സെഞ്ച്വറി അടിച്ച് പച്ചക്കറി വില !!

ഓണത്തിന് പഴം പച്ചക്കറി വിലകൾ കുതിച്ചുയർന്ന് നൂറ് രൂപ കടന്നു. പച്ചക്കറിവില നിയന്ത്രണത്തിനുള്ള സർക്കാർ സംവിധാനമായ ഹോട്ടികോർപ്പ് സ്റ്റാളുകൾ വേണ്ടത്ര ഫലപ്രദമല്ലാതായതോടെയാണ് വില കുതിച്ചുയർന്നത്.
പച്ചപ്പയറിന് ഇന്നലെ എറണാകുളം മൊത്തവിപണിയിൽ പോലും കിലോക്ക് 120 രൂപയായിരുന്നു വില. ചില്ലറ വിപണിയിൽ ഇത് 130 കടന്നു. കാബേജ്, തക്കാളി തുടങ്ങിയ ഇനങ്ങൾക്കും പൊള്ളുന്ന വിലയാണ് അനുഭവപ്പെട്ടത്. ഓണസദ്യയുടെ അവശ്യസാധനങ്ങളിലൊന്നായ ഞാലിപ്പൂവന് കിലോക്ക് 110 രൂപയായിരുന്നു വില. നേന്ത്രപ്പഴ വില പല സ്ഥലങ്ങളിലും തോന്നുംപടിയായിരുന്നു. ചില സ്ഥലങ്ങളിൽ കിലോ 75 രൂപക്ക് വിറ്റപ്പോൾ മറ്റു പലയിടങ്ങളിലും 80 രൂപയാണ് ഈടാക്കിയത്. പച്ചക്കായക്ക് 90ന് മുകളിലാണ് മൊത്തവിപണിയിൽ പോലും വില ഈടാക്കിയത്.
ശർക്കര വില കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കിലോക്ക് 10 രൂപ വരെ വർധിച്ചു. പല കടകളിലും ഒരു കിലോ ശർക്കരയ്ക്ക് 75 80 രൂപയാണ് ഈടാക്കിയത്. പഞ്ചസാര വിലയിലും മൂന്നു നാലു രൂപയുടെ വർധനവുണ്ടായി. വെളിച്ചെണ്ണ വില കിലോക്ക് 20 രൂപയാണ് വർധിച്ചത്. കഴിഞ്ഞദിവസം വെളിച്ചെണ്ണയ്ക്ക് 140 രൂപ ഉണ്ടായിരുന്നത് ഓണത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ 160 രൂപയായി വർധിച്ചു. സദ്യ വിളമ്പുന്നതിനുള്ള തൂശനിലക്ക് സർക്കാർ സ്റ്റാളുകളിൽ പോലും ഒന്നിന് എട്ട് രൂപയാണ് ഈടാക്കിയത്. സദ്യയ്ക്കുവേണ്ട ഉപ്പേരി, ശർക്കര വരട്ടി തുടങ്ങിയവയ്ക്കും വൻ വിലക്കയറ്റം അനുഭവപ്പെട്ടു.
onam vegetable price witness steep hike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here