അരിയുന്ന നാവുകൾ ഒടുങ്ങില്ല; ആളിപ്പടരുന്നു പ്രതിഷേധം
സംഘകൊലയാളികൾ കൊന്നൊടുക്കുന്ന സാമൂഹ്യ പ്രവർത്തകരുടെ എണ്ണം കൂടി വരുമ്പോൾ ആശയങ്ങളെ അരിഞ്ഞു വീഴ്ത്താനാകില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഗാന്ധി മുതൽ ഗൗരി ലങ്കേഷ് വരെ എത്തി നിൽക്കുന്ന കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ വിരുദ്ധ ആശയങ്ങളെ അസഹിഷ്ണുതയോടെ നേരിടുന്നവർക്കെതിരെ നാവുകൊണ്ടും പേനകൊണ്ടും മറുപടി പറയുമെന്ന് ആവർത്തിച്ചാണ് ഓരോ പ്രതിഷേധവും.
കർണാടകയിൽ മാത്രമല്ല, ഇന്ത്യയിലൊന്നാകെ സംഘകൊലയാളികൾക്കെതിരെ പ്രതിഷേധം അലയടിയ്ക്കുകയാണ്. സോഷ്യൽ മീഡിയ ഏറ്റെടുത്ത പ്രതിഷേധം ഒരു കൽബുർഗിയെയോ ഗൗരി ലങ്കേഷിനെയോ കൊന്നതുകൊണ്ട് സംഘപരിവാരത്തിനെതിരായ പ്രക്ഷോഭങ്ങളും നിലപാടുകളും മാറുകയില്ലെന്നും അത് ശക്തിപ്പെടുകയാണെന്നും വ്യക്തമാക്കുകയാണ്.
ഗാന്ധിയെ കൊന്നതിന്റെ പേരിൽ നിരോധിച്ച ആർഎസ്എസിനെ വീണ്ടും നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഇനിയും അഴിച്ചുവീട്ടാൽ ചുട്ടെരിക്കുന്നത് ഒരു വ്യക്തിയെ ആയിരിക്കില്ല, ഈ രാജ്യത്തെ തന്നെയായിരിക്കുമെന്നതിൽ സംശമില്ല.
അക്ഷരങ്ങളെ അവസാനിപ്പിക്കുംതോറും പുതിയ കൈകൾ തൂലികയേന്തിക്കൊണ്ടേയിരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നത്.
ഇന്ത്യയിൽ ഭീകരത, ഭീകരവാദം എന്നാൽ മുസ്ലീം ഭീകരവാദം എന്ന് മാത്രം ചിന്തിക്കുന്ന തരത്തിലേക്ക് സമൂഹത്തെ മാറ്റി, ഇടയിലൂടെ ഒളിച്ചുകടത്തുന്ന ഹിന്ദുത്വ ഭീകരത ഇങ്ങനെയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. ഹിന്ദുത്വ ഭീകരതയ്ക്കും അതിന് വിത്തിടുന്ന ആർഎസ്എസിനുമെതിരെ ഇനിയും നടപടിയെടുക്കാൻ വൈകരുത്. അല്ലാത്ത പക്ഷം നാളെ മറ്റ് പലരും സംഘ കൊലയാളികളുടെ പോയിന്റ് ബ്ലാങ്കിൽ പൊട്ടിത്തെറിയ്ക്കും…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here