ഇഎംഎസ് ഇല്ലാത്ത ഇരുപത് വര്‍ഷം

ഉന്മേഷ് ശിവരാമന്‍ 

മലയാളികളെ പൊട്ടിച്ചിരിപ്പിച്ച നായനാര്‍ പൊട്ടിക്കരയുന്നത് അന്നാദ്യമായി കേരളം കണ്ടു.1998 മാര്‍ച്ച് 19.ഇഎംഎസ് ഇനി ജീവിതത്തിലേക്ക് മടങ്ങില്ലെന്നറിഞ്ഞപ്പോള്‍;അന്ന് മുഖ്യമന്ത്രിയായിരുന്ന നായനാര്‍ തിരുവനന്തപുരം കോസ്‌മോപൊളിറ്റന്‍ ആശുപത്രിയില്‍ നിയന്ത്രണം വിട്ടുകരഞ്ഞു.ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ദിശാബോധം നല്‍കിയവരില്‍ പ്രമുഖനായിരുന്നു ഇഎംഎസ്.ആശയതലത്തിലും പ്രായോഗികതയിലും ഒരേസമയം, മികച്ചുനിന്ന കമ്യൂണിസ്റ്റ്.രാഷ്ട്രീയം മാത്രമല്ല ഇഎംഎസ് സംസാരിച്ചത്.മലയാള ഭാഷയെക്കുറിച്ച് വ്യക്തതയോടെ നിരീക്ഷണങ്ങള്‍ അവതരിപ്പിച്ചു. മലയാളിയുടെ സ്വത്വബോധത്തെ നിര്‍മ്മിച്ചു.സാഹിത്യപദ്ധതിയിലെ കലഹങ്ങള്‍ക്ക് തീര്‍പ്പുകല്‍പ്പിച്ചു. സ്വാതന്ത്ര്യാനന്തരം രൂപംകൊണ്ട മലയാളബോധത്തെ നിര്‍വചിക്കുന്നതില്‍ ഇത്രയേറെ ഇടപെടലുകള്‍ നടത്തിയ രാഷ്ട്രീയപ്രവര്‍ത്തകന്‍ വേറെയുണ്ടാവില്ല.

പൂണൂലിന് പുറത്തേക്ക്

1909 ജൂണ്‍ 13 ന് പെരിന്തല്‍മണ്ണയിലെ ഏലംകുളം മനയിലായിരുന്നു ഇഎംഎസിന്റെ ജനനം.ചെറുപ്പത്തില്‍ തന്നെ സമുദായത്തിലെ പുരോഗമന ആശയക്കാരുമായി അടുപ്പത്തിലായി.നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തി.സവര്‍ണ്ണതയുടെ മേലാപ്പിന് കീഴിലായിരുന്നില്ല ഇഎംഎസ് ജീവിതം പഠിച്ചത്.കോളെജ് പഠനകാലത്ത് ദേശീയപ്രസ്ഥാനത്തില്‍ ആകൃഷ്ടനായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു.കോണ്‍ഗ്രസില്‍ അക്കാലത്ത് സജീവമായ സോഷ്യലിസ്റ്റ് ഗ്രൂപ്പിലാണ് ഇഎംഎസ് തന്റെ രാഷ്ട്രീയ ഇടം കണ്ടത്.1934-ല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകരിലൊരാളായി. അടിസ്ഥാന ജനവിഭാഗത്തിന്റെ ഉന്നമനം ജീവിതലക്ഷ്യമായി തോന്നിയപ്പോഴേക്കും ഇഎംഎസ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായിക്കഴിഞ്ഞിരുന്നു.പിളര്‍പ്പിന്റെ കാലത്തും, ചൈനീസ് ചാരന്‍ എന്ന് മുദ്ര കുത്തപ്പെടുമ്പോഴും തളര്‍ന്നില്ല.സിപിഐഎമ്മില്‍ ഉറച്ചുനിന്ന ഇഎംഎസ് 1977-ല്‍ ജനറല്‍ സെക്രട്ടറിയായി.1991-ലെ മദ്രാസ് പാര്‍ട്ടി കോണ്‍ഗ്രസ് വരെ സ്ഥാനത്ത് തുടര്‍ന്നു.

കേരളത്തെ നിര്‍മ്മിച്ച മുഖ്യമന്ത്രി

സ്വാതന്ത്ര്യാനന്തരം വളര്‍ന്നു തുടങ്ങിയ കേരളം 1957-ല്‍ കമ്യൂണിസ്റ്റുകാരെ അധികാരമേല്‍പ്പിച്ചു. ഇഎംഎസ് മുഖ്യമന്ത്രിയായി.ഏപ്രില്‍ അഞ്ചിനായിരുന്നു സത്യപ്രതിജ്ഞ.കേരളം അഭിമാനത്തോടെ തലയുയര്‍ത്തിയ നിയമനിര്‍മ്മാണങ്ങള്‍ നടന്നു.ഭൂപരിഷ്‌കരണനിയമവും വിദ്യാഭ്യാസനിയമവും ആധുനിക കേരളത്തിന് അടിത്തറയിട്ടു.വാഷിംഗ്ടണിനെ പോലും സ്തബ്ധമാക്കിയ ആ കമ്യൂണിസ്റ്റു ഭരണത്തെ 1959-ല്‍ ഇല്ലാതാക്കിയത് നെഹ്‌റുവിന്റെ ഭരണകൂടമായിരുന്നു.മത-ജാതി ശക്തികള്‍ ഒരുമിച്ചു ചേര്‍ന്ന വിമോചനസമരം ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിടുന്നതിലാണ് അവസാനിച്ചത്.1967-ല്‍ ഇഎംഎസ് വീണ്ടും മുഖ്യമന്ത്രിയായി.സപ്തകക്ഷി മുന്നണിയെ നയിച്ചു.മുന്നണിഭരണ സമവാക്യങ്ങള്‍ ആദ്യമായി വിജയകരമായി പ്രയോഗിക്കപ്പെട്ടു.കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചയെ ഉത്തേജിപ്പിച്ച നിരവധി പദ്ധതികള്‍ ആരംഭിച്ചതും അക്കാലത്താണ്.1969-ല്‍ സര്‍ക്കാര്‍ വീണു.1970 മുതല്‍ 77 വരെ രണ്ടാംവട്ടം ഇഎംഎസ് പ്രതിപക്ഷനേതാവായി.കമ്യൂണിസ്റ്റുഭരണവും കമ്യൂണിസ്റ്റുപ്രതിപക്ഷവും ഉണ്ടായ കാലം.

മലയാളത്തെ നിര്‍വ്വചിച്ച ഇഎംഎസ്

സ്വാതന്ത്ര്യാനന്തര മലയാളത്തെ നിര്‍വ്വചിക്കുകയായിരുന്നു ഇഎംഎസിന്റെ എഴുത്തുകള്‍.മലയാള ഭാഷയുടെ വികാസ പരിണാമവും മലയാളിയുടെ സ്വത്വബോധവും സാഹിത്യഭാവുകത്വ വിമര്‍ശനവും ഇഎംഎസിന്റെ എഴുത്തില്‍ നിറഞ്ഞു.’കേരളം മലയാളികളുടെ മാതൃഭൂമി’,’ആശാനും മലയാളസാഹിത്യവും’,’സത്രീകളെപ്പറ്റി’,’വിദ്യാഭ്യാസത്തെപ്പറ്റി’ എന്നീ രചനകള്‍ മാര്‍ക്‌സിയന്‍ സാഹിത്യ,സാമൂഹിക പദ്ധതികളുടെ വിശകലന മാതൃകയായി മാറി.പുരോഗമന സാഹിത്യ പ്രസ്ഥാനത്തിലും രൂപഭദ്രതാവാദത്തിലും ഇഎംഎസിന്റെ ഇടപെടലുകള്‍ ഉണ്ടായി.

അഗ്നിയെ അഗ്നിയേറ്റു വാങ്ങി

1998-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തില്‍ സജീവമായിരുന്നു ഇഎംഎസ്. ശാരീരിക അസ്വസ്ഥതകള്‍ അലട്ടുമ്പോഴും ദേശാഭിമാനി ലേഖനത്തിന്റെ പണിപ്പുരയിലായിരുന്നു ഇഎംഎസ്.ഉച്ചയോടെ,ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇഎംഎസ് ചരിത്രത്തില്‍ പേരുറപ്പിച്ചാണ് പുറത്തുവന്നത്. അന്നാദ്യമായി,തിരുവനന്തപുരം തൈക്കാട് വൈദ്യുതിശ്മശാനത്തിന് അഗ്നിയെ ദഹിപ്പിക്കേണ്ടി വന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top