റസല്‍ അടിച്ചുപൊളിച്ചിട്ടും ജയം ചെന്നൈയ്ക്ക്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐപിഎല്‍ മത്സരത്തില്‍ ആതിഥേയരായ ചെന്നൈയ്ക്ക് വിജയം. ടൂര്‍ണമെന്റിലെ രണ്ടാം വിജയമാണ് ചെന്നൈ ഇന്നലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ സ്വന്തമാക്കിയത്. അഞ്ച് വിക്കറ്റിനായിരുന്നു ധോണിയുടെ മഞ്ഞപ്പടയുടെ വിജയം.

ടോസ് നേടിയ ചെന്നൈ കൊല്‍ക്കത്തയെ ബാറ്റിംഗിനയക്കുകയായിരുന്നു. ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് സ്വന്തമാക്കി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ആന്ദ്രേ റസല്‍ ആയിരുന്നു കൊല്‍ക്കത്തയുടെ സ്‌കോര്‍ 200 ല്‍ എത്തിച്ചത്. ആദ്യം ക്രീസിലെത്തിയ ആര്‍ക്കും 30 റണ്‍സിനും മേലെ വ്യക്തിഗത സ്‌കോര്‍ ഉയര്‍ത്താന്‍ കഴിഞ്ഞില്ല. റോബില്‍ ഉത്തപ്പ (29), ദിനേശ് കാര്‍ത്തിക് (26), ക്രിസ് ലിന്‍ (22) എന്നിവര്‍ മാത്രമാണ് മുന്‍ നിര ബാറ്റ്‌സ്മാന്‍മാരില്‍ അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. എന്നാല്‍ മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായ ശേഷം ക്രീസിലെത്തിയ ആന്ദ്രേ റസല്‍ ചിദംബരം സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി. വെറും 36 പന്തുകളില്‍ നിന്ന് 88 റണ്‍സ് അടിച്ചുകൂട്ടിയ റസല്‍ 11 പടുകൂറ്റന്‍ സിക്‌സറുകളാണ് ഉയര്‍ത്തിയത്. റസലിന്റെ ബാറ്റില്‍ നിന്ന് പിറന്നത് ഒരേ ഒരു ഫോറും!!! ആന്ദ്രേ റസല്‍ 88 റണ്‍സുമായി പുറത്താകാതെ നിന്നു.

മറുവശത്ത്, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു വേണ്ടി ഷെയ്ന്‍ വാട്‌സണ്‍ 2 വിക്കറ്റ് സ്വന്തമാക്കി. ഹര്‍ഭജന്‍ സിംഗ്, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.

മറുപടി, ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു വേണ്ടി രണ്ട് വിക്കറ്റുകള്‍ നേടിയ ഷെയ്ന്‍ വാട്‌സണ്‍ ബാറ്റിംഗിലും മികച്ച തുടക്കം നല്‍കി. 19 പന്തുകളില്‍ നിന്ന് 42 റണ്‍സ് നേടിയാണ് വാട്‌സണ്‍ പുറത്തായത്. അബാട്ടി റായിഡു 26 പന്തുകളില്‍ നിന്ന് 39 റണ്‍സും ക്യാപ്റ്റന്‍ എം.എസ്. ധോണി 28 പന്തുകളില്‍ നിന്ന് 25 റണ്‍സും നേടി മികച്ച പോരാട്ടം നടത്തി. എങ്കിലും മത്സരം അവസാന ഓവറുകളിലേക്ക് നീങ്ങിയപ്പോള്‍ ജയപരാജയ സാധ്യതകള്‍ മിന്നിമാഞ്ഞു. സാം ബില്ലിംങ്‌സ് ക്രീസിലെത്തിയതോടെ വീണ്ടും ചെന്നൈ വിജയപ്രതീക്ഷയോടെ അടുക്കുകയായിരുന്നു. 23 പന്തുകളില്‍ നിന്ന് ബില്ലിംഗ്‌സ് 56 റണ്‍സ് അടിച്ചുകൂട്ടി. അവസാന ഓവറില്‍ 17 റണ്‍സ് വിജയിക്കാന്‍ വേണ്ട സാഹചര്യത്തില്‍ രവീന്ദ്ര ജഡേജയും ഡ്വയ്ന്‍ ബ്രാവോയും കൂറ്റനടികള്‍ സമ്മാനിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ വിജയതീരത്തെത്തിച്ചു.

കൊല്‍ക്കത്തയ്ക്കു വേണ്ടി ടോം കുറാന്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി. സുനില്‍ നരെയ്ന്‍, പിയൂഷ് ചൗള, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ രണ്ടാം വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. കൊല്‍ക്കത്ത ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ബംഗ്ലൂരിനെ പരാജയപ്പെടുത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top