ഗൗരി ലങ്കേഷിനെ എന്തിന് കൊന്നു ?

ധാബോൽക്കർ, ഗോവിന്ദ് പൻസാരെ, എം എം കൽബുർഗി, ഇപ്പോൾ ഗൗരി ലങ്കേഷും. ഫാസിസത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയ നാല് പേരാണ് തുടർച്ചയായി കൊല്ലപ്പെട്ടത്.
സംഘപരിവാർ ഭീകരതയ്‌ക്കെതിരെ ശബ്ദമുയർത്തിയവരെല്ലാം ഓരോന്നായി കൊല്ലപ്പെടുകയാണ്. തങ്ങൾക്കെതിരെ നാവുയർത്തുന്നവരെ അരിഞ്ഞുവീഴ്ത്തിയ ഫാസിസ്റ്റ് ഭീകരത ഇന്ത്യയിൽ വേരൂന്നുന്നതിന്റെ തുടക്കമാണ് ഈ കൊലപാതകങ്ങൾ. തങ്ങൾക്കെതിരെ ഉയരുന്ന ശബ്ദങ്ങളെ ഭയക്കുകയും, ഇഷ്ടമില്ലാത്തവരെ തെരഞ്ഞുപിടിച്ച് വകവരുത്തുകയും ചെയ്തിരുന്ന ഫാസിസമെന്ന ആ പഴയ വീഞ്ഞ് തന്നെയാണ് പുതിയ കുപ്പിയിൽ ഊറി വരുന്നതെന്നതിൽ സംശമില്ല. കൊല്ലപ്പെട്ട നാല് പേരും സംഘപരിവാരങ്ങളുടെ കണ്ണിലെ കരടായിരുന്നു.
എന്നാൽ ഈ വെടിയുണ്ടകൾ മതിയാകില്ല ഹാസിസത്തിനെതിരെ ഉയരുന്നവരുടെ നാവടക്കാനെന്നാണ് ഗൗരി ലങ്കേഷിന്റെ മരണത്തിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങൾ തെളിയിക്കുന്നത്.
ഒടുവിലെ ഇരയായ ഗൗരി ലങ്കേഷിന്റെ മരണത്തിന് കൽബുർഗിയുടെ കൊലപാതകത്തോട് സാമ്യമുണ്ടെന്നാണ് വിലയിരുത്തൽ. സ്വന്തം വീട്ടിലെത്തി ഗൗരിയെ വെടിവച്ച് കൊല്ലുകയായിരുന്നു. വാതിലിൽ മുട്ടി വിളിച്ച് പോയിന്റ് ബ്ലാങ്കിൽ വെടിയേറ്റ് മരിച്ച കൽബുർഗിയ്ക്ക് സമാനമാണ് ഈ കൊലപാതകം.
2015 ഓഗസ്റ്റ് 30 നായിരുന്നു കൽബുർഗിയെ കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നിൽ ആരെന്ന് ഇതുവരെയും കണ്ടെത്താൻ ആയില്ല. കൽബുർഗിയ്ക്ക് ശേഷം കൃത്യം രണ്ട് വർഷങ്ങൾക്ക് ശേഷമാണ് മറ്റൊരു കൊലപാതകം കൂടി കർണാടകയിൽ അരങ്ങേറുന്നത്.
കൽബുർഗിയുടെ കൊലപാതകികളെ കണ്ടെത്താൻ നിരന്തരമായി പോരാടിയ, ഫാസിസത്തിനെതിരെ ശക്തമായി പ്രതികരിച്ച ആളായിരുന്നു മാധ്യമ പ്രവർത്തകകൂടിയായ ഗൗരി ലങ്കേഷ്.
തീവ്ര ഹിന്ദുത്വ ശക്തികളാണ് ഗൗരിയുടെ മരണത്തിന് പിന്നിലെന്നാണ് പരക്കെയുള്ള വാദം. ഇതിന് വ്യക്തമായ കാരണവുമുണ്ട്. കർണാടകയിലെയും മഹാരാഷ്ട്രയിലെയും തീവ്ര ഹിന്ദുത്വ വലതുപക്ഷ സംഘടനകൾക്കെതിരെ ശക്തമായി നിലകൊണ്ട ഗൗരിയുടെ നടപടികളിൽ ഇവർ അസഹിഷ്ണുക്കളായിരുന്നു. ദിനംപ്രതി നിരവധി വധ ഭീഷണി സന്ദേശങ്ങളാണ് ഗൗരി ലങ്കേഷിനെതിരെ വന്നുകൊണ്ടിരുന്നത്. എന്നാൽ തന്റെ തൊഴിലിൽ ഇതെല്ലാം സ്വാഭാവികമാണെന്ന നിലപാടിലായിരുന്നു ഗൗരി.
ടൈംസ് ഓഫ് ഇന്ത്യയിലൂടെയാണ് ഗൗരി മാധ്യമുപ്രവർത്തനം ഔദ്യോഗികമായി ആരംഭിക്കുന്നത്. ബാംഗ്ലൂരിലും പിന്നീട് …ൽഹിയിലും മാധ്യമ പ്രവർത്തകയായി ജോലി ചെയ്തതിന് ശേഷം വീണ്ടും ബാഗ്ലൂരിൽ തിരിച്ചെത്തിയ ഗൗരി കവികൂടിയായ പിതാവ് പി ലങ്കേഷിന്റെ ടാബ്ലോയിഡിൽ ചേർന്നു. ലങ്കേഷ് പത്രിക എന്ന പേരിൽ ഒരു ടാബ്ലോയിഡ് നടത്തിയിരുന്നു അദ്ദേഹം.
ലങ്കേഷിന്റെ മരണത്തോടെ പത്രത്തിന്റെ എഡിറ്ററായി. തുടർന്നാണ് സംഘപരിവാർ ശക്തികൾക്കെതിരായ പ്രവർത്തനങ്ങളിൽ ഗൗരി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നക്‌സൽ പ്രസ്ഥാനങ്ങളിൽ തൽപ്പരയായിരുന്ന ഗൗരി ഇത്തരം വാർത്തകൾ നൽകിയത് സഹോദരനുമായി പിരിയുന്നതിന് വരെ കാരണമായി.
തുടർന്ന് 2005 ൽ സ്വന്തമായി ടാബ്ലോയിഡ് തുടങ്ങി; ഗൗരി ലങ്കേഷ് പത്രിക. മനുഷ്യാവകാശ ലംഘനങ്ങളും തീവ്ര ഹിന്ദുത്വ, വർഗ്ഗീയ നിലപാടുകളും ജാതീയതയും ഗൗരി തന്റെ ടാബ്ലോയിഡിലൂടെ തുറന്നെഴുതി.
എഴുത്തുകളിൽ മാത്രമല്ല, പുറത്ത്, സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളിലും ഗൗരി സ്ഥിരം സാന്നിദ്ധ്യമായിരുന്നു. പെരുമാൾ മുരുകനെതിരായ സംഘപരിവാർ ഭീഷണിയ്‌ക്കെതിരെയും ബീഫ് നിരോധനത്തിനെതിരെയുമെല്ലാം ഗൗരി നിലകൊണ്ടു.
തന്റെ അവസാന നിമിഷവും ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയാണ് ഗൗരി വിടപറഞ്ഞത്. മ്യാൻമാറിൽ ക്രൂരപീഡനങ്ങൾ ഏറ്റുവാങ്ങുന്ന റോഹിങ്ക്യൻ അഭയാർത്ഥികളെ പിന്തുണച്ചുകൊണ്ട് ഗൗരി ട്വീറ്റ് ചെയ്തിരുന്നു. എന്തിനാണ് റോഹിങ്ക്യകളെ പുറത്താക്കുന്നത് എന്ന സുപ്രീം കോടതിയുടെ ചോദ്യവുമായി ബന്ധപ്പെട്ട വാർത്തയാണ് അവർ ട്വീറ്റ് ചെയ്തത്.
Supreme Court asks Centre why it wants to deport Rohingya refugees https://t.co/NPHHYW5U4y via @scroll_in
— Gauri Lankesh (@gaurilankesh) 5 September 2017
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here