Advertisement

അത് അനുകരണമായിരുന്നില്ല, എന്റെ ശബ്ദം തന്നെയാണ്

March 20, 2018
Google News 0 minutes Read

ഗായകന്‍ യേശുദാസിന്റെ ശബ്ദം അനുകരിച്ചത് കൊണ്ട് മികച്ച ഗായകനുള്ള അവാര്‍ഡ് നിഷേധിക്കപ്പെട്ടു എന്ന വാര്‍ത്ത കേട്ട് തരിച്ചിരിക്കുകയാണ് കൊല്ലം കല്ലട സ്വദേശി അഭിജിത്ത് വിജയന്‍. തന്റെ സ്വതസിദ്ധമായ ശബ്ദം എങ്ങനെയാണ് അനുകരണമാകുന്നതെന്നാണ് ഈ കൊച്ച് ഗായകനെ അറിയുന്നവരെല്ലാം ചോദിക്കുന്നത്.  അര്‍ജ്ജുന്‍ മാഷിന്റെ കീഴില്‍ ഒരു പാട്ട് പാടാനാവുന്നതിന്റെ സന്തോഷം തന്നെയാണ് ഇന്നും അഭിജിത്തിന്റെ ശബ്ദത്തിലുള്ളത്. അവാര്‍ഡ് നഷ്ടപ്പെട്ടതിലല്ല, മറിച്ച് തന്റെ ശബ്ദം അത് അനുകരണമാണെന്ന് പ്രചരിക്കുന്നതിലാണ് അഭിജിത്തിന്റെ വിഷമം. ഭയാനകം എന്ന ചിത്രത്തിലെ അര്‍ജ്ജുനന്‍ മാഷ് സംഗീത സംവിധാനം നിര്‍വഹിച്ച കുട്ടനാടന്‍ കാറ്റ് ചോദിക്കുന്നു ഗാനമാണ് അഭിജിത്ത് വിജയ് ആലപിച്ചത്. ശ്രീകുമാരന്‍ തമ്പിയുടെതായിരുന്നു വരികള്‍. ഈ ചിത്രത്തിന്റെ സംഗീത സംവിധാനത്തിനാണ് അര്‍ജ്ജുനന്‍ മാസ്റ്റര്‍ക്ക് ഈ വര്‍ഷത്തെ സംസ്ഥാന പുരസ്കാരം ലഭിക്കുന്നത്. അതേ ചിത്രത്തിലെ എന്ന ഗാനത്തിനാണ് അനുകരണത്തിന്റെ പേരില്‍ അഭിജിത്തിന് അവാര്‍ഡ് നഷ്ടമാകുന്നതും.

പ്രഗത്ഭരുടെ ഒപ്പം നിന്ന് ഒരു ചിത്രത്തിന്റെ ഭാഗമായതിന്റെ അവിശ്വനീയതയിലേക്കാണ് ഈ ഗാനം സംസ്ഥാന അവാര്‍ഡിന് പരിഗണിച്ചിരുന്നെന്ന വാര്‍ത്തയും അഭിജിത്തിനെ തേടി വന്നത്. ഒരു തുടക്കക്കാരന് സിനിമാ ലോകത്ത്  ലഭിക്കാവുന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ ഭാഗ്യങ്ങള്‍ തന്നെയായിരുന്നു അത്.  എന്നാല്‍ പിന്നീട് പുറത്ത് വന്ന വാര്‍ത്തകള്‍ അഭിജിത്തിലെ ഗായകന് ലഭിച്ച ഈ അംഗീകാരങ്ങളുടെയും ഭാഗ്യങ്ങളുടേയും മാറ്റ് കുറയ്ക്കുന്നതായിരുന്നു. യേശുദാസിന്റെ അനുകരിച്ചു എന്ന കാരണം കൊണ്ട് മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് നഷ്ടപ്പെട്ടു എന്നതായിരുന്നു ആ വാര്‍ത്ത.  അഭിജിത്ത് വിജയന്റെ ഗാനം അവസാന റൗണ്ടിൽ വരെ എത്തിയിരുന്നു.

അഭിജിത്തിന്റെ വാക്കുകളിലേക്ക്

ഭക്തിഗാനങ്ങളടക്കം 2000ലധികം പാട്ടുകള്‍ ഞാന്‍ പാടിയിട്ടുണ്ട്. അതെല്ലാം എന്റെ ഈ ശബ്ദത്തിലാണ്. ഇനിയും ആര്‍ക്ക് മുന്നിലും ആ പാട്ടുകള്‍ ഒരാവര്‍ത്തി കൂടി പാടാന്‍ ഞാന്‍ തയ്യാറാണ്. അത് അവാര്‍ഡിന് വേണ്ടിയല്ല ഞാന്‍ ദാസ് സാറിനെ അനുകരിക്കുകയല്ലയെന്ന് തെളിയിക്കാനാണ്.

അര്‍ജ്ജുനന്‍ മാഷിന്റെ കീഴില്‍ സാറ് ആഗ്രഹിക്കുന്ന രീതിയില്‍ ഒരു പാട്ട് പാടാന്‍ കഴിഞ്ഞു എന്നത് തന്നെയാണ് എന്നെ പോലെ ഒരു തുടക്കക്കാരന് ലഭിച്ച ഏറ്റവും വലിയ അംഗീകാരം. ഇത്രയേറെ ഗായകര്‍ ഉണ്ടായിട്ടും എന്നെ തന്നെ മാഷിന്റെ ഗാനം പാടാന്‍ തെരഞ്ഞെടുത്തല്ലോ. ഇത്  തന്നെ അവാര്‍ഡിനോളം തുല്യമാണ്. ഞാന്‍ അനുകരിക്കുകയല്ലായിരുന്നുവെന്ന് അര്‍ജ്ജുനന്‍ മാഷ് തന്നെ പ്രതികരിച്ചതായി അറിഞ്ഞു. ആ വാക്കുകള്‍ കേട്ടപ്പോള്‍ വലിയ അംഗീകാരം കിട്ടിയ പോലെയാണ് എനിക്ക്.  പാടുന്ന സമയത്ത് ഇങ്ങനെ ഒരു പ്രശ്നം ആരും പറഞ്ഞിട്ടില്ല. സാമ്യമുണ്ടെന്ന് പിന്നീട് പലപ്പോഴും പറഞ്ഞിട്ടുണ്ടെങ്കിലും ഇങ്ങനെ അനുകരിക്കുകയാണെന്ന് വ്യാഖ്യാനിക്കപ്പെടുമെന്ന് അറിഞ്ഞില്ല.

അനുകരണം എന്ന് മുദ്ര കുത്തപ്പെട്ടത് ആ ചാനല്‍ ഷോയിലൂടെ
മലയാളത്തിലെ ഒരു ചാനല്‍ ഷോയില്‍ പങ്കെടുക്കാന്‍ എന്നെ ക്ഷണിച്ചിരുന്നു. എന്റെ ശബ്ദത്തിന് ദാസ് സാറിന്റെ ശബ്ദത്തോട് സാമ്യമുണ്ടെന്ന് കാണിച്ചാണ് അന്ന് ചാനല്‍ പ്രവര്‍ത്തകര്‍ എന്നെ ക്ഷണിച്ചത്. എന്നാല്‍ ഷൂട്ടിംഗ് സമയത്തേക്ക് എന്നെ വേദിയിലേക്ക് ക്ഷണിച്ചത് ദാസ് സാറിന്റെ ശബ്ദം അനുകരിക്കുന്ന ആള്‍ എന്ന മുഖവുരയോടെയാണ്. എന്നാല്‍ വേദിയില്‍ വച്ച് അനുകരിക്കുകയല്ല അത് എന്റെ ശബ്ദമാണെന്ന് ഞാന്‍ വെളിപ്പെടുത്തിയിരുന്നു. ഷോ ടെലികാസ്റ്റ് ചെയ്തപ്പോള്‍ ഞാന്‍ ആ പറഞ്ഞ ഭാഗം എഡിറ്റ് ചെയ്തിരുന്നു. അങ്ങനെയാണ് ദാസ് സാറിന്റെ ശബ്ദം അനുകരിക്കുന്ന മിമിക്രി കലാകാരന്‍ എന്ന ലേബല്‍ എനിക്ക് ലഭിച്ചത്. എന്നാല്‍ അന്ന് ആ വേദിയിലുള്ള കാഴ്ചക്കാരും ജഡ്ജസും ഞാന്‍ പറഞ്ഞത് കേട്ടതാണ്. എന്നെ അങ്ങനെ അവതരിപ്പിക്കാനായിരുന്നു ക്ഷണിച്ചതെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഒരിക്കലും ഞാന്‍ അതില്‍ പങ്കെടുക്കുമായിരുന്നില്ല.

ഫ്ളവേഴ്സില്‍ തന്റെ ശബ്ദത്തിന് അംഗീകാരം ലഭിച്ചു 
അതിന് ശേഷമാണ് ഫ്ളവേഴ്സ് ചാനലിലെ കോമഡി ഉത്സവം പരിപാടിയില്‍ ഞാന്‍ പങ്കെടുക്കുന്നത്. എന്നാല്‍ ഫ്ളവേഴ്സില്‍ യേശുദാസ് സാറിന്റെ ശബ്ദത്തോട് സാമ്യമുള്ള ശബ്ദത്തിന് ഉടമ എന്നാണ് എന്നെ പരിചയപ്പെടുത്തിയത്. ഇത് എന്റെ ഒറിജിനല്‍ വോയ്സ് ആണെന്നും  ചാനലില്‍ പറഞ്ഞിരുന്നു. യു ട്യൂബില്‍ എന്റെ പാട്ടുകള്‍ ധാരാളമായി കാണാം. എന്നാല്‍ അതില്‍ വളരെ കുറച്ച് പാട്ടുകള്‍ മാത്രമാണ് ദാസ് സാറിന്റേതായി ഞാന്‍ പാടിയത്. എന്റേതായ ആ പാട്ടുകളാണ് എന്നെ എല്ലാവരിലേക്കും എത്തിച്ചത്. അപ്പോഴും പലരും ഈ സാമ്യം പറയാറുണ്ട്. സാമ്യം ഉണ്ടായിരിക്കാം അത് സാമ്യം മാത്രമാണ്, അനുകരണമല്ല. അഭിജിത്ത് പറയുന്നു.

ആകാശമിഠായി എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് അഭിജിത്ത് മലയാള ചലച്ചിത്ര ഗാനരംഗത്ത് പരിചിതനാകുന്നത്.  ആകാശപാലക്കൊമ്പത്ത് എന്ന പാട്ടാണ് അഭിജിത്ത് പാടിയത്. മണ്ണാങ്കട്ടയും കരിയിലയും നരോപനിഷത്ത് തുടങ്ങിയ കുഞ്ഞ് കുഞ്ഞ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ഇപ്പോള്‍ ഇടുക്കി ബ്ലാസ്റ്റേഴ്സ് എന്ന ചിത്രത്തില്‍ അഭിജിത്ത് പാടിയിട്ടുണ്ട്. മലയാളത്തിന് പുറമെ കന്നഡ തെലുങ്ക് ഭാഷകളിലും അഭിജിത്ത് പാടാറുണ്ട്. ഗൂഗിള്‍ എന്ന കന്നഡ ചിത്രത്തിലാണ് അവസാനമായി പാടിയത്.  അവാര്‍ഡ് ലഭിക്കാത്തതില്ല, തന്നെ തന്റെ തനതായ ശബ്ദത്തെ അനുകരണം എന്ന് പറഞ്ഞ് തഴഞ്ഞതാണ് ഈ ചെറുപ്പക്കാരന്റെ വിഷമം. മൂന്ന് കൊല്ലമാകുന്നതേയുള്ളൂ അഭിജിത്ത് സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാന്‍ തുടങ്ങിയിട്ട്. ഈ ചെറിയ കാലയളവിലാണ് സംസ്ഥാനത്തെ മികച്ച ഗായകരില്‍ ഒരാളാകാനുള്ള സൗഭാഗ്യം തലനാരിയഴ്ക്ക് നഷ്ടപ്പെട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here