മുത്തലാഖ്; സൈറാ ബാനു ഈ ചരിത്ര വിധിയ്ക്ക് പിന്നിലെ ‘വന്‍ മരം’

മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് ഇന്ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി മുത്തലാഖ് മൂലം ജീവിതം ഇരുട്ടിലായ ആയിരക്കണക്കിന് സ്ത്രീകളുടെ ജീവിതത്തിലേക്ക് വീശുന്ന ആശ്വാസത്തിന്റെ കാറ്റാണ്. കാറും കോളും മാത്രം നിറഞ്ഞ ജീവിതത്തില്‍ നിന്ന് സൈറാബാനു എന്ന ഉത്തരാഖണ്ഡ് സ്വദേശിനി ഉയര്‍ത്തെഴുന്നേറ്റതിന്റെ പരിണിത ഫലം കൂടിയാണ് ഇന്ന് രാജ്യം സാക്ഷിയായ ഈ ചരിത്രവിധി.
രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ ഈ വിധിയും കേസും കോടതി കയറിയതും, രാജ്യം മുഴുവന്‍ ഈ വിധിയ്ക്കായി ഒരുമിച്ച് നിന്നതും, വര്‍ഷങ്ങളായി മുത്തലാഖിലൂടെ ജീവിതം വഴിമുട്ടിയ ലക്ഷക്കണക്കിന് സ്ത്രീകളുടെ പ്രാര്‍ത്ഥന കൊണ്ട് മാത്രമല്ല. ജീവിതത്തില്‍ നിന്ന് പ്രതീക്ഷകള്‍ പോലും അസ്തമിച്ച സമയത്ത് സൈറ കാണിച്ച ധൈര്യം കൊണ്ട് കൂടിയാണ്. ദൈവം പോലും കണ്ണടച്ച് നിന്ന സമയത്ത് സൈറാ ഭാനു തന്റെ 36ാം വയസ്സില്‍ തുടങ്ങിയ ആ പോരാട്ടം മതത്തിന്റെ ഏടുകളില്‍ പുരുഷന്മാര്ക്ക് അനുകൂലമായി ആരൊക്കെയോ ചേര്‍ത്ത് വച്ച അലിഖിത നിയമങ്ങള്‍ക്കും, മത വ്യവസ്ഥിതികളോടുമായിരുന്നു.
ഉത്തരാഖണ്ഡിലെ കാശിപൂര്‍ ജില്ലയിലെ സൈറാ ഭാനു മുത്തലാഖിനെതിരെ രംഗത്ത് വരുന്നത് 2016 ഫെബ്രുവരി 23 നാണ്. എംഎ സോഷ്യോളജിയില്‍ ബിരുദാനന്ദ ബിരുദം നേടിയ സൈറയെ 2015 ഒക്ടോബര്‍ 15നാണ് ഭര്‍ത്താവ് റിസ്വാന് അഹമ്മദ് തല്ലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തുന്നത്.അതും ഫോണിലൂടെ.. സൈറ തന്റെ മാതാപിതാക്കളെ കാണാന്‍ പോയ സമയത്ത്. അലഹബാദിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസ് കാരനായ റിസ്വാന് ആ സമയം തന്നെ മൊഴി ചൊല്ലാന്‍ തെരഞ്ഞെടുത്തതിന് പിന്നില്‍ ഒരു കാരണം കൂടിയുണ്ടായിരുന്നു. പതിനൊന്ന് വയസ്സുകാരനായ മുസ്കാനേയും, പതിമൂന്ന് കാരനായ ഇര്‍ഫാനെയും ഒപ്പം നിറുത്തക!! കാരണം അത്തവണ സൈറ മാതാപിതാക്കളെ കാണാന്‍ പോയത് മക്കളെ കൊണ്ട് പോകാതെ ഒറ്റയ്ക്കായിരുന്നു. വീട്ടിലെത്തിയ സൈറ അറിയുന്നത് മുത്തലാഖ് വാര്‍ത്തയാണ്. ഒറ്റരാത്രികൊണ്ട് മക്കളും, കുടുംബവും, ജീവിതവും നഷ്ടപ്പെട്ട് സൈറ നിന്ന നില്‍പ്പ്, മുത്തലാഖിന്റെ പേരില്‍ കണ്ണീരില്‍ കുതിര്‍ന്ന ജീവിതം നയിക്കുന്ന നിരവധി പെണ്‍കുട്ടികള്‍ കാലങ്ങളായി ജീവിതത്തില്‍ നേരിട്ടതുമാണ്. എന്നാല്‍ അവര്‍ അത് വിധിയെന്ന് കരുതി സമാധാനം കണ്ടെത്താന്‍ ശ്രമിച്ചപ്പോള്‍, വിധിയെ അതിന്റെ വഴിയ്ക്ക് വിടാന്‍ സൈറ കാണിക്കാഞ്ഞ ആ മനക്കരുത്താണ് ഈ സുപ്രീം കോടതി വിധിയിലൂടെ ഇനി അങ്ങോട്ട് നിരവധി പെണ്‍കുട്ടികളുടെ വിവാഹ ജീവിതത്തിന് തണലാകാന്‍ പോകുന്നതും.
അന്ന് മാനസികമായി തളര്‍ന്ന സൈറ ഡിപ്രഷന് ചികിത്സ വരെ തേടി. 2002ല്‍ കൂട്ടിച്ചേര്‍ത്ത ആ വിവാഹത്തിനാണ് 2015ല്‍ മുത്തലാഖില്‍ അവസാനമായത്. സത്യത്തില്‍ സ്ത്രീധനത്തിന്റെ പേരില്‍ കൊടിയ പീഡനങ്ങളെറ്റുവാങ്ങിയാണ് സൈറ വിവാഹ ജീവിതം തുടങ്ങിയത് തന്നെ! ആര്‍ക്കും ഭാരമാകരുതെന്ന ആ പെണ്‍കുട്ടിയുടെ ആഗ്രഹം, അതാണ് അവളെ പിടിച്ച് നിര്‍ത്തിയത്. അമ്മായിയമ്മ മകനോട് നിരന്തരം സൈറയെ തലാക്ക് ചൊല്ലാന്‍ ആവശ്യപ്പെട്ട് കൊണ്ടിരുന്നു. പീഡനങ്ങളുടേയും, അവഹേളനങ്ങളുടേയും ജീവിത സാഹചര്യത്തിലേക്ക് രണ്ട് മക്കളും കൂട്ടായി എത്തിയതോടെ ഭര്‍ത്താവും മക്കളുമൊത്തിച്ചുള്ള ജീവിതത്തിലെ ചെറിയ സന്തോഷം മികച്ചതായി കണ്ട് സൈറ ജീവിക്കാന്‍ പഠിക്കുകയായിരുന്നു. അപ്പോഴാണ് മുത്തലാഖ് ഇടിത്തീ പോലെ സൈറയുടെ ജീവിതത്തെ കശക്കിയെറിയുന്നത്. ഇതിനെതിരെ ഗ്രാമത്തില്‍ പലരേയും സമീപിച്ചെങ്കിലും എവിടെ നിന്നും സൈറയ്ക്ക് നീതി ലഭിച്ചില്ല. ആ ദിവസങ്ങളില്‍ സൈറ കഴിഞ്ഞ ജീവിതത്തെ ഒന്ന് കൂടി ഓര്‍ത്തു, വിവാഹം കഴിഞ്ഞ് തുടരെ തുടരെയുണ്ടായ ആറ് അബോര്‍ഷനുകള്‍!, കൊടിയ പീഡനങ്ങള്‍, കുത്തുവാക്കുകള്‍, അവജ്ഞ… എല്ലാം സഹിച്ചിട്ടും തന്നില്‍ നിന്ന് അകന്ന് പോയ ജീവിതം. സ്വര്‍ണ്ണം മോഷ്ടിച്ച് കൊണ്ട് ഭാര്യ കടന്നുകളഞ്ഞുവെന്ന ഭര്‍ത്താവിന്റെ വ്യാജ പരാതിയ്ക്കും സൈറയ്ക്ക് ഉത്തരം പറയേണ്ടി വന്നു. ഒടുക്കം നഷ്ടപരിഹാരമെന്നോണം ഭര്‍ത്താവ് അയച്ച് പതിനയ്യായിരം രൂപയുടെ ചെക്ക് മടക്കിയ അയച്ച് അന്ന് സൈറ എടുത്ത് തീരുമാനത്തിന്റെ ഫലമാണ് ഇന്നത്തെ ഈ വിധി.
സൈറാ ബാനുവിനൊപ്പം 2016ല്‍ കത്തു വഴി മൊഴി ചെല്ലപ്പെട്ട ആഫ്രീന്‍ റഹ്മാന്, മുദ്രപ്പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുല്‍ഷന്‍ പര്‍വീണ്‍, ദുബായില്‍നിന്ന് ഫോണിലൂടെ ഭര്‍ത്താവ് മൊഴിചൊല്ലിയ ഇഷ്റത് ജഹാന്, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയാ സാബ്റി എന്നിവരാണു മുത്തലാഖ് വിഷയത്തില്‍ നീതി തേടി കോടതിയെ സമീപിച്ചത്.
അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡും ജമാ അത്തെ ഇസ്ലാമി ഹിന്ദും മുത്തലാഖിന് അനുകൂലമായി കേസില്‍ കക്ഷിചേര്‍ന്നിരുന്നു. മുസ്ലിം വിമന്‍സ് ക്വസ്റ്റ് ഫോര്‍ ഈക്വാലിറ്റി, ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി എന്നീ സംഘടനകള്‍ മുത്തലാഖിനെതിരെയും ഹര്‍ജി നല്കി. കേന്ദ്രസര്‍ക്കാരും ഒരു കക്ഷിയാണ്. മുന്‍മന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ സല്മാന് ഖുര്‍ഷിദിനെ സുപ്രീം കോടതി അമിക്കസ് ക്യൂറിയായും നിയമിച്ചിരുന്നു.സ്രഷ്ടാവിനും വ്യക്തിക്കുമിടയിലെ പാപമാണു മുത്തലാഖെന്ന്, ഹര്‍ജിക്കാരിയായ സൈറ ബാനുവിന്റെ അഭിഭാഷകന് അമിത് ചന്ദ കോടതിയില്‍ വാദിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here