Advertisement

ഇന്ത്യ നടന്ന വഴികള്‍

December 31, 2017
Google News 1 minute Read
top 10 happenings in India 2017, Round up 2017

2017 ല്‍ രാജ്യത്തുണ്ടായ പത്ത് പ്രധാന സംഭവങ്ങള്‍

1. യുപി പിടിച്ച് ബിജെപി

top 10 happenings in India 2017, Round up 2017

സമാജ് വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തിന്റെ തകര്‍ച്ചയും ബിജെപിയുടെ വളര്‍ച്ചയും . ഒരു വാചകത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാം ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനെ.വന്‍ ഭൂരിപക്ഷം നേടി ബിജെപി അധികാരത്തില്‍ എത്തി.യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായി.ഹൈന്ദവ രാഷ്ട്രീയത്തിന്റെ വിളവെടുപ്പാണ് യുപിയില്‍ കണ്ടത്.നോട്ട് നിരോധനവും ബീഫ്‌കൊലകളും ബിജെപിക്ക് തിരിച്ചടിയായില്ല. ബിഎസ്പി രണ്ടാം സ്ഥാനത്ത് എത്തി. കോണ്‍ഗ്രസ് ഏഴ് സീറ്റില്‍ ഒതുങ്ങി. വോട്ടിംഗ് യന്ത്രത്തില്‍ ബിജെപി ക്രമക്കേട് നടത്തിയെന്ന്  ആരോപിച്ച ബിഎസ്പി ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്താന്‍ വെല്ലുവിളിച്ചു.ഗോരഖ്പൂരിലെ ബിആര്‍ഡി മെഡി. കോളെജിലെ കുട്ടികളുടെ കൂട്ടമരണം തുടക്കത്തില്‍ തന്നെ ബിജെപി സര്‍ക്കാരിന് തിരിച്ചടിയായി.കൊലപാതകങ്ങളും ബലാത്സംഗങ്ങളും വര്‍ദ്ധിച്ചതോടെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ബന്ധിതമായി

2. ഇന്ത്യയും ചൈനയും നേര്‍ക്കുനേര്‍

top 10 happenings in India 2017, Round up 2017

അതിര്‍ത്തിയിലെ തുടര്‍ച്ചയായ അസ്വാരസ്യങ്ങള്‍ക്കിടെ ജൂണ്‍ മാസത്തില്‍ സിക്കിമിലെ ദോക്‌ലാമില്‍ ഇന്ത്യയും ചൈനയും യുദ്ധത്തിന്റെ വക്കോളമെത്തി. തര്‍ക്കമേഖലയില്‍ റോഡ് നിര്‍മ്മിക്കാനുള്ള ചൈനീസ് നീക്കമാണ് സംഘര്‍ഷത്തിന് കാരണമായത്.ചൈനീസ് നീക്കത്തെ ഇന്ത്യ എതിര്‍ത്തു. ദോക് ലാമിലേക്ക് കൂടുതല്‍ ഇന്ത്യന്‍ സൈന്യം എത്തി.ഇതിനിടെ ഇരു രാജ്യങ്ങളുടേയും സൈനികര്‍ തമ്മില്‍ ഉന്തുംതള്ളുമുണ്ടായ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു.ചര്‍ച്ചയ്ക്ക് ഒടുവില്‍ ഇന്ത്യ അധിക സൈന്യത്തെ പിന്‍വലിച്ചതോടെയാണ് സംഘര്‍ഷാവസ്ഥ ഒഴിവായത്.

3. ജ. കര്‍ണ്ണന്‍ ജയിലഴിക്കുള്ളില്‍

top 10 happenings in India 2017, Round up 2017

സുപ്രീംകോടതി നടപടികളെ പരസ്യമായി വിമര്‍ശിച്ച കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി ജ.കര്‍ണ്ണന്‍ ജൂണ്‍ മാസത്തില്‍ അഴിക്കുള്ളിലായി. കോടതിയലക്ഷ്യ കേസിലായിരുന്നു തടവുശിക്ഷ.ഹൈക്കോടതി ജഡ്ജിയായിരിക്കെ ശിക്ഷിക്കപ്പെട്ട ആദ്യയാളായി ജ.കര്‍ണ്ണന്‍.സുപ്രീംകോടതി വിധിയോടെ കര്‍ണ്ണന്‍ ഒളിവില്‍ പോയി. ഹൈക്കോടതി ജഡ്ജിയെത്തേടി ബംഗാള്‍ പൊലീസ് പരക്കംപാഞ്ഞു. ഒടുവില്‍ കോയമ്പത്തൂരില്‍ നിന്നാണ് ജ.കര്‍ണ്ണനെ അറസ്റ്റ് ചെയ്തത്.ജയില്‍ വാസത്തിന് ശേഷം ഡിസംബറില്‍ അദ്ദേഹം പുറത്തിറങ്ങി

4. രാംനാഥ് ഇന്ത്യയുടെ പ്രഥമപൗരന്‍

ramnath president visits kerala for the first time tomorrow

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ജൂലൈയില്‍ രാംനാഥ് കോവിന്ദ് ചുമതലയേറ്റു.ബിഹാര്‍ ഗവര്‍ണര്‍ സ്ഥാനത്ത് നിന്നാണ് കോവിന്ദ് പ്രഥമപൗരനായത്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ മീരാകുമാറിനെയാണ് രാംനാഥ് പരാജയപ്പെടുത്തിയത്.കെ ആര്‍ നാരായണന് ശേഷം രാഷ്ട്രപതി ഭവനിലെ ആദ്യ ദളിത് സാന്നിധ്യമായി രാംനാഥ് കോവിന്ദ്. മുന്‍ കേന്ദ്ര മന്ത്രിയായ വെങ്കയ്യനായിഡു ഉപരാഷ്ട്രപതിയായും തിരഞ്ഞെടുക്കപ്പെട്ടു.പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ ഗോപാല്‍ കൃഷ്ണ ഗാന്ധിയെയാണ് വെങ്കയ്യ നായിഡു പരാജയപ്പെടുത്തിയത്

5.ഒരൊറ്റ രാഷ്ട്രം ഒരൊറ്റ നികുതി

top 10 happenings in India 2017, Round up 2017

സ്വാതന്ത്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്‌കാരം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കി. അര്‍ധരാത്രിയില്‍ പാര്‍ലമെന്റ് സമ്മേളിച്ചാണ് പ്രഖ്യാപനം നടത്തിയത്.ജൂലൈ 1 പുലര്‍ന്നത് പുതിയ നികുതി ഘടനയിലേക്കായിരുന്നു.വിവിധ സ്ലാബുകളായി തിരിച്ച് നികുതിഘടന പരിഷ്‌കരിച്ചതോടെ സാധനങ്ങളുടെ വില കുറയുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. ജിഎസ്ടിയുടെ തുടക്കത്തില്‍ തന്നെ കല്ലുകടികള്‍ ഉണ്ടായി.പല മേഖലകളില്‍ നിന്നും വ്യാപക പരാതികള്‍ ഉയര്‍ന്നു. വില കുറഞ്ഞില്ലെന്ന് മാത്രമല്ല,പല സാധനങ്ങളുടേയും വില വന്‍ തോതില്‍ കൂടുകയും ചെയ്തു. പല സംസ്ഥാനങ്ങളുടേയും നികുതി വരുമാനം കുറഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കി. ജിഎസ്ടി റിട്ടേണിലും ആശയക്കുഴപ്പമുണ്ടായി.പല തവണ ജിഎസ്ടി കൗണ്‍സില്‍ യോഗം ചേര്‍ന്ന് സ്ലാബ് ഘടന പരിഷ്‌കരിച്ചെങ്കിലും പരാതികള്‍ അവസാനിച്ചിട്ടില്ല

6. ആള്‍ദൈവം അഴിക്കുള്ളില്‍

top 10 happenings in India 2017, Round up 2017

ആശ്രമത്തിലെ അന്തേവാസിയായിരുന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ സെപ്റ്റംബര്‍ മാസത്തിലാണ് ഗുര്‍മീത് റാം റഹീം ജയിലിലായത്. ദേരാ സച്ചാ സൗദയുടെ ഹരിയാനയിലെ ആശ്രമത്തില്‍ വച്ചാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. വര്‍ഷങ്ങള്‍ നീണ്ട വിചാരണയ്ക്ക് ഒടുവില്‍ പ്രത്യേക സിബിഐ കോടതിയാണ് ഗുര്‍മീതിന് 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. ഗുര്‍മീതിന്റെ അറസ്റ്റിന് പിന്നാലെ ഹരിയാനയില്‍ വ്യാപക ആക്രമണങ്ങള്‍ ഉണ്ടായി.പിന്നാലെ ഗുര്‍മീതിന്റെ തട്ടിപ്പുസാമ്രാജ്യത്തിന്റെ കഥകളും പുറത്തുവന്നു. കോടികളുടെ ആഢംബര വാഹനങ്ങളും ബിസിനസും സ്വന്തമായുള്ള ആള്‍ദൈവം ദിവസങ്ങളോളം വാര്‍ത്തകളില്‍ നിറഞ്ഞു.ഇതിനിടെ,ഗുര്‍മീതിന്റെ ആശ്രമം ഒഴിപ്പിച്ച പൊലീസ് സ്വത്തുക്കള്‍ കണ്ടുകെട്ടി

7. അതിര്‍ത്തി കാക്കാന്‍ നിര്‍മ്മല

top 10 happenings in India 2017, Round up 2017

സെപ്റ്റംബര്‍ മാസത്തില്‍ കേന്ദ്ര മന്ത്രിസഭ പുന:സംഘടിപ്പിച്ചത് ചരിത്രമായി. ഇന്ദിരാഗാന്ധിക്ക് ശേഷം ഒരു വനിത പ്രതിരോധ വകുപ്പിന്റെ തലപ്പത്ത് എത്തിയത് വഴിയായിരുന്നു അത്. വാണിജ്യ മന്ത്രി സ്ഥാനത്ത് നിന്നാണ് കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗം കൂടിയായ നിര്‍മ്മല കേന്ദ്രമന്ത്രിസഭയിലെ രണ്ടാമത്തെ ഉയര്‍ന്ന പദവിയില്‍ എത്തിയത്. പാക്,ചൈനീസ് അതിര്‍ത്തികള്‍ സന്ദര്‍ശിച്ച നിര്‍മ്മല ഇന്ത്യന്‍സൈനികര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു. ചൈനീസ് സൈനികരുമായുള്ള നിര്‍മ്മലയുടെ സംഭാഷണ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ നിര്‍ണായക ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ നിര്‍മ്മല സീതാരാമന്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലും വാര്‍ത്തയായി

8. മാനുഷിക്ക് ലോകസുന്ദരിപ്പട്ടം

top 10 happenings in India 2017, Round up 2017

ദില്ലി സ്വദേശിനിയായ മാനുഷി ചില്ലര്‍ ലോകത്തിന്റെ നെറുകയില്‍ എത്തിയത് 2017 നവംബറില്‍. ചൈനയില്‍ നടന്ന മത്സരത്തില്‍ 108 സുന്ദരിമാരെ മറികടന്നാണ് മാനുഷി വിജയിയായത്. പതിനേഴ് വര്‍ഷത്തിന് ശേഷമാണ് ഒരിന്ത്യക്കാരി ലോകസുന്ദരിയായത് എന്നത് വിജയത്തിന്റെ മാറ്റുകൂട്ടി.2000-ല്‍ പ്രിയങ്ക ചോപ്രയാണ് ഇതിന് മുന്‍പ് ലോകസുന്ദരിപ്പട്ടം ഇന്ത്യയ്ക്ക് സമ്മാനിച്ചത്

9. കോണ്‍ഗ്രസിനെ രാഹുല്‍ നയിക്കും

rahul gandhi takes charge as congress president today

മാസങ്ങള്‍ നീണ്ട സംഘടനാ തെരഞ്ഞെടുപ്പിന് ഒടുവില്‍ ഡിസംബര്‍ 16 ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റു. അമ്മ സോണിയാ ഗാന്ധിയില്‍ നിന്നാണ് രാഹുല്‍ പദവി ഏറ്റെടുത്തത്. എതിരാളികളില്ലാതെയാണ് രാഹുലിന്റെ തിരഞ്ഞെടുപ്പ്.ബിജെപിയുടെ മുന്നേറ്റങ്ങള്‍ക്കിടെ കോണ്‍ഗ്രസിനെ  ശക്തമാക്കുക എന്നതാണ് രാഹുല്‍ ഗാന്ധിയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി.സ്ഥാനമേറ്റതിന് പിന്നാലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞത് രാഹുലിനും കോണ്‍ഗ്രസിനും ആത്മവിശ്വാസം പകര്‍ന്നു

10. ഗുജറാത്തിലും ഹിമാചലിലും ബിജെപി

top 10 happenings in India 2017, Round up 2017

ഗുജറാത്ത്,ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഡിസംബറില്‍ പുറത്തുവന്നപ്പോള്‍ ബിജെപി ഭരണം നേടി. ഗുജറാത്തില്‍ 22 വര്‍ഷത്തെ ചരിത്രത്തിനിടെ ബിജെപിക്ക് സീറ്റുകളുടെ കാര്യത്തില്‍ മൂന്നക്കം കടക്കാനായില്ല. 150 സീറ്റുകള്‍ എന്ന അമിത് ഷായുടെ പ്രഖ്യാപനത്തിന്റെ അടുത്തെത്താന്‍ പോലും കഴിയാതെ 99 സീറ്റുകളിലേക്ക് ബിജെപി വീണു. കോണ്‍ഗ്രസ് ആകട്ടെ 80 സീറ്റുകളിലേക്ക് ഉയര്‍ന്ന് വന്‍ മുന്നേറ്റമുണ്ടാക്കി. ഹിമാചല്‍ പ്രദേശില്‍ പാര്‍ട്ടികളെ മാറിമാറി പരീക്ഷിക്കുന്ന പതിവ് തുടര്‍ന്നു. കോണ്‍ഗ്രസ് തോല്‍ക്കുകയും ബിജെപി അധികാരത്തില്‍ എത്തുകയും ചെയ്തു. ഗുജറാത്തില്‍ വിജയ് രൂപാണിയും ഹിമാചല്‍പ്രദേശില്‍ ജയ് റാം താക്കൂറും മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

top 10 happenings in India 2017, Round up 2017

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here