്രിത്വിരാജ് ചിത്രം എസ്ര എന്നിവയെല്ലാം ക്രിസ്തുമസ് റിലീസായ പുറത്തിറങ്ങാനിരുന്നതാണ്.
3. ദിലീപ് വാർത്തകളെ ഹൈജാക്ക് ചെയ്തു- മഞ്ജുവാര്യറും
മലയാള സിനിമാ ലോകത്ത് പുലിമുരുകനും, ആനന്ദവുമൊക്കെ ചർച്ചയായിരുന്നുവെങ്കിലും ദിലീപാണ് വാർത്താപ്രാധാന്യം നേടിയത്. ദിലീപ്കാവ്യ ദമ്പതികളുടെ പെട്ടെന്നുള്ള വിവാഹവും, ഹണിമൂണും ഏറെ ചർച്ച ചെയ്യപ്പെട്ടു. അതുപോലെ തന്നെ മഞ്ജുവിനെ അനുകൂലിച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റുകളും, മഞ്ജുവിന്റെ വിവാഹ വാർത്തയുമെല്ലാം മഞ്ജുവിലേക്കും ശ്രദ്ധാകേന്ദ്രം മാറ്റി.
4. തുടക്കംപാളിയ ആക്ഷൻ ഹീറോ 100 ദിവസം തികച്ചു
സിനിമാ ലോകത്ത് അപൂർവ്വമായി കാണാൻ കഴിയുന്ന പ്രതിഭാസത്തിനാണ് 2016 സാക്ഷ്യം വഹിച്ചത്. തുടക്കം പാളിയ സിനിമകൾക്ക് ഒരു ഉയർത്തെഴിനേൽപ്പ് ഉണ്ടാകാൻ ഇടയില്ലാത്ത സാഹചര്യത്തിൽ ആക്ഷൻ ഹീറോ ബിജു നേടിയ വിജയം സിനിമാ ലോകത്തെ ഏറെ വിസ്മയിപ്പിച്ചു.
5. ഭാഗ്യതാരം നിവിൻ പോളി, താരമൂല്യം ദുൽഖറിന്, മിന്നിച്ചത് മഹേഷ് ഒക്കെ മലത്തിയടിച്ച് പുലി
നിവിൻ പോളിയെ പൊതുവേ ഭാഗ്യതാരമായാണ് സിനിമാ ലോകം കാണുന്നത്. തൊട്ടതെല്ലാം പൊന്നെന്ന പോലെ, അഭിനയിച്ച എല്ലാ ചിത്രങ്ങളും ഹിറ്റ്. മലർവാടി മുതൽ ആക്ഷൻ ഹീറോ ബിജുവരെ എത്തിനിൽക്കുന്ന വിജയങ്ങളുടെ പട്ടിക നിവിന് സ്വന്തമാണ്. എന്നിരുന്നാലും ‘കുഞ്ഞിക്ക’ എന്ന സ്‌നേഹത്തോടെ വിളിക്കപ്പെടുന്ന ദുൽഖറിനാണ് താരമുല്യം. അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റായി, സംസ്ഥാന പുരസ്‌കാരത്തിന് വരെ അർഹനായപ്പോഴും തീരെ താരജാഡയോ അഹങ്കാരമോ ഇല്ലാതെ നിന്നതാവാം ദുൽഖറിന് ജനഹൃദയങ്ങളിൽ ഒരു പ്രത്യേക സ്ഥാനം നൽകിയത്. ബിജുവും, ചാർലിയും തിളങ്ങിയപ്പോഴും കൈയ്യടി നേടിയത് മഹേഷിന്റെ പ്രതികാരം തന്നെയാണ്. വേറിട്ട ശൈലിയിലുള്ള ചിത്രീകരണവും, ജീവിതഗന്ധിയായ കഥയും, മഹേഷും, മഹേഷിന്റെ ഭാവനാ സ്റ്റുഡിയോയും സിനിമാ പ്രേമികളുടെ പ്രിയപ്പെട്ടതാക്കി.
6. കാ ബോഡി സ്‌കേപ്പ്, കഥകളി- സെൻസർ ബോർഡിലെ സദാചാരം
പാപ്പിലിയോ ബുദ്ധയ്ക്ക് ശേഷം ജയൻ ചെറിയാൻ സംവിധാനം ചെയ്ത കാ ബോഡിസ്‌കേപ്‌സിന് പ്രദർശനാനുമതി നിഷേധിച്ചത് വൻ വർത്തയായിരുന്നു. കാ ബോഡിസ്‌കേപ്‌സ് ഹിന്ദുമതത്തെ അവഹേളിക്കുന്നതും ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നതുമാണെന്ന് കാണിച്ചായിരുന്നു റീജ്യണൽ സെൻസർബോർഡ് കാ ബോഡിസ്‌കേപ്പിന് പ്രദർശനാനുമതി നിഷേധിച്ചത്. സ്ത്രീകൾക്കെതിരായ പരാമർശവും അയാം എ ഗേയ് എന്ന പുസ്തകവുമായി നിൽക്കുന്ന ഹനുമാനെ ചിത്രീകരിച്ചതും സ്വവർഗലൈഗികത നിറഞ്ഞ പോസ്റ്ററുകളും ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിക്കാൻ കാരണമായതെന്ന് റീജ്യണൽ സെൻസർ ഓഫീസർ നൽകിയ വിശദീകരണത്തിൽ പറയുന്നു. എന്നാൽ നടപടി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. സൈജോ കണ്ണാനിക്കൽ സംവിധാനം ചെയ്ത കഥകളി എന്ന ചിത്രത്തിന് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സിൽ കഥകളിവേഷം ഉപേക്ഷിച്ച് കഥാപാത്രം നടന്നു നീങ്ങുന്ന രംഗമുണ്ട് ഇത് ഒഴിവാക്കണമെന്നായിരുന്നു എത്തിയ സെൻസർ ബോർഡ് വാദം.
7. റിലീസിങ്ങിലെ പുതിയ കാൽവയ്പ്പ്
റിലീസിങ്ങിലെ പുതിയ കാൽവയ്പ്പായാണ് ഒഴിവ് ദിവസത്തെകളിയെയും, ലെൻസിനെയും കണ്ടത്. രണ്ടും ഒരു ഓഫ് ബീറ്റ് ചിത്രമായിരുന്നതുകൊണ്ട് തന്നെ ഇത്തരം ചിത്രങ്ങൾക്ക് സാധാരണഗതിയിൽ ലഭിക്കുന്ന ശ്രദ്ധയിൽ കൂടുതൽ ഈ രണ്ട് ചിത്രങ്ങൾക്കും ലഭിച്ചു. ചിത്രം പ്രമോട്ട് ചെയ്തത് ആഷിഖ് അബു ലാൽ ജോസ് എന്നിവരായത് കൊണ്ടാണ് ശ്രദ്ധ ലഭിച്ചതന്നെും വിലയിരുത്താം. ഒഴിവുദിവസത്തെ കളിയുടെ പ്രദർശന ദിവസമാണ് ലെൻസുമായി ലാൽ ജോസ് എത്തുന്നതും. അതുകൊണ്ട് തന്നെ ഒഴിവ്ദിവസത്തെ കളിക്ക് ലഭിച്ച അത്ര സ്വീകാര്യത ലെൻസിന് ലഭിക്കാതെ പോയി.
8. ന്യൂജെൻ നടിമാരുടെ താരോദയം
പുതിയ നടിമാരുടെ താരോദയവും 2016 സാക്ഷ്യംവഹിച്ചു. പ്രയാഗ മാർട്ടിൻ, അപർണ്ണ ബാലമുരളി, മഡോണ സബാസ്റ്റിൻ, സായ് പല്ലവി, അനു ഇമ്മാനുവൽ, രജിഷ വിജയൻ, ലിജോ മോൾ ജോസ്, ഐമ റോസ് എന്നിവർ അവരിൽ ചിലർ.
സാഗർ ഏലിയാസ് ജാക്കിയിലൂടെ ബാലതാരമായി എത്തിയ പ്രയാഗ മാർട്ടിൻ ഒരു മുറൈ വന്ത് പാർത്തായ എന്ന ഉണ്ണി മുകുന്ദൻ ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് പാവ എന്ന സിനിമയിലൂടെ ജനശ്രദ്ധ നേടി.
മഹേഷിന്റെ പ്രതികാരത്തിൽ ‘ചേട്ടൻ സൂപ്പറാ’ എന്ന ഒറ്റ ഡയലോഗ് കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ അപർണ്ണ ബാലമുരളി, തന്റെ സ്വാഭാവിക അഭിനയ രീതികൊണ്ടും, വ്യത്യസ്ഥ ശൈലികൊണ്ടും പെട്ടെന്ന തന്നെ മലയാള സിനിമയുടെ ഭാഗമായി. അഭിനേത്രി മാത്രമല്ല ഗായിക കൂടിയാണ് അപർണ്ണാ ബാലമുരളി. അതേ ചിത്രത്തിലൂടെ തന്നെ സിനിമാ ലോകത്ത് എത്തിയ നടിയാണ് ലിജോ മോൾ ജോസും. ‘സോണിയ മുത്തല്ലേ ബേബിച്ചേട്ടാ’ എന്ന സൗബിന്റെ ഡയലോഗ് ഹിറ്റായതോടെ സോണിയയെ അവതരിപ്പിച്ച ലിജോ മോളും ഹിറ്റ് !! പിന്നീട് കട്ടപ്പനയിലെ ഹൃത്തിക് റോഷനിലും അഭിനയമികവ് കൊണ്ട് ലിജോ മോൾ നമ്മെ ഞെട്ടിച്ചു.
പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് ഹിറ്റായവരാണ് മഡോണ സബാസ്റ്റിനും, സായ് പല്ലവിയും, അനുപമ പരമേശ്വരനും. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ആ നടിമാർക്ക്. മലയാളം, തമിഴ്, തെലുങ്ക് എനിനീ ഭാഷകളിൽ നിന്നും കൈയ് നിറയെ ചിത്രങ്ങളാണ് 2016 ൽ ഇവരെ തേടി എത്തിയത്.
കമ്മട്ടിപ്പാടം എന്ന ദുൽഖർ ചിത്രത്തിലൂടെ എത്തിയ നടിയാണ് അനു ഇമ്മാനുവൽ. റിയലിസ്റ്റിക്കായ അഭിനയം കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച ചുരുക്കം അഭിനേത്രികളിൽ ഒരാളാണ് അനു ഇമ്മാനുവൽ.
പുതിയ തലമുറയുടെ പ്രണയകഥ അങ്ങനേ വരച്ചുകാട്ടിയ ചിത്രമായിരുന്നു അനുരാഗ കരിക്കിൻ വെള്ളം. കാമുകനെ കണ്ണടച്ച് വിശ്വസിക്കുകയും, ഒടുവിൽ ചതിക്കപ്പെടുമ്പോൾ പുതിയ ജീവിതം ആരംഭിക്കാൻ തയ്യാറാവുകയും, കാമുകൻ തിരിച്ചുവന്നപ്പോൾ പൈങ്കിളി നായികമാരെ പോലെ സ്വീകരിക്കാതെ എടുത്ത തീരുമാനത്തിൽ ഉറച്ച് നിന്ന് പുതിയ ജീവിതവുമായി മുന്നോട്ട് പോകുകയും ചെയ്ത എലിസബത് എന്ന ‘എലി’ പുതുതലമുറയിലെ പെൺകുട്ടികളെ പ്രതിനിധീകരിക്കുന്നു. ചിത്രത്തിൽ എലി ന്നെ കഥാപാത്രം ചെയ്യാൻ ഏറ്റവും അനുയോജ്യം താനാണെന്ന് അഭിനയമികവ് കൊണ്ട് തന്നെ രജിഷ വിജയൻ തെളിയിച്ചു.
ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ അനുജത്തിയായി വേഷമിട്ട ഐമ റോസിനെ അത്ര പെട്ടെന്ന് ആർക്കും മറക്കാനാവില്ല.
9. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക്
നടന്മാർ സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് നടത്തിയ കുതിച്ചു ചാട്ടമായിരുന്നു 2016 ലെ മറ്റൊരു പ്രത്യേകത. ആദ്യം സിനിമ മേഖലയിൽ നിന്നും ഗണേഷ് കുമാർ മാത്രമായിരുന്നു രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഈ വർഷം ബിജെപിയുടെ സ്ഥാനാർത്ഥിയായി ഭീമൻ രഘുവും, ഇടതുപക്ഷ സ്ഥാനാർത്ഥിയായി മുകേഷും, കോൺഗ്രസ്സ് സ്ഥാനാർത്ഥിയാി ജഗദീഷും മത്സരിച്ചു. സുരേഷ് ഗോപി രാജ്യസഭാഗംമായി നോമിനേറ്റ് ചെയ്യപ്പെട്ടു.
10. ജയറാമിന്റെയും കൂട്ടരുടെയും ബാഡ്മിന്റൺ കളി
സിലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ചുവടു പിടിച്ച് ഈ വർഷം സെലിബ്രിറ്റി ബാഡ്മിന്റൺ ലീഗും എത്തിയിരുന്നു. നടൻ ജയറാം ക്യാപ്റ്റനായ കേരളാ റോയൽസ് ടീമിൽ നടന്മാരായ കുഞ്ചാക്കോ ബോബൻ, നരേയ്ൻ, സൈജു കുറുപ്പ്, ശേഖർ മേനോൻ, രാജീവ് പിള്ള, പാർവതി നമ്പ്യാർ, റോണി ഡേവിഡ്, രഞ്ജിനി ഹരിദാസ്, റോസിൻ ജോളി, അർജ്ജുൻ നന്ദകുമാർ എന്നിവർ അണിനിരന്നു. മത്സരത്തിൽ തമിഴ്‌നാടിന്റെ ടീം ടോളിവുഡ് തണ്ടേഴ്‌സ് വിജയിച്ചു.
top 10 happenings of mollywood industry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here