ശമ്പള വര്‍ധനവില്‍ വിജ്ഞാപനമായില്ല; നഴ്സുമാര്‍ ലോംഗ് മാര്‍ച്ചിലേക്ക്

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ ലോംഗ് മാര്‍ച്ചിലേക്ക്. ശമ്പള വര്‍ധനവിനെ സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് നഴ്സുമാര്‍ ലോംഗ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. ചേര്‍ത്തലയില്‍ നിന്ന് ആരംഭിച്ച് തിരുവനന്തപുരം സെക്രട്ടറിയേറ്റ് വരെ മാര്‍ച്ച് നടത്താനാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ തീരുമാനം. ഏപ്രില്‍ 24ന് ആരംഭിക്കുന്ന മാര്‍ച്ച് തിരുവനന്തപുരത്ത് എത്താന്‍ എട്ട് ദിവസം വേണ്ടിവരുമെന്നാണ് സൂചന.
മിനിമം വേതനം 20000 രൂപയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും അതേകുറിച്ച് ഇതുവരെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടില്ല. പ്രതിഷേധ സൂചകമായി നഴ്സുമാര്‍ സെക്രട്ടറിയേറ്റിന് മുന്പില് അനിശ്ചിതകാല നിരാഹാര സമരം നടത്തിവരികയാണ്. അതിനു പിന്നാലെയാണ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ലോംഗ് മാര്‍ച്ച് നടത്താന്‍ സംഘടന തീരുമാനിച്ചിരിക്കുന്നത്. ഏപ്രില്‍ 23നകം ശമ്പളം വര്‍ധിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയില്ലെങ്കില്‍ 24 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നഴ്സുമാര്‍ പ്രവേശിക്കും.
വിജ്ഞാപനം ഇറക്കുന്നത് സംബന്ധിച്ച വിഷയത്തിൽ സർക്കാർ നിയോഗിച്ച ഉപദേശക സമിതി ഒളിച്ചുകളി നടത്തുകയാണെന്നും സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ തയാറാകണമെന്നും യുണൈറ്റഡ് നഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here