ഓട്ടപ്പാത്രത്തിൽ ഞണ്ട് വീണപ്പോൾ സുധീരൻ രാജിവച്ചൊഴിഞ്ഞു

24 ന്യൂസ് എക്‌സ്‌ക്ലൂസീവ് / അരവിന്ദ് വി

കടുത്ത ദാരിദ്ര്യം ആണ് കെ പി സി സി അധ്യക്ഷസ്ഥാനം ഉപേക്ഷിക്കാൻ സുധീരനെ പ്രേരിപ്പിച്ചത്. ദാരിദ്ര്യം സുധീരനല്ല എന്ന് മാത്രം ! സാക്ഷാൽ കെ പി സി സി ആണ് അഞ്ചിന്റെ പൈസയില്ലാത്ത അവസ്ഥയിൽ നട്ടം തിരിയുന്നത്. കാറിന്റെ ഇന്ധനം അടിക്കാൻ പോലും സ്വന്തം പോക്കറ്റ് ചോരുന്ന അവസ്ഥ വന്നപ്പോൾ മാധ്യമങ്ങൾ പണ്ട് വാഴ്ത്തിപ്പാടിയ ധീരനായി സുധീരൻ. ത്യാഗം, ശാരീരിക പ്രശ്നങ്ങൾ , അധികാരമോഹമില്ലായ്മ തുടങ്ങിയ മേമ്പൊടികളോടെ ചില കേന്ദ്രങ്ങൾ സിണ്ടിക്കേറ്റിങ് നടത്തി വാർത്തയും നൽകി. അതോടെ സുധീരന്റെ രാജി ‘സു-ധീരം’ എന്ന തലക്കെട്ടിന്റെ പേറ്റന്റിനും യോഗ്യമായി.

ജില്ലകൾ തോറുമുള്ള പര്യടനം ആരംഭിക്കാൻ മണിക്കൂറുകൾ അവശേഷിക്കെ രാജി 

ജില്ലാ പര്യടനത്തിന് പോകാന്‍ കാറില്‍ കയറിയ സുധീരന്‍ ‍ഞെട്ടിയത് ചെറിയ ഞെട്ടലല്ല. കാറില്‍ ഒരു തുള്ളി ഡീസല്‍ ഇല്ല. ഡ്രൈവര്‍ കൈ മലര്‍ത്തി. കെപിസിസി ഓഫീസിലെ കാഷ്യർ മലർത്തിയ കയ്യിലാകട്ടെ വലകെട്ടിയിരിക്കുന്നു. അത്രയ്ക്കും അത് ഉപയോഗ ശൂന്യമായി കഴിഞ്ഞിരിക്കുന്നു. പണമില്ല! ഇന്ദിരാഭവന്‍ കടുത്ത ദാരിദ്ര്യത്തില്‍. കേട്ടാല്‍ വിശ്വസിക്കാനാകാത്ത വാര്‍ത്ത. അധികാരമൊഴിഞ്ഞിട്ട് ഒരു വര്‍ഷം തികയുന്നതിന് മുമ്പ് കാലിഖജനാവ്. അധികാരം ഉള്ളപ്പോള്‍ സര്‍ക്കാര്‍ ഖജനാവ് കാലിയായി എന്ന് പറഞ്ഞാല്‍ വിശ്വസിക്കാം. ഇതിപ്പോ ഒരിക്കലും വറ്റില്ലെന്ന് അമര്‍ത്യാസെന്നിന് പോലും കണ്ണടച്ച് പറയാന്‍ കഴിയുന്ന പ്രദേശ് കോണ്‍ഗ്രസ് ആസ്ഥാനത്തിലെ ഖജനാവില്‍ പിന്‍വലിച്ച 500ന്റെ നോട്ട് പോലും ഇല്ലത്രേ. ജീവനക്കാരുടെ ശമ്പളം പോലും ഇല്ല എന്ന അവസ്ഥ. സുധീരന്‍ വാ പൊളിച്ച് പോയെന്ന് സാക്ഷികള്‍. പ്രദേശ് കോ.കമ്മിറ്റി ഖജാന്‍ജിയ്ക്ക് കുറി പോയി. വന്ന ഖജാന്‍ജിയുടെ വായിലിരിക്കുന്നത് വളരെ വിശാലമായും മാന്യമായും സുധീരന്‍ കേട്ടിരുന്നു, ഖജാന്‍ജി പറഞ്ഞുകൊണ്ടേയിരുന്നു.

ഖജാന്‍ജി പറഞ്ഞത്…

ഓരോ രാഷ്ട്രീയ പാര്‍ട്ടിക്കും കൃത്യമായ വരുമാനത്തിന് ഓരോ മാര്‍ഗ്ഗമുണ്ട്. സിപിഐയ്ക്ക് സോവിയറ്റ് യൂണിയനായിരുന്നു ശരണം. യൂണിയന്‍ സാമ്രാജ്യം തകര്‍ന്ന വര്‍ഷത്തിന് ശേഷം ഡല്‍ഹിയിലെ അജോയ് ഭവനോ, കേരളത്തിലെ എംഎന്‍ സ്മാരകത്തിനോ പെയിന്റ് പോലും അടിച്ചിട്ടില്ല. ഒടുവില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണകാലത്ത് ജനയുഗം പുതുക്കിയ കൂട്ടത്തിലാണ് സ്മാരകത്തിന്റേയും മുഖം മിനുക്കിയത്.

ബിജെപിക്ക് കേന്ദ്ര വിഹിതം ലഭിക്കും. ഓരോ പരിപാടിക്കും അമിത് ഷാ കയ്യയച്ച് പണം നൽകും. ഇപ്പൊ പിന്നെ അതവർക്ക് രാഷ്ട്രീയ ആവശ്യവുമാണ്.

സിപിഎം ആണെങ്കിൽ പതിവ് ബക്കറ്റ് പിരിവ്, ബില്ലും രസീതും അച്ചടിച്ചുള്ള പിരിവ്, ഇന്റർനെറ്റ് ഓൺലൈൻ പിരിവ് അങ്ങിനെയങ്ങനെ… ഇതൊന്നും കൂടാതെ തന്നെ പാർടിക്ക് ഗംഭീരവും സുദൃഢവും ആയ ഒരു സാമ്പത്തിക അടിത്തറ ഉണ്ട്. പത്രം, ചിന്ത പബ്ലിക്കേഷൻസ്, ചാനൽ മൂന്നെണ്ണം, അമ്യൂസ്‌മെന്റ് പാർക്ക്-1, ആശുപത്രികൾ നിരവധി. ബാങ്കിംഗ് സംവിധാനങ്ങൾ അങ്ങിനെയിങ്ങനെ…

ഇപ്പറഞ്ഞതൊന്നും സംസ്ഥാനത്തെ കോൺഗ്രസ് പാർടിക്കില്ല. ‘രാഹു’ അപഹരിച്ച കോൺഗ്രസിന്റെ ഹൈക്കമന്റ് ലോയും കടന്ന് അണ്ടർ ഗ്രൗണ്ട് കമാന്റ് ആയതോടെ അവിടന്നൊന്നും ഇങ്ങോട്ട് കിട്ടാനില്ല. പണ്ടും ഇല്ല ഫണ്ടും ഇല്ല. പിരിവിന്റെ കഥ പറയാനും കൊള്ളില്ല. പിരിക്കുന്നതിന്റെ മൂന്നിരട്ടി വേണം അതിന്റെ ചിലവിന്. ചുരുക്കത്തിൽ കെപിസിസി നടന്നു പോകുന്നത് അതിന്റെ അധ്യക്ഷനായിരിക്കുന്ന വ്യക്തിയുടെ മിടുക്കലാണ്. സുധീര ഭരണത്തിന്റെ മൂന്നാണ്ട് കൊണ്ട് ആസ്ഥാനം കാലിയായതിന്റെ മറ്റ് കാരണങ്ങൾ തിരയേണ്ടതുമില്ല.

sonia-gandhi-rahul-gandhi

ധീരം-നിർമ്മലം-സുധീരം

”ഒരൊറ്റ ബിസിനസുകാരനും ഇവിടെ പ്രസിഡന്റിനെ കാണാനൊന്നും പറഞ്ഞ് വരാറില്ല. കള്ളും, ബാറും ഇല്ല, ഭരണം പോയപ്പോ ചെറിയ കോൺട്രാക്ടർമാർ പോലും വരുന്നില്ല”. തനിക്കൂഹിക്കാവുന്ന കാരണങ്ങൾ നിരത്തി പേര് വെളിപ്പെടുത്താത്ത ഓഫീസ് ജീവനക്കാരൻ. ഭരണം ഉണ്ടായിരുന്ന നാളുകളിലെ സൗഭാഗ്യങ്ങളൊക്കെ അയവിറക്കി ടിയാൻ തുടർന്ന് പറഞ്ഞു- ”പ്രസിഡന്റിനടക്കം കാറുകൾ ഉണ്ട് കെ പി സി സി യിൽ. അതിനൊക്കെ ഡ്രൈവർമാർ , പിന്നെ ഓഫീസിലെ സ്റ്റാഫ് , പബ്ലിക്കേഷൻ നോക്കുന്നവർ , പേഴ്‌സണൽ സ്റ്റാഫ്‌ കുറെ പേരുണ്ട്. പക്ഷെ ഇത് പോലൊരു അവസ്ഥ ഇതിനു മുൻപൊന്നും ഉണ്ടായിട്ടില്ല. പ്രസിഡന്റിന്റെ കാറിന് പെട്രോൾ അടിക്കാൻ പോലും കെ പി സി സി യിൽ ഫണ്ടില്ല. പ്രസിഡന്റിന് ഡീസന്റാണെന്ന പേരെങ്കിലും ഉണ്ട്; പക്ഷേ കുറേ ജീവനക്കാരും അവരുടെ കുടുംബങ്ങളുമില്ലേ ? മറ്റ് മാർഗ്ഗങ്ങളുമില്ല ! ഇതിനേക്കാൾ ഗതി കേടിലാണ് ജയ്ഹിന്ദ് ചാനലിലെയും വീക്ഷണം പത്രത്തിലേയും ജീവനക്കാർ”.

ജയ്ഹിന്ദ്, വീക്ഷണം-വെളിപ്പെട്ട വിവരങ്ങൾ

jai hind

ചില സുഹൃത്തുക്കളിൽ നിന്നും ശേഖരിച്ച വിവരമനുസരിച്ച് കഴിഞ്ഞ മൂന്ന് മാസം പൂർണമായും ആറു മാസം ഭാഗികമായും ശമ്പളം മുടങ്ങിയ അവസ്ഥയിലാണ് ഇരുസ്ഥാപനങ്ങളും.

ഇരുസ്ഥാപനങ്ങളിലേയും ജീവനക്കാര്‍ ഒന്നിച്ചും രണ്ട് സംഘമായും ഒറ്റയ്ക്കൊറ്റ്യ്ക്കും സുധീരനെ ഒരു ഡസനിലേറെ തവണ സന്ദര്‍ശിച്ച് പരാതി ഉന്നയിച്ചു. താത്വികമായി അദ്ദേഹം നടത്തിയ അവലോകനവും അതിന് ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് വേണ്ടി നടത്തേണ്ട ത്യാഗത്തെ കുറിച്ചുള്ള ഉപദേശവും ആവോളം നല്‍കിയത് കേട്ടും വാങ്ങിയും പൂര്‍ണ്ണതോതില്‍ കോണ്‍ഗ്രസ് പോലും അല്ലാത്ത അത്താഴ പഷ്ണിക്കാരായ ജീവനക്കാര്‍ സ്ഥലം വിട്ടു. വിജയന്‍ തോമസ് മുതലാളി ഉള്ളപ്പോള്‍ കിട്ടിയ ശമ്പളത്തിന്റെ നന്ദി സ്മരണയില്‍ അവരിപ്പോഴും കെപിസിസിയേയും എംഎം ഹസ്സനേയും മുന്‍പ്രസിഡന്റ് സുധീരനേയും പഴിച്ച് കഴിയുന്നു.

അപ്രഖ്യാപിത സാമ്പത്തിക വിലക്ക് : ലക്ഷ്യം പ്രസിഡന്റ് കസേര ?

സാമ്പത്തികമായ ആവശ്യങ്ങളുടെ മുറവിളി ഇത്ര രൂക്ഷമായത് ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ്. ഇടവിട്ടിടവിട്ട് സുധീരനോട് പണം ആവശ്യപ്പെട്ട് പലരും വന്നു തുടങ്ങി.

”ഇത്രയും നാളില്ലാത്ത ഇത്രയും ഓർഗനൈസ്ഡ് ആയ ഒരു സാമ്പത്തിക അറ്റാക്ക് വെറുതേ ഉണ്ടാകില്ല. സ്രോതസ്സുകൾ കൃത്യമായി അടച്ച് ഓരോ വിഭാഗങ്ങളെയായി ഇന്ദിരാഭവനിലേക്ക് നയിച്ചത് വെറുതെയല്ല. അതിന് പിന്നിലെ ലക്ഷ്യം സുധീരന്റെ കസേര തെറിപ്പിക്കുക തന്നെയായിരുന്നു. അവർ ലക്ഷ്യം കണ്ടു.” കെപിസിസി നേതാക്കളിലൊരാൾ ആ സത്യം തുറന്ന് പറയുന്നു. ”ആദ്യം ചാനൽ ജീവനക്കാർ. ചാനൽ പ്രതിസന്ധിയിൽ തന്നെയായിരുന്നു എന്നത് സത്യമാണ്. പക്ഷേ വിജയൻ തോമസിനോടുള്ള വാശിയിൽ ഹസ്സനും കൂട്ടരും എങ്ങിനെയെങ്കിലും ശമ്പളത്തിനുള്ള പണമെങ്കിലും ഉണ്ടാക്കിയിരുന്നു. വീക്ഷണവും അതുപോലെ തന്നെ. കെ മുരളിധരനെ പോലെ പലരും രണ്ട് സ്ഥാപനങ്ങൾക്കും വേണ്ട ചില വലിയ പരസ്യദാദാക്കളെയൊക്കെ നൽകിയിരുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ അത്തരം സഹായങ്ങളൊക്കെ നിന്നു.”

കെപിസിസിക്ക് ചലിക്കാന്‍ വേണ്ട സാമ്പത്തിക സ്രോതസുകള്‍ അനാവശ്യമായി തുറന്ന് വയ്ക്കണ്ട എന്ന് ജനുവരിയില്‍ ആരോക്കെയോ തീരുമാനിച്ചു എന്ന് വേണം ഈ നേതാവിന്റെ തുറന്ന് പറച്ചിലില്‍ നിന്ന് ഈഹിക്കേണ്ടത്. അതാരെന്നും എന്തെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ രഹസ്യവുമല്ല. അതായത് സുധീരന്റെ രാജി പെട്ടെന്നുള്ള ധീരമായ ചുവട് വയ്പ്പായിരുന്നില്ല. മറിച്ച് ആദര്‍ശത്തിന്റേയും കാര്‍കശ്യത്തിന്റേയും പുറം മോടിയില്‍ പടുത്തുയര്‍ത്താന്‍ ശ്രമിച്ച ഒരു ഏകാധികാര കേന്ദ്രം സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞുള്ള ഒരു പിന്‍വാങ്ങലായിരുന്നു.

പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ അധ്യക്ഷന്മാരെയും പാർട്ടി കുടുംബങ്ങളെയും ജില്ലകൾ തോറും യാത്ര ചെയ്തു വിലയിരുത്താനുള്ള പരിപാടിയുടെ ആലോചനകൾക്കിടെ യാത്രയുടെ ഫണ്ട് പ്രസിഡന്റ് തന്നെ കണ്ടെത്തണം എന്ന അവസ്ഥയായി. അതോടെ സകല ശക്തിയും ചോർന്ന സുധീരൻ രാജി നൽകി.

ഇമേജിന് കോട്ടം തട്ടാന്‍ ഒരു കാരണവശാലും താത്പര്യമില്ലാത്ത സുധീരന്റെ തന്ത്രപരമായ ഒരു പൂഴിക്കടകന്‍ അടവ് മാത്രമായിരുന്നു അത്.

truth behind the resignation of V M Sudheeran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top