കലോത്സവത്തിന് കൊടിയിറങ്ങി; ഇനി ആലപ്പുഴയില്‍ കാണാം…

ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് തൃശൂരില്‍ കൊടിയിറങ്ങി. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സമ്മാനങ്ങള്‍ നേടുക എന്നതല്ല പങ്കെടുക്കുക എന്നതാണ് വലിയ കാര്യമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ കലോത്സവമെന്ന ബൃഹത്തായ സ്വപ്‌നം സാധ്യമാക്കിയ മുന്‍കാല മന്ത്രിമാരെയും കലാസാഹിത്യ രംഗത്തെ പ്രമുഖരെയും ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസംഗം. അപ്പീലുകള്‍ കലോത്സവത്തിന്റെ നിറം കെടുത്തുന്നുണ്ടെന്നും അതിന് ഏറ്റവും ഉചിതമായ രീതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. കലോത്സവത്തിന്റെ പൂര്‍ണ്ണമായ മാന്വല്‍ പരിഷ്‌കരണം രണ്ട് വര്‍ഷത്തിനകം നടപ്പിലാക്കുമെന്ന് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. കൃഷിവകുപ്പ് മന്ത്രിയും കലോത്സവത്തിന്റെ സംഘാടകസമിതി ചെയര്‍മാനുമായ വി.എസ് സുനില്‍കുമാര്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. കലോത്സവത്തിന് ലഭിച്ചത് മികച്ച ജനകീയ പിന്തുണയായിരുന്നുവെന്ന് വി.എസ് സുനില്‍കുനാര്‍ പറഞ്ഞു. കലോത്സവത്തിന് പുറകില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും സംഘാടക സമിതി ചെയര്‍മാന്‍ എന്ന നിലയില്‍ മന്ത്രി നന്ദി അറിയിക്കുകയും ചെയ്തു. എം.പി ഇന്നസെന്റ്, എം.പി സി.എന്‍ ജയദേവന്‍, എം.എല്‍.എ കെ.രാജന്‍, എം.എല്‍.എ മുരളി പെരുന്നെല്ലി എന്നിവരും കലാസാംസ്‌കാരിക രംഗത്തെ പ്രമുഖരും സമ്മേളനത്തില്‍ പങ്കെടുത്തു. വിജയികളായ കോഴിക്കോടിനുള്ള സ്വര്‍ണ്ണകിരീടം രമേശ് ചെന്നിത്തലയും മന്ത്രിമാരും ചേര്‍ന്ന് സമ്മാനിച്ചു. അടുത്ത തവണ 59-ാമത് സംസ്ഥാന കലോത്സവത്തിന് ആലപ്പുഴ ആതിഥ്യം വഹിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here