ലോറി സമരം; പച്ചക്കറിയ്ക്ക് പൊള്ളുന്ന വില

vegetable inflation

വിഷു, ഈസ്റ്റർ വിപണികൾക്ക് തിരിച്ചടിയായി ചരക്ക് വാഹന സമരം. വിപണിയിൽ പച്ചക്കറികൾക്കും പല വ്യഞ്ജനങ്ങൾക്കും പൊള്ളുന്ന വില

ചരക്കു വാഹന സമരം അനിശ്ചിതമായി തുടരുന്ന സാഹചര്യത്തിലാണ് അവശ്യ സാധനങ്ങളുടെ വില കൂടുന്നത്. സമരം തുടർന്നാൽ വിഷു-ഈസ്റ്റർ വിപണിയിൽ പച്ചക്കറികൾക്കും പലവ്യഞ്ജനങ്ങൾക്കും ക്ഷാമം നേരിടും.

ഇൻഷുറൻസ് പ്രീമിയം വർദ്ധനയ്‌ക്കെതിരെ കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും ചരക്കുവാഹന ഉടമകൾ അനിശ്ചിതകാല സമരം നടത്തുകയാണ്. ചെറുതും വലുതുമായ 25 ലക്ഷം ചരക്ക് വാഹനങ്ങളാണ് പണിമുടക്കുന്നത്. ഇന്ന് മുതൽ എൽപിജി മേഖലയിലെ മുഴുവൻ ടാങ്കറുകളും പണിമുടക്കിൽ പങ്ക്‌ചേരും.

ഇൻഷുറൻസ് റഗുലേറ്ററി ആന്റ് ഡവലപ്‌മെന്റ് അതോറിറ്റി അധികൃതരുമായി ഇന്ന് നടത്തുന്ന ചർച്ചയിൽ ഒത്തുതീർപ്പായില്ലെങ്കിൽ നാളെ മുതൽ മുഴുവൻ ചരക്കുവാഹനങ്ങളും തടയാനും ചരക്കുവാഹന ഉടമകൾ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ നിലവിൽ ലഭിക്കുന്ന പച്ചക്കറികൾകൂടി ലഭിക്കാതെ ആകും.

പച്ചക്കറികൾക്കും അരി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾക്കും കേരളം ആശ്രയിക്കുന്നത് സമരം നടക്കുന്ന ആന്ധ്ര, കർണാടക തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളെയാണ്. നിലവിൽ ചരക്ക് നീക്കം ഭാഗികമായി നിലച്ചിരിക്കുകയാണ്. വാളയാർ ഉൾപ്പെടെയുള്ള പ്രധാന ചെക്‌പോസ്റ്റുകളിൽ വാഹനങ്ങളുടെ എണ്ണത്തിൽ 40% കുറവുണ്ട്. സംസ്ഥാനത്തിന് പുറത്തേക്കുള്ള വാഹനങ്ങളുടെ എണ്ണത്തിലും ഗണ്യമായ കുറവ് വന്നിട്ടുണ്ട്.

ആയിരക്കണക്കിന് ലോറികളാണ് കേരളത്തിന്റെ അതിർത്തികളിൽ നിർത്തിയിട്ടിരിക്കുന്നത്. പച്ചക്കറികളുമായി ലോറികൾ എത്തുന്നത് പുർണ്ണമായും നിലച്ചു. പച്ചക്കറികൾ വിപണിയിൽ ലഭ്യമല്ലാതായതോടെ 20 മുതൽ 50 ശതമാനം വരെ വില ഉയർന്നിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top