വയല്‍ക്കിളികള്‍ വീണ്ടും സമരം ആരംഭിച്ചു

കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ വയല്‍ക്കിളി കൂട്ടായ്മ നടത്തുന്ന സമരം രണ്ടാം ഘട്ടത്തിലേക്ക്. ‘കേരളം കീഴാറ്റൂരിലേക്ക്…’എന്ന ബഹുജന മാര്‍ച്ചോടെയാണ് സമരത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചിരിക്കുന്നത്. രാഷ്ട്രീയ പരിസ്ഥിതി പ്രവര്‍ത്തകരടക്കം ആയിരത്തോളം ജനങ്ങളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. സമരം നടക്കുന്നിടത്ത് കനത്ത പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.
വയലുകളും തണ്ണീർത്തടങ്ങളും നികത്താൻ സർക്കാരിന് അവകാശമില്ലെന്ന് വയൽക്കിളികൾ പറഞ്ഞു. കുന്നുകളും വയലുകളും വരും തലമുറയ്ക്കായി നിലനിർത്തണം. കുന്നിടിച്ചും വയലുകൾ നികത്തിയുമുള്ള വികസനങ്ങളെ എതിർക്കുമെന്നും വയൽക്കിളികൾ പറഞ്ഞു. വയൽക്കിളി സമരസമിതി നേതാവ് ജാനകിയമ്മയാണ് സമരത്തിന്റെ രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരൻ, സുരേഷ് ഗോപി എം.പി. പി.സി. ജോർജ് എംഎൽഎ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും സി.ആർ. നീലകണ്ഠൻ, ഹരീഷ് വാസുദേവ് തുടങ്ങിയ പരിസ്ഥിതി പ്രവർത്തകരും സമരത്തിൽ പങ്കെടുത്തു.
വയൽക്കിളികൾക്കു പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും സമരത്തില്‍ മുഖ്യമന്ത്രി ഉടന്‍ ഇടപെട്ട് പരിഹാരം കാണണമെന്നും സുരേഷ് ഗോപി പറഞ്ഞു. വികസന പ്രവർത്തനങ്ങൾക്ക് എതിരല്ലെന്നും എന്നാൽ പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്രവർത്തനങ്ങളെ എതിർക്കുമെന്നും വി.എം. സുധീരനും പറഞ്ഞു.
കഴിഞ്ഞ ദിവസം സിപിഎം പ്രവർത്തകർ കത്തിച്ച സമരപ്പന്തൽ പുനർനിർമിച്ചുകൊണ്ടാണ് വയൽക്കിളികൾ സമരം ആരംഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here