‘ആദ്യം വെടിവെച്ചത് തലയ്ക്കു പിന്നിൽ, നിലത്ത് വീണപ്പോൾ നെറ്റിയിലും’;ധബോൽക്കറുടെ കൊലപാതകത്തിൽ പ്രതിയുടെ കുറ്റസമ്മത മൊഴി പുറത്ത്
യുക്തിവാദി നരേന്ദ്ര ധബോൽക്കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയുടെ കുറ്റ സമ്മത മൊഴി പുറത്ത്. ധബോൽക്കറെ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് പ്രതി ശരദ് കലാസ്‌കർ വ്യക്തമാക്കുന്നു. 14 പേജ് നീണ്ട കുറ്റ സമ്മതത്തിന്റെ പതിപ്പ് എൻഡിടിവി പുറത്തുവിട്ടു.
ആദ്യം തലയ്ക്കു പിന്നിലാണ് വെടിവെച്ചതെന്ന് ശരദ് പറയുന്നു. താഴെ വീണപ്പോൾ വലത് കണ്ണിന് മുകളിലും വെടിവെച്ചു. ചില സംഘടനാ നേതാക്കന്മാരുമായി തനിക്ക് ബന്ധമുണ്ടെന്നും പ്രത്യയശാസ്ത്രം മുതൽ തോക്കുകൾ ഉപയോഗിക്കുന്നതുവരെ പരിശീലനം ലഭിച്ചുവെന്നും കലാസ്‌കർ സമ്മതിച്ചു.
ആറുവർഷം മുമ്പാണ് 67കാരനായ ധബോൽക്കർ കൊല്ലപ്പെടുന്നത്. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കഴിഞ്ഞ വർഷം കലാസ്‌കറെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. മഹാരാഷ്ട്രയിലെ നല്ലസോപരയിലെ പിസ്റ്റൾ നിർമാണ കമ്പനിയിലെ റെയ്ഡിലാണ് കലാസ്‌കർ അറസ്റ്റിലായത്. ഗോവിന്ദ് പൻസാരെ, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകവുമായും തനിക്ക് ബന്ധമുണ്ടെന്നും കലാസ്‌കർ സമ്മതിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here