തോമസ് ചാണ്ടിയെയും പി വി അൻവറിനെയും പിന്തുണച്ച് മുഖ്യമന്ത്രി

നിയമസഭയിൽ തോമസ് ചാണ്ടിയെയും പി വി അൻവറിനെയും പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം നൽകിയ അടിയന്തിര പ്രമേയ നോട്ടീസിന് മുറുപടി നൽകുകയായിരുന്നു അദ്ദേഹം. തോമസ് ചാണ്ടിക്കെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് പിണറായി വിജയൻ സഭയെ അറിയിച്ചു. റിസോർട്ടിനായി തോമസ് ചാണ്ടി കായൽ കയ്യേറിയിട്ടില്ല. പ്ലാസ്റ്റിക് ബോ കെട്ടിയത് പോളയും മാലിന്യവും തടയാൻ മാത്രമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ഇതിനിടെ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസ് ചട്ടവിരുദ്ധമെന്ന് സ്പീക്കർ നിലപാടെടുത്തു. ഒന്നിലധികം വിഷയം ഒന്നിച്ച് പ്രതിപാദിക്കാൻ പാടില്ലെന്നാണ് ചട്ടം.
ഭൂമി കയ്യേറ്റമെന്ന വിഷയമാണ് ഉന്നയിച്ചതെന്നു പ്രതിപക്ഷം വാദിച്ചു. മന്ത്രി തോമസ് ചാണ്ടിക്കെതിരായ കയ്യേറ്റ ആരോപണവും നിലമ്പൂർ എംഎൽഎ പി വി അൻവറിനെതിരായ ആരോപണവും ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി.ടി ബൽറാം എം.എൽ.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയത്.
ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ചാണ് കക്കാടംപൊയിലിൽ നിലമ്പൂർ എം.എൽ.എ വാട്ടർതീം പാർക്ക് നിർമ്മിക്കുന്നതെന്ന് ബൽറാം ആരോപിച്ചു. ഈ ആരോപണം അടിസ്ഥാനരഹിതമാണെന്നും അൻവറിന്റെ പാർക്കിന് അനുമതിയില്ലെന്ന വാദം തെറ്റാണെന്നും മുഖ്യമന്ത്രി സഭയിൽ വിശദീകരിച്ചു.
അതേസമയം കയ്യേറ്റം തെളിഞ്ഞാൽ താൻ എം.എൽ.എ സ്ഥാനം രാജിവെക്കുമെന്ന് തോമസ് ചാണ്ടി നിയമസഭയിൽ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here