ആ കണ്ണുകളുടെ കാഴ്ച മറയ്ക്കാനാകില്ല

വെടിയേറ്റ് മരിച്ച മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കണ്ണുകൾ ദാനം ചെയ്തു. ഗൗരിയുടെ ആഗ്രഹപ്രകാരം കണ്ണുകൾ ദാനം ചെയ്തതായി സഹോദരനാണ് അറിയിച്ചത്. ബംഗളുരു മിന്റോ ആശുപത്രിയുടെ അവയവ ബാങ്കിലേക്കാണ് കണ്ണുകൾ നൽകിയത്. സെപ്തംബർ ആറിന് രാത്രിയിലാണ് വീട്ടിലെത്തിയ അജ്ഞാതർ ഗൗരിയെ കൊലപ്പെടുത്തിയത്.
ടൈംസ് ഓഫ് ഇന്ത്യയിലൂടെയാണ് ഗൗരി മാധ്യമുപ്രവർത്തനം ഔദ്യോഗികമായി ആരംഭിക്കുന്നത്. ബാംഗ്ലൂരിലും പിന്നീട് …ൽഹിയിലും മാധ്യമ പ്രവർത്തകയായി ജോലി ചെയ്തതിന് ശേഷം വീണ്ടും ബാഗ്ലൂരിൽ തിരിച്ചെത്തിയ ഗൗരി കവികൂടിയായ പിതാവ് പി ലങ്കേഷിന്റെ ടാബ്ലോയിഡിൽ ചേർന്നു. ലങ്കേഷ് പത്രിക എന്ന പേരിൽ ഒരു ടാബ്ലോയിഡ് നടത്തിയിരുന്നു അദ്ദേഹം.
ലങ്കേഷിന്റെ മരണത്തോടെ പത്രത്തിന്റെ എഡിറ്ററായി. തുടർന്നാണ് സംഘപരിവാർ ശക്തികൾക്കെതിരായ പ്രവർത്തനങ്ങളിൽ ഗൗരി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നക്‌സൽ പ്രസ്ഥാനങ്ങളിൽ തൽപ്പരയായിരുന്ന ഗൗരി ഇത്തരം വാർത്തകൾ നൽകിയത് സഹോദരനുമായി പിരിയുന്നതിന് വരെ കാരണമായി.
തുടർന്ന് 2005 ൽ സ്വന്തമായി ടാബ്ലോയിഡ് തുടങ്ങി; ഗൗരി ലങ്കേഷ് പത്രിക. മനുഷ്യാവകാശ ലംഘനങ്ങളും തീവ്ര ഹിന്ദുത്വ, വർഗ്ഗീയ നിലപാടുകളും ജാതീയതയും ഗൗരി തന്റെ ടാബ്ലോയിഡിലൂടെ തുറന്നെഴുതി.
എഴുത്തുകളിൽ മാത്രമല്ല, പുറത്ത്, സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളിലും ഗൗരി സ്ഥിരം സാന്നിദ്ധ്യമായിരുന്നു. പെരുമാൾ മുരുകനെതിരായ സംഘപരിവാർ ഭീഷണിയ്‌ക്കെതിരെയും ബീഫ് നിരോധനത്തിനെതിരെയുമെല്ലാം ഗൗരി നിലകൊണ്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here