ഹാദിയയുടെ വിവാഹം റദ്ദാക്കാൻ എങ്ങനെ ഹൈക്കോടതിയ്ക്ക് കഴിയുമെന്ന് സുപ്രീം കോടതി

ഹാദിയ കേസ് പുതിയ വഴിത്തിരിവിലേക്ക്. ഹാദിയയുടെ വിവാഹം റദ്ദാക്കാൻ എങ്ങനെ ഹൈക്കോടതിയ്ക്ക് കഴിയുമെന്ന് സുപ്രീം കോടതി. ഹേബിയസ് കോർപ്പസ് ഹർജി പരിഗണിച്ച് വിവാഹം റദ്ദാക്കാൻ ഹൈക്കോടതിയ്ക്ക് കഴിയുമോ എന്ന് സുപ്രീം കോടതി ചോദിച്ചു. അതേസമയം ഹാദിയയെ തടവിലാക്കാൻ പിതാവിന് കഴിയില്ലെന്നും വിവാഹവും എൻഐഎ അന്വേഷണവും രണ്ടാണെന്നും സുപ്രീം കോടതി പറഞ്ഞു. രണ്ടിലും അന്വേഷണം നടക്കട്ടെ എന്നും കോടതി.
ഷെഹിൻ ജഹാന്റെ അഭിഭാഷകനും എൻഐഎ അഭിഭാഷകനും തമ്മിൽ കോടതി മുറിയിൽ വാക് തർക്കമുണ്ടായി. കേന്ദ്ര സർക്കാരിന്റെ കയ്യിലെ പാവയാണ് എൻഐഎ എന്ന് ഷെഹിൻ ജഹാന്റെ അഭിഭാഷകൻ ആരോപിച്ചതോടെ ഇരു അഭിഭാഷകരും തമ്മിൽ തർക്കം തുടങ്ങിയത്.
ഹാദിയയെ കോടതി കേൾക്കണമെന്നും ഹാദിയ വരാൻ തയ്യാറല്ലെങ്കിൽ ഈ കേസുമായി തങ്ങൾ മുന്നോട്ട് പോകില്ലെന്നും ഷെഫിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഹാദിയയ്ക്ക് പറയാനുള്ളത് കേൾക്കുമെന്ന് കോടതി വ്യക്തമാക്കി.
എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ നിമിഷ ഫാത്തിമയുടെ അമ്മയും കക്ഷി ചേർന്നിരുന്നു. ഗുരുതര ആരോപണങ്ങളാണ് ഇവർ ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. കേരളം ജിഹാദി പ്രവർത്തനങ്ങളുടെ വിളനിലമാണെന്ന് ഹർജിയിൽ നിമിഷയുടെ അമ്മ ആരോപിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here