പതിവുരീതികളെല്ലാം കാറ്റിൽപറത്തി ഇവിടെ രഥത്തിലേറി വന്നത് വരനല്ല… വധുവാണ് !

പതിവിലും വിപരീതമായ ആ കാഴ്ച കണ്ട് ചിരാവയിലെ ജനങ്ങൾ ശരിക്കും ഞെട്ടി. കാരണം ബന്ദോരി എന്ന ചടങ്ങിന് മുന്നോടിയായി നടക്കുന്ന രഥയാത്രയിൽ വരന് പകരം ഇരിക്കുന്നത് വധുവാണ്. എന്നാൽ പാട്രിയാർക്കിയെ വെല്ലുവിളിച്ചുകൊണ്ടുള്ള ഈ യാത്ര ചിരാവയിൽ മാത്രം ഒതുങ്ങിയില്ല…ഇന്ന് ഈ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്.
ജയ്പൂറിലെ ജുൻജുനു ജില്ലയിലാണ് ചിരാവ എന്ന കൊച്ചുപട്ടണം. അവിടെ വിവാഹത്തിന് മുമ്പായി നടക്കുന്ന ബന്ദോരി എന്ന ചടങ്ങിന് മുന്നോടിയായി വരൻ രഥത്തിൽ യാത്ര നടത്തും. വരൻ രഥത്തിലേറി വരുന്നത് മാത്രം കണ്ടുശീലിച്ച ചിരാവ നിവാസികൾക്ക് ഒരു സ്ത്രീ രഥയാത്ര നടത്തുന്നത് അത്ഭുതകാഴ്ചയായിരുന്നു.
ഗാർഗി എന്ന പെൺകുട്ടിയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ഈ സാഹസത്തിന് മുതിർന്നത്.
യുകെയിൽ നിന്നും എംബിഎ പഠിച്ചുവന്ന ഗാർഗി അഹ്ലവാട് കഴിഞ്ഞ മൂന്ന് ദിവസമായി ജുൻജുനുവിലെ വിവിധ ഇടങ്ങളിലായി രഥയാത്ര നടത്തുകയാണ്. മകനും മകളും തുല്യരാണ് എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് യാത്രയുടെ ഉദ്ദേശം. ജുൻജുനു എംപി സന്തോഷ് അഹ്ലവാടിന്റെ മകളാണ്. ഉദയ്പൂർ സ്വദേശിയായ കുശാൽ ഗുപ്തയാണ് ഗാർഗിയുടെ വരൻ.
രാജസ്ഥാനിലെ കണ്ടുവരുന്ന ചടങ്ങാണ് ബന്ദോരി. ചടങ്ങ് പ്രകാരം വധുവിനെയും വരനെയും അവരുടെ ബന്ധുക്കൾ വിരുന്നിന് ക്ഷണിക്കും. എന്നാൽ വരനാണ് രഥത്തിൽ വരുന്നത്.
നാട്ടുകാരിൽ നിന്ന് എതിർപ്പ് ഗാർഗി പ്രതീക്ഷിച്ചുവെങ്കിലും രഥത്തിലേറി വരുന്ന വധുവിനെ ആളുകൾ ആവേശത്തോടെയാണ് വരവേറ്റത്.
MBA bride takes a chariot challenging tradition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here