ആരാണ് പ്രഥമ വനിത; ട്രംപിനെ ചുറ്റിച്ച് ഭാര്യമാരുടെ വാക്പോര്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മൂന്ന് ഭാര്യമാരും അവരിൽ അഞ്ച് മക്കളുമുണ്ട്. ഒരു വലിയ കുടുംബത്തിന് നാഥനായ ട്രംപ് അമേരിക്കയുടെ തന്നെ പ്രസിഡന്റായത് മുതൽ വിവാദങ്ങൾക്ക് ഒരു കുറവുമില്ല. മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെയും ഭാര്യ മിഷേലിന്റെയും പ്രണയ നിമിഷങ്ങൾ വൈറ്റ് ഹൗസിൽനിന്ന് വാർത്തയായിരുന്നു. എന്നാൽ പ്രസിഡന്റ് ട്രംപിന്റെ ഭാര്യമാരുടെ വാക് പോരാണ് ഇപ്പോൾ വൈറ്റ് ഹൗസിലെ ചൂടൻ ചർച്ച.

ട്രംപിന്റെ ഭാര്യമാർ : മെലാനിയ, മാർലാ മേപ്പിൾസ്, ഇവാന
ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപ് ആണ് വിവാദത്തിന് തിരികൊളുത്തിയത്. ഗുഡ്മോർണിംഗ് അമേരിക്ക എന്ന പരിപാടിയ്ക്കിടെ താൻ തന്നെയാണ് പ്രഥമ വനിതയെന്ന് പരാമർശിച്ചതാണ് എല്ലാത്തിനും തുടക്കം. ട്രംപിന്റെ നിലവിലെ ഭാര്യയായ മെലാനിയ ട്രംപിന് തന്റെ ഔദാര്യമാണ് പ്രഥമ വനിതാ സ്ഥാനം എന്ന തരത്തിലായിരുന്നു ഇവാനയുടെ വാക്കുകൾ.

ആദ്യ ഭാര്യ ഇവാനയും ട്രംപും
” ട്രംപിന്റെ മൂന്ന് മക്കളുടെ അമ്മയാണ് താൻ. അദ്ദേഹത്തിന്റെ ആദ്യ ഭാര്യ. അപ്പോൾ താൻ തന്നെയാണ് പ്രഥമ വനിത. എന്നാൽ അതിന് ഇപ്പോൾ താത്പര്യമില്ല. അവിടെ മെലാനിയ ഉണ്ടല്ലോ. അവർക്ക് അസൂയ തോന്നിയാലോ. മാത്രമല്ല, വാഷിംഗ്ടൺ തനിയ്ക്ക് ഇഷ്ടമല്ല. തൽക്കാലം പ്രഥമ വനിതാ സ്ഥാനം മെലാനിയയ്ക്ക് തന്നെ ഇരിക്കട്ടെ…” ഇവാന പറഞ്ഞു.

ട്രംപിന്റെ കുടുംബം
റെയ്സിംഗ് ട്രംപ് എന്ന തന്റെ പുസ്തകത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തി പരിപാടിയ്ക്കിടെയായിരുന്നു ഇവാനയുടെ വിവാദ പരാമർശം. ട്രംപുമൊത്തുള്ള നീണ്ട കാലത്തെ ദാമ്പത്യവും വേർപിരിയലും തുടർന്നുള്ള ജീവിതുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

സത്യപ്രതിജ്ഞ സമയത്ത് ട്രംപും ഭാര്യ മെലാനിയയും
അതേസമയം പുസ്തകം വിറ്റഴിക്കാനുള്ള തന്ത്രമാണ് ഇവാനയുടേതെന്ന് മെലാനിയയുടെ വക്താവ് സ്റ്റെഫാനി ഗ്രിഷാം പ്രതികരിച്ചു. മെലാനിയയ്ക്ക് വൈറ്റ് ഹൗസ് തന്റെ വീടാണ്. അവർ വാഷിംഗ് ടൺ ഇഷ്ടപ്പെടുന്നു. കുട്ടികളെ സഹായിക്കാനാണ് തന്റെ പ്രഥമ വനിതാ സ്ഥാനം മെലാനിയ വിനിയോഗിക്കുന്നതെന്നും പുസ്തകം വിൽക്കാനല്ലെന്നും വക്താവ് അറിയിച്ചു.

ട്രംപും രണ്ടാം ഭാര്യ മാർലാ മേപ്പിൾസും
ഇവാനയുമായുള്ള ബന്ധം വേർപിരിഞ്ഞ ശേഷം ട്രംപ് മോഡലായ മാർലാ മേപ്പിൾസിനെ വിവാഹം ചെയ്തിരുന്നു. ഈ ബന്ധത്തിൽ ഇരുവർക്കും ഒരു മകളുണ്ട്. ഈ ബന്ധം തകർന്നതിന് ശേഷമാണ് ട്രംപ് മോഡലായ മെലാനിയയെ വിവാഹം ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here