ഗൗരി ലങ്കേഷ് വധക്കേസ്; പ്രതികൾക്ക് ബോംബുണ്ടാക്കാൻ പരിശീലനം നൽകിയത് പ്രജ്ഞ സിങിന്റെ അഭിനവ് ഭാരതിലെ അംഗങ്ങൾ

ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളായ സനാതൻ സൻസ്തയിലെ അംഗങ്ങൾക്ക് ബോംബുണ്ടാക്കാൻ പരിശീലനം നൽകിയത് മാലേഗാവ് സ്‌ഫോടന കേസിലെ പ്രതിയും ബിജെപി സ്ഥാനാർത്ഥിയുമായ പ്രജ്ഞ സിങ് താക്കൂറിന്റെ സംഘടനയായ അഭിനവ് ഭാരതിലെ അംഗങ്ങൾ. ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ബംഗളൂരു കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. പ്രജ്ഞയ്‌ക്കൊപ്പം മാലേഗാവ് സ്‌ഫോടനക്കേസിൽ പ്രതികളായ രണ്ടു പേരും സംഝോത എക്‌സ്പ്രസ്, മക്ക മസ്ജിത്, അജ്മീർ ദർഗ സ്‌ഫോടന കേസിൽ ഉൾപ്പെട്ട മറ്റു രണ്ടു പേരുമാണ് സനാതൻ സൻസ്തയ്ക്ക് വേണ്ടി പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
സനാതൻ സൻസ്ത പോലെ തന്നെ തീവ്ര ഹിന്ദുത്വ സംഘടനയാണ് അഭിനവ് ഭാരത്. 2011 നും 2016 നും ഇടയിലാണ് ബോംബുണ്ടാക്കാനുള്ള പരിശീലനം നടന്നിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. മാലേഗാവ് സ്‌ഫോടനക്കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ഒളിവിൽ കഴിയുകയും ചെയ്യുന്ന അഭിനവ് ഭാരതിലെ അംഗങ്ങളായ റാംജി കൽസങ്കര, സന്ദീപ് ഡാംഗെ എന്നിവരാണ് ബോംബുണ്ടാക്കാൻ പരിശീലനം നൽകിയ രണ്ടുപേർ. ഇരുവർക്കും പ്രജ്ഞയുമായി നല്ല ബന്ധമാണുള്ളത്.
സനാതൻ സൻസ്തയിലുള്ള മൂന്ന് പേരെ ഗൗരി ലങ്കേഷ് കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ കൂടാതെ പരിശീലന ക്യാമ്പിൽ പങ്കെടുത്ത നാല് പേരേയും പൊലീസ് ചോദ്യം ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here