എല്ലാ പ്രശ്നങ്ങളും അവസാനിച്ചു; ‘സുഡു’

‘സുഡാനി ഫ്രം നൈജീരിയ’ ചിത്രത്തിന്റെ നിര്‍മ്മാതാക്കളുമായുണ്ടായിരുന്ന എല്ലാ പ്രശ്നങ്ങളും അവസാനിച്ചുവെന്ന് നടന്‍ സാമുവല്‍ റോബിന്‍സണ്‍. ഫെയ്സ് ബുക്കിലൂടെയാണ് പ്രശ്നങ്ങള്‍ രമ്യമായി പരിഹരിച്ചെന്ന് സാമുവല്‍ വ്യക്തമാക്കിയത്. നിര്‍മ്മാതാക്കളെ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ബന്ധപ്പെട്ടെന്നും തനിക്ക് മാന്യമായ പ്രതിഫലം അവര്‍ നല്‍കിയെന്നുമാണ് സാമുവല്‍ ഫെയ്സ് ബുക്കില്‍ കുറിച്ചിരിക്കുന്നത്.
പ്രശ്നം തീര്‍ക്കാന്‍ ഇടപെട്ട ധനകാര്യ മന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റ്. തന്റെ വാക്കുകള്‍ ഏതെങ്കിലും മലയാളിയെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു. തീരെ വര്‍ണ്ണവിവേചനമില്ലാത്തതും ഒരു ആഫ്രിക്കക്കാരനോട് ഏറ്റവും സൗഹാര്‍ദ്ദപരമായി ഇടപെടുകയും ചെയ്യുന്ന സ്ഥലമാണ് കേരളം. തനിക്ക് ലഭിച്ച പണത്തിന്റെ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്നും സാമുവല്‍ റോബിന്‍സണ്‍ പറഞ്ഞു. അതിന് മുമ്പ് ഇട്ടിരുന്ന എല്ലാ പോസ്റ്റുകളും സാമുവല്‍ പിന്‍വലിക്കുകയും ചെയ്തു. ചെറിയ പടമാണെന്ന് കാണിച്ചാണ് തന്നെ കുറഞ്ഞ വേതനത്തില്‍ സിനിമയില്‍ അഭിനയിപ്പിച്ചത്. എന്നാല്‍ മലയാളത്തിലെ പുതുമുഖ നായകന്മാര്‍ക്ക് കിട്ടുന്ന തുകപോലും തനിക്ക് ലഭിച്ചില്ലെന്നുമാണ് സാമുവല്‍ വ്യക്തമാക്കിയത്. തുടര്‍ന്ന് സാമുവലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. ഇതെല്ലാം പറഞ്ഞുകൊണ്ട് ഫെയ്സ് ബുക്ക് വീഡിയോയും സാമുവല്‍ പോസ്റ്റ് ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here