ഇത് ഖജർ രാജകുമാരി; ആ രാജകുമാരിയെ വിവാഹം കഴിക്കാനാകാത്ത വിഷമത്തിൽ മരിച്ചത് 13 യുവാക്കൾ ! പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ സത്യമെന്ത് ? [24 Fact Check]

അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചിത്രങ്ങളിൽ മുന്നിൽ നിൽക്കുന്നത് ഖജർ രാജകുമാരിയുടെ ചിത്രമാണ്. അകാരവടിവും, മുഖഭംഗിയും, വില്ലുപോലെ വളഞ്ഞ നേർത്ത പുരികങ്ങളുമെല്ലാം ഒത്തിണങ്ങിയ നമ്മുടെ സൗന്ദര്യ സങ്കൽപ്പങ്ങളിൽ നിന്നുമെല്ലാം മാറി തടിച്ച ശരീരവും കട്ടി പുരികവും മീശയും ഉള്ള രാജകുമാരി ! ചിത്രത്തിന് കൊടുത്ത തലക്കെട്ടാണ് രാജകുമാരിയെ ഇത്ര പ്രശസ്തയാക്കാൻ കാരണം.
‘ഇതാണ് പ്രിൻസസ് ഖജർ…ഈ രാജകുമാരിയെ സ്വന്തമാക്കാൻ കഴിയാത്ത വിഷമിത്തൽ 13 യുവാക്കളാണ് മരിച്ചത് ‘
ഇങ്ങനെയായിരുന്നു തലക്കെട്ട്. മൂക്കിന് താഴെ ഒരു രോമം കണ്ടാൽ മതി ‘മീശക്കാരി’ എന്ന പേരിൽ തുടങ്ങുന്ന ബോഡിഷെയ്മിങ്ങുകൾ ആരംഭിക്കുകയായി. അത്തരം കളിയാക്കലുകൾ കേട്ട സ്ത്രീകൾക്ക് ഈ ചിത്രം ഒരു ആശ്വാസമായിരുന്നു. അത്തരക്കാർക്കും ആരാധകരുണ്ടെടോ എന്ന് അവർ ആശ്വസിച്ചിരിക്കാം. ഏതായാലും രാജകുമാരി വൈറലായി. ഒപ്പം രാജകുമാരിയെ ചുറ്റിപ്പറ്റി വന്ന കഥകളും. എന്നാൽ സത്യത്തിൽ ഇങ്ങനെയൊരു രാജകുമാരി ഉണ്ടോ? 13 പേർ ഈ രാജകുമാരിക്കായി മരിച്ചിട്ടുണ്ടോ?
ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരം ആദ്യം തരാം. ചിത്രത്തിൽ കാണുന്ന ഒരു രാജകുമാരി സത്യത്തിൽ ജീവിച്ചിരുന്നു. ഫാത്തിമേഹ് ഖാനും എസ്മത് അൽ ദൗലേഹ് (1855-1905), എന്ന ഈ രാജകുമാരി പോർഷ്യൻ രാജാവ് നാസർ-അൽ-ദിൻ ഷാഹ് ഖജറിന്റെ (1831-1896) മകളാണ്. ഖജർ വംശത്തിലെ സ്ത്രീകൾക്കെല്ലാം ചെറുതായി മീശയുണ്ടായിരുന്നുവെന്ന് ഹവാർഡ് യൂണിവേഴ്‌സിറ്റി പ്രൊഫസർ ഡോ.അഫ്‌സാന നജ്മാബാദി പറയുന്നു.
ചിത്രത്തിൽ പറയുന്നതു പോലെ എന്നാൽ 1900 കാലഘട്ടത്തിലെ സൗന്ദര്യ ചിഹ്നമായിരുന്നില്ല അത് മറിച്ച് 1800 കളിലെ സൗന്ദര്യത്തിന്റെ ചിഹ്നമായിരുന്നു. അന്നത്തെ ഇറാനിൽ സ്ത്രീകൾക്ക് കട്ടികുറഞ്ഞ മീശയും, താടിയില്ലാത്ത പുരുഷന്മാരും സുന്ദരീ-സുന്ദരൻമാരായാണ് കണക്കാക്കിയിരുന്നത്.
13 യുവാക്കൾ രാജകുമാരിക്കായി മരിച്ചിട്ടുണ്ടോ? ഈ ചോദ്യത്തിന്റെ ഉത്തരം ഇല്ലെന്നാണ്. ചരിത്രത്തിലെവിടടെയും അങ്ങനെയൊരു സംഭവം രേഖപ്പെടുത്തിയിട്ടില്ല. മാത്രമല്ല, ഇറാനിയൻ പ്രാചീന സംസ്‌കാര പ്രകാരം ഈ രാജകുമാരിച്ച് എട്ടോ ഒമ്പതോ വയസ്സുള്ളപ്പോൾ തന്നെ അവരെ വിവാഹം ചെയ്തുകൊടുത്തിരിക്കാം. മാത്രമല്ല അന്നത്തെ കാലത്ത് സ്ത്രീകൾ കൊട്ടാരത്തിനകത്തെ ഹറമിൽ നിന്നും പുറത്തുവന്ന് അന്യ പുരുഷന്മാരെ കണ്ടിരുന്നില്ല. പിന്നെങ്ങനെ 13 പുരുഷന്മാർ രാജകുമാരിയെ കണ്ട് ഇഷ്ടപ്പെടുന്നതും അവരുടെ സ്‌നേഹം കുമാരി നിരസിച്ച വിഷമത്തിൽ മരിക്കുന്നതും ?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here