Advertisement

‘ഞങ്ങള്‍ക്ക് അറിയാമായിരുന്നു; ഇന്ദ്രന്‍സ് നല്ല നടനാണെന്ന്’

March 8, 2018
Google News 3 minutes Read

ഉന്മേഷ് ശിവരാമന്‍

തിരുവനന്തപുരം കുമാരപുരം സ്വദേശി സുരേന്ദ്രന്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടില്ല. പട്ടിണിയാണ് അമ്മാവന്റെ തയ്യല്‍ക്കടയില്‍ എത്തിച്ചത്. അതിനിടെ നാടകാഭിനയവും തുടങ്ങി. അമച്വര്‍-പ്രൊഫഷണല്‍ ട്രൂപ്പുകളില്‍ സജീവമായി. സ്വന്തമായി തുടങ്ങിയ തയ്യല്‍ക്കടയ്ക്ക് ‘ഇന്ദ്രന്‍സെ’ന്ന് പേരിട്ടു. . സുഹൃത്തുവഴി സിനിമയില്‍ വസ്ത്രാലങ്കാരം നിര്‍വഹിക്കാന്‍ അവസരം കിട്ടിയത് 1981-ല്‍.’ചൂതാട്ട’മെന്ന ആ സിനിമയില്‍ അഭിനയിക്കുകയും ചെയ്തു. അങ്ങനെ വസ്ത്രാലങ്കാരവും അഭിനയവും ‘ഇന്ദ്രന്‍സെ’ന്ന പേരിലായി.

ഇന്ദ്രന്‍സെന്ന പൊട്ടിച്ചിരി
ചാര്‍ലി എന്ന നിര്‍മ്മാതാവ് ഇന്ദ്രന്‍സിന് പിന്നീടും അവസരങ്ങള്‍ നല്‍കി. സഹതാരങ്ങള്‍ക്ക് വസ്ത്രങ്ങള്‍ തുന്നിയും ഇടയ്ക്കിടെ ക്യാമറയ്ക്ക് മുന്നില്‍ മുഖം കാണിച്ചും ഇന്ദ്രന്‍സ് സിനിമയോട് അടുത്തു. 1993- ല്‍ പുറത്തിറങ്ങിയ ‘മേലേപ്പറമ്പില്‍ ആണ്‍വീട്’ എന്ന സിനിമയിലെ ബ്രോക്കര്‍ കഥാപാത്രമാണ് ശ്രദ്ധേയനാക്കിയത്. 90-കളില്‍ മലയാള സിനിമയുടെ ഹാസ്യമുഖമായിരുന്നു ഇന്ദ്രന്‍സ്. ആകാരവും ശബ്ദവിന്യാസവും കൊണ്ട് പൊട്ടിച്ചിരിപ്പിച്ച ‘ഇന്ദ്രന്‍സ്‌കാലം’ പ്രേക്ഷകര്‍ മറന്നിട്ടില്ല. ഹാസ്യത്തിന്റെ വാര്‍പ്പുമാതൃകയില്‍ മാത്രമാണ് ഏറെക്കാലം ഇന്ദ്രന്‍സിനെ കണ്ടത്. 2004-ല്‍ ‘കഥാവശേഷന്‍ ‘പുറത്തുവരുന്നത് വരെ അതുതുടര്‍ന്നു.

ഇന്ദ്രന്‍സിന്റെ തിരിച്ചറിവുകള്‍
ആകാരവും ശബ്ദഗാംഭീര്യവുമാണ് സിനിമയിലെ നായകത്വ സങ്കല്പ്പങ്ങള്‍. മലയാള സിനിമയിലെ നായക പരിചരണവും വ്യത്യസ്തമല്ല.രൂപഭംഗി കുറഞ്ഞവര്‍ ഹാസ്യോല്‍പ്പന്നമായി മാറുന്ന പരിസരമാണ് ഇന്ദ്രന്‍സിനെയും ക്ലീഷേ വേഷങ്ങളില്‍ ഒതുക്കിയത്. തന്റെ രൂപമാണ് ഹാസ്യറോളില്‍ നിലനിര്‍ത്തിയത് എന്ന് അദ്ദേഹം തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു അഭിമുഖത്തില്‍ ഈ ചോദ്യം ഉയരുന്നുണ്ട്.’ആദ്യമൊക്കെ തിരി കത്തിക്കുമ്പോഴും പ്രാര്‍ത്ഥിക്കുമ്പോഴും ദൈവത്തോട് പരിഭവമുണ്ടായിരുന്നു, ഈ രൂപം തന്നതില്‍. പിന്നീട് ഓര്‍ത്തു; ദൈവം എന്തെങ്കിലും കരുതി വച്ചിട്ടുണ്ടാകുമെന്ന്’ . ഇന്ദ്രന്‍സിന്റെ ഈ മറുപടിയിലുണ്ട് നടനെന്ന നിലയിലുണ്ടായിരുന്ന, വേഷങ്ങള്‍ക്കായുള്ള കാത്തിരിപ്പ്.

ഇന്ദ്രന്‍സിന്റെ ‘ആളൊരുക്കവും പാതിയും’

‘ആളൊരുക്ക’ത്തില്‍ ഇന്ദ്രന്‍സ് പപ്പുവാശാനെന്ന ഓട്ടന്‍തുള്ളല്‍ കലാകാരനാണ്. പപ്പുവാശാന്‍ പറയുന്ന പ്രണയകഥയാണ് സിനിമയുടെ പ്രമേയം. ഇന്ദ്രന്‍സിന്റെ പറച്ചിലിന്റെ ഭംഗിയാണ് അഭിനയ മികവിന്റെ സാക്ഷ്യമാകുന്നത്. എത്രകാലം കഴിഞ്ഞാലും മങ്ങാത്ത നിറക്കൂട്ടായി ആ കഥ പറച്ചില്‍ മാറുന്നു. ഇന്ദ്രന്‍സെന്ന മികച്ച നടന്റെ പകര്‍ന്നാട്ടമായും.

ഭ്രൂണഹത്യ ചര്‍ച്ച ചെയ്യുന്ന ‘പാതി’യെന്ന ചിത്രം ഇന്ദ്രന്‍സെന്ന നടന്റെ വീണ്ടെടുക്കലാണ്.കമ്മാരന്‍ എന്ന നാട്ടുവൈദ്യന്റെ വേഷമാണ് ഇന്ദ്രന്‍സിന്. തെയ്യംകഥയുടെ പരിസരത്തിനൊപ്പമുള്ള ഇന്ദ്രന്‍സിന്റെ പകര്‍ന്നാട്ടങ്ങള്‍ അഭിനയ മികവിന്റെ സാക്ഷ്യവും. മുഖ്യധാരാ നടീ-നടന്‍മാരെ ഒഴിവാക്കിയാണ് ‘പാതി’യിലെകഥാപാത്ര പരിചരണം. കച്ചവടം മാത്രമല്ല സിനിമയെന്ന ബോധ്യമാണ് അതിലേക്ക് നയിക്കുന്നത്.
ഇന്ദ്രന്‍സിന്റെ ഹാസ്യമാണ് കച്ചവട സിനിമയ്ക്ക് വേണ്ടിയിരുന്നത്. ഹാസ്യത്തിന്റെ രുചിക്കൂട്ടുകള്‍ മാത്രമല്ല തനിക്ക് വഴങ്ങുകയെന്ന് തെളിയിക്കാന്‍ ഇന്ദ്രന്‍സിന് നഷ്ടമാക്കേണ്ടി വന്നത് എത്രയോ വര്‍ഷങ്ങളാണ്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here