ഞെട്ടിക്കുന്ന വീഡിയോ; മരുന്നിനെ വിശ്വസിക്കണ്ട എന്ന് വ്യക്തം

അരവിന്ദ് വി
രോഗം മാറ്റിത്തരും എന്ന വിശ്വാസത്തോടെ നമ്മൾ വാങ്ങുന്ന മരുന്നുകളെ കണ്ണടച്ചു വിശ്വസിക്കരുത്. ഈ വീഡിയോ അതിന്റെ തെളിവാണ്. മരുന്ന് വിപണന മേഖലയിൽ നടക്കുന്ന കൊടുംകുറ്റകൃത്യങ്ങളുടെ നിരവധി ഉദാഹരണങ്ങളിൽ ഒന്ന് മാത്രമാണിത്.
നിങ്ങൾക്ക് ലഭിക്കുന്ന മരുന്നുകൾ സുരക്ഷിതമാണോ ? വാങ്ങുന്ന മരുന്നിന്റെ ഗുണമേന്മ നിങ്ങൾ ഉറപ്പു വരുത്താറുണ്ടോ ? അറിയില്ല എന്നായിരിക്കും ഭൂരിപക്ഷം പേരുടെയും ഉത്തരം. അഭ്യസ്തവിദ്യരായ ആളുകൾ പോലും മരുന്നിന്റെ പേര് വായിച്ചു നോക്കാറില്ല. എന്താണ് മെഡിക്കൽ സ്റ്റോറിൽ നിന്നും വാങ്ങുന്ന മരുന്നിന്റെ നിലവാരം പരിശോധിക്കാനുള്ള സാധാരണക്കാരന്റെ മാർഗ്ഗം ? അതിലെ തീയതി വായിച്ചു നോക്കുക എന്നത് മാത്രമാണത് !
കെമിക്കൽ നാമം പോലും വായിച്ചു മനസിലാക്കാനൊന്നും സാധാരണക്കാർക്ക് കഴിയാറില്ല. അതായത് പായ്ക്കുകളിൽ ലഭിക്കുന്ന മറ്റു ഉൽപ്പന്നങ്ങൾ നോക്കുന്നത് പോലെ തന്നെ അതിൽ പ്രിന്റ് ചെയ്തിരിക്കുന്ന തീയതി ആണ് ഏക ആശ്രയം. എന്നാൽ ഈ തീയതി കൃത്യമാണോ ? ഒരിക്കൽ സീൽ ചെയ്ത തീയതി മായ്ക്കാനും മാറ്റാനും കഴിയുമോ ? കഴിയും എന്നാണ് ഈ വീഡിയോ വ്യക്തമാക്കുന്നത്.
അത് മാത്രം സീൽ ആണ്
പായ്ക്കുകളിൽ മരുന്നിന്റെ മറ്റു വിവരങ്ങളും വിവരണങ്ങളും പ്രിന്റ് ചെയ്തു വരികയാണ് പതിവ്. എന്നാൽ ബാച്ച് നമ്പർ , മാനുഫാക്ച്ചറിങ് (ഉത്പ്പാദിപ്പിച്ച ) തീയതി , എക്സ്പയറി (ഉപയോഗിക്കാവുന്ന പരമാവധി) തീയതി , വില , നികുതി വിവരങ്ങൾ എന്നിവ സീൽ ചെയ്താണ് വരുന്നത്. ഇതിലെ എക്സ്പയറി (ഉപയോഗിക്കാവുന്ന പരമാവധി) തീയതി ആണ് സാധാരണക്കാർ നിലവാരം ഉറപ്പാക്കാൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത്. ഇങ്ങനെ സീൽ ചെയ്തു വരുന്ന ഭാഗം വളരെ എളുപ്പത്തിൽ മായ്ച്ചു കളയാനും പുതിയ സീൽ പഠിപ്പിക്കാനും കഴിയും. സാധാരണ പെയിന്റ് കടകളിൽ പോലും ഇത് സാധ്യമാക്കുന്ന രാസലായനികൾ ലഭിക്കും. മരുന്ന് മാഫിയകൾ ഇതിനായി പ്രത്യേകം ഉൽപ്പന്നങ്ങൾ തയ്യാർ ചെയ്തിട്ടുണ്ട്. അതായത് എക്സ്പയറി കഴിഞ്ഞു തിരിച്ചെടുക്കുന്ന മരുന്നുകൾ മുഴുവനും ഇങ്ങനെ പുതിയ തീയതി പതിപ്പിച്ച് ഷോപ്പുകളിൽ എത്തിക്കും. അപ്പോൾ നല്ലതേത് പഴയതേത് എന്ന് തിരിച്ചറിയാൻ മെഡിക്കൽ സ്റ്റോർ ഉടമകൾക്ക് പോലും കഴിയുകയുമില്ല.
ഡ്രഗ് കൺട്രോൾ എന്ന വെള്ളാന
ഇന്ത്യയിൽ ഏറ്റവും അലസമായും അപര്യാപ്തമായും പ്രവർത്തിക്കുന്ന സർക്കാർ സംവിധാനമാണ് ഡ്രഗ് കൺട്രോൾ വിഭാഗം. അഴിമതിയിൽ മുങ്ങിക്കുളിച്ചാണ് പ്രവർത്തനം. യഥാസമയം പരിശോധനകൾ നടത്താൻ നിയോഗിക്കപ്പെട്ടവർ വലിയ ക്രമക്കേടുകൾക്ക് പോലും നിസ്സാര പിഴ ചുമത്തുകയും വലിയ തുക കോഴയായി വാങ്ങി വീണ്ടും ഈ കുറ്റകൃത്യങ്ങൾക്ക് വളം വച്ച് കൊടുക്കുകയും ചെയ്യും. കുറ്റവും ശിക്ഷയും പിഴയും പരിശോധനയും ഒക്കെ മെഡിക്കൽ സ്റ്റോറുകളിൽ ഒതുങ്ങും. സത്യത്തിൽ ഇക്കാര്യത്തിൽ മെഡിക്കൽ സ്റ്റോറുകളുടെ പങ്ക് നാമമാത്രമാണ്. ഡ്രഗ് കമ്പനികളുടെ ഗേറ്റിന് വെളിയിൽ നിന്ന് പോലും പരിശോധിക്കാൻ ഇവർ പോകാറില്ല. അഥവാ അതിനുള്ള അനുവാദമില്ല. കോടികൾ കോഴയായി മറിയുന്ന ഈ അധോലോകത്തിൽ മെഡിക്കൽ സ്റ്റോർ ഉടമകളെ പിഴിഞ്ഞ് കഴിയുന്നവരാണ് ശരാശരി ഡ്രഗ് കൺട്രോൾ ഉദ്യോഗസ്ഥർ.
വീഡിയോ : സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ. മരുന്ന് ചാക്കുകൾ കൂട്ടിയിട്ടിരിക്കുന്നത് ദൃശ്യങ്ങളിൽ ഉണ്ട്.
വേണ്ടത്
1 . ഇന്ത്യ മുഴുവനുമുള്ള ഡ്രഗ് കണ്ട്രോൾ വകുപ്പുകൾ തമ്മിലുള്ള ബന്ധം ഔദ്യോഗികമായി ഏകീകരിപ്പിക്കണം.
2 . ക്രമക്കേടുകളിൽ പിടിച്ചെടുക്കുന്ന മരുന്ന് ഉദ്പാദിപ്പിച്ച കമ്പനികൾ ഇന്ത്യയിൽ എവിടെയാണെങ്കിലും അതാത് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർ ആ സ്ഥാപനങ്ങളിൽ അടിയന്തിര പരിശോധനകൾ നടത്തണം.
3 . ഉദ്യോഗസ്ഥരെ സംസ്ഥാനാന്തരമായി പരസ്പരം മാറ്റി നിയമനം നടത്തണം. സ്ഥിരമായ ബന്ധങ്ങൾ ഉണ്ടാകാതിരിക്കാനും അഴിമതി കുറയാനും സഹായകമാകും.
4 . പായ്ക്കുകളിൽ തീയതി ഭാഗങ്ങൾ പ്രിന്റ് ചെയ്യുക തന്നെ വേണം. സീൽ ചെയ്യുന്ന സമ്പ്രദായം അവസാനിപ്പിക്കണം.
5 . ഉത്പ്പന്നത്തിലും പായ്ക്കിലും തീയതിയും ബാച്ച് നമ്പറും പ്രിന്റ് ചെയ്യണം.
മനുഷ്യ ജീവനുകൾ വച്ച് പണം സമ്പാദിക്കുന്നവർക്കെതിരെയുള്ള ഒരു സമരം എന്ന നിലയിലാണ് ഇത്തരം വിഷയങ്ങൾ ഞങ്ങൾ മുന്നോട്ട് വയ്ക്കുന്നത്. പരമാവധി പേരിലേക്ക് ഇത്തരം വാർത്തകൾ എത്തേണ്ടതുണ്ട്. ഒരു പക്ഷെ ഈ ദൃശ്യങ്ങളിൽ ഉള്ളതിനേക്കാൾ ഭയാനകമാകാം ഇതിലെ സത്യങ്ങൾ. നിങ്ങൾ അറിയുന്ന ഇത്തരം വിഷയങ്ങൾ ഞങ്ങളുമായി പങ്കു വയ്ക്കുക.
shocking video – medicine expiry date manipulation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here