Advertisement

നീലക്കുറിഞ്ഞികള്‍ പൂക്കുന്ന ഇടം; ഇനി കാത്തിരിപ്പിന്റെ മൂന്ന് മാസം…

April 30, 2018
Google News 2 minutes Read

ഷിഹാബ് മൂന്നാര്‍

മൂന്നാറിലെ കുറിഞ്ഞി വസന്തത്തിലേക്ക് ഇനി മൂന്നുമാസം മാത്രം . സഞ്ചാരികളെ വരവേല്‍ക്കാന്‍ മൂന്നാര്‍ ഒരുങ്ങിക്കഴിഞ്ഞു. പത്തുലക്ഷത്തോളം പേര്‍ ഇക്കുറി കുറിഞ്ഞി വസന്തം ആസ്വദിക്കാന്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. മൂന്നാറിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കായി കാഴ്ചകള്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ…

മൂന്നാര്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസില്‍ ഒരു കുളിരാണ്. ചുട്ടുപൊള്ളുന്ന വേനല്‍കാലത്ത് സഞ്ചാരികളുടെ മനസില്‍ മാത്രമല്ല, ശരീരത്തിനും ആ കുളിരേകാന്‍ മൂന്നാറിന് കഴിഞ്ഞിട്ടുണ്ട്. 9 ഡിഗ്രി സെല്‍ഷ്യസിനും 26 ഡിഗ്രി സെല്‍ഷ്യല്‍സിനും ഇടയിലാണ് മൂന്നാറിലെ സാധാരണ താപനില.

‘തെക്കിന്റെ കാശ്മീര്‍’ എന്ന് വിളിപ്പേരുള്ള മൂന്നാര്‍, ഇടുക്കി ജില്ലയിലെ ഒരു ചെറിയ പട്ടണമാണ്. മഞ്ഞു മൂടിയ മലനിരകളാലും തേയില തോട്ടങ്ങളാലും ചുറ്റപ്പെട്ട ഒരു ചെറുപട്ടണം. മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ മൂന്ന് നദികളുടെ സംഗമസ്ഥാനമായതുകൊണ്ടാണ് ഈ ചെറിയ പട്ടണത്തിന്‌ മൂന്നാര്‍ എന്ന വിളിപ്പേര് വന്നത്. മഞ്ഞുതുള്ളികള്‍ ചുംബിച്ച് കിടക്കുന്ന ഇളംപുല്‍നാമ്പുകളില്‍ തട്ടി ഒരു തണുത്ത കാറ്റ് എപ്പോഴും മൂന്നാറിനെ മേലങ്കി അണിയിക്കുന്നതുകൊണ്ടാകാം ചുട്ടുപൊള്ളുന്ന വേനല്‍കാലത്ത് സഞ്ചാരികളുടെ പറുദീസയായി മൂന്നാറിനെ വാഴ്ത്തുന്നത്. കേരളം ദൈവത്തിന്റെ സ്വന്തം നാടാണെങ്കില്‍ അതിന്റെ രാജധാനി എന്ന് മൂന്നാറിനെ വിശേഷിപ്പിക്കാന്‍ സഞ്ചാരികള്‍ ഇഷ്ടപ്പെടുന്നു. കാരണം, മൂന്നാറിന്റെ ഭൂപ്രകൃതി അങ്ങനെയാണ്. ഇളംനീരുറവകള്‍ ഒഴുകുന്ന അനേകായിരം മലയിടുക്കകള്‍ പേറിയ പശ്ചിമഘട്ടത്തിലാണ് മൂന്നാര്‍ എന്ന സ്വര്‍ഗഭൂമി. ഒരേ സമയം, സഞ്ചാരികളുടെ കണ്ണുകളെ വിസ്മയിപ്പിക്കുകയും അവരുടെ മനസിനെ ആനന്ദിപ്പിക്കുകയും ചെയ്യുന്ന നിരവധി ഇടങ്ങള്‍ മൂന്നാറിന് ചുറ്റുമുണ്ട്.

സമുദ്രനിരപ്പില്‍ നിന്നും 1800 മീറ്റര്‍ ഉയരത്തിലാണ് മൂന്നാര്‍ സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് തേയില കൃഷിക്കായി വികസിപ്പിച്ചെടുത്ത സ്ഥലമാണ് മൂന്നാര്‍. 1902ല്‍ മൂന്നാറിനെ ടോപ് സ്റ്റേഷനുമായി ബന്ധിപ്പിച്ച് മോണോറെയില്‍ സ്ഥാപിച്ചു. ടോപ് സ്റ്റേഷനില്‍ നിന്നും റോപ് വേയിലൂടെ കോട്ടക്കുടിയിലും അവിടെ നിന്ന് തൂത്തുക്കുടി തുറമുഖത്തും തേയില എത്തിച്ചായിരുന്നു ബ്രിട്ടനിലേക്ക് കയറ്റി അയച്ചുകൊണ്ടിരുന്നത്. 1908ല്‍ മോണോറെയില്‍ തീവണ്ടിപ്പാതയായി മാറി. 1924 ലെ വെള്ളപ്പൊക്കത്തില്‍ തീവണ്ടിപ്പാത തകര്‍ന്നു. മൂന്നാര്‍ ടൗണും അന്നത്തെ കനത്ത പ്രളയത്തില്‍ തകര്‍ന്നു. പിന്നീടാണ് ഇന്ന് കാണുന്ന നിലയില്‍ പുതിയ മൂന്നാര്‍ രൂപംകൊണ്ടത്. പഴയ മൂന്നാറിന്റെ അവശിഷ്ടങ്ങളും റെയില്‍പ്പാതകളും ഭൂതകാലത്തിന്റെ ഓര്‍മ്മകളുമായി ഇപ്പോഴും അവശേഷിക്കുന്നു.

ഇരവികുളം ദേശീയോദ്യാനം

മൂന്നാറില്‍ നിന്നും പതിനേഴ് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എത്തിച്ചേരുന്നത് ഇരവികുളം ദേശീയോദ്യാനത്തിലേക്കാണ്. വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ സംരക്ഷണത്തിന് വേണ്ടിയാണ് ഈ ഉദ്യാനം 1975 ല്‍ നിലവില്‍ വന്നത്. 1978ല്‍ ഇരവികുളം ദേശീയോദ്യാനം എന്ന് നാമകരണം ചെയ്യപ്പെട്ടു. 97 ചതുരശ്ര കിലോമീറ്ററാണ് ഇരവികുളം ദേശീയോദ്യാനത്തിന്റെ വിസ്തൃതി. പശ്ചിമ ഘട്ടത്തില്‍ രണ്ടായിരം മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം കേരളത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ്. വരയാട്, സിംഹവാലന്‍ കുരങ്ങന്‍, മാന്‍, കാട്ടുപോത്ത്, കടുവ, മങ്കൂസ് തുടങ്ങിയ ജീവികളും ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്. ഹിമാലയത്തിന് തെക്ക് ഇന്ത്യയിലുള്ള ഏറ്റവും ഉയരം കൂടിയ ആനമുടി (2695 മീ.) ഇരവികുളം ദേശീയോദ്യാനത്തിലാണ്. ആനമുടിയിലെ ചൊക്കന്‍മലയും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്.

വരയാടുകള്‍

‘വരൈ- ആടുകള്‍’ എന്നത് പില്‍ക്കാലത്ത് വരയാടുകള്‍ എന്നായി മാറിയതാണ്. ‘വരൈ’ എന്നാല്‍ പാറ എന്നാണ് തമിഴില്‍ അര്‍ത്ഥം. തമിഴ്‌നാടിന്റെ സംസ്ഥാന മൃഗമാണ് വരയാടുകള്‍. കുത്തനെയുള്ള പാറകളിലൂടെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്നതുകൊണ്ടാണ് വരൈ ആടുകള്‍ എന്ന പേരില്‍ ഇവ അറിയപ്പെടുന്നത്. മറ്റ് ജീവികളില്‍ നിന്ന് സ്വയം രക്ഷ നേടാനും ഈ പാറയിടുക്കുകള്‍ അവ ഉപയോഗിക്കുന്നു. ‘നീലഗിരി താര്‍’ എന്നും ഇവ അറിയപ്പെടുന്നു. ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമത്തില്‍ ഒന്നാം പട്ടികയിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആട്ടിന്‍ കുടുംബത്തില്‍ ഒരൊറ്റ ഇനമേ കേരളത്തിലെ കാടുകളിലുള്ളൂ. അതുകൊണ്ട് വരയാടുകളെ കാട്ടാട് എന്നും വിളിക്കാറുണ്ട്.

മൂന്നാറില്‍ നിന്നും രാജമലയില്‍ എത്തിയാല്‍ അവിടെ നിന്ന് വനംവകുപ്പിന്റെ ബസില്‍ നാല് കിലോമീറ്റര്‍ സഞ്ചരിക്കണം. പാസ് മുഖേനയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന തേയില തോട്ടങ്ങളിലൂടെ നാല് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പിന്നീട് അവിടെ നിന്ന് ഒരു കിലോമീറ്ററോളം നടന്നു പോകണം വരയാടിനെ കാണാന്‍. മല കയറി മടുക്കുന്നവര്‍ക്ക് വിശ്രമിക്കാന്‍ വഴിയില്‍ നിരവധി ഇടങ്ങള്‍ ഒരുക്കിയിട്ടുണ്ട് വനംവകുപ്പ്. മദ്യപാനം, പുകവലി, ഭക്ഷണം, പ്ലാസ്റ്റിക് എന്നിവക്ക് രാജമലയില്‍ നിരോധനമുണ്ട്. സഞ്ചാരികളുടെ മനം നിറക്കുന്ന കാഴ്ചകള്‍ക്ക് വേണ്ടി ഒരു ടെലസ്‌കോപ്പും സ്ഥാപിച്ചിട്ടുണ്ട് വനംവകുപ്പ്. ഇതിലൂടെ സമീപ പ്രദേശങ്ങളും നിരീക്ഷിക്കാം. വരയാടുകള്‍ ഒന്‍പത് വര്‍ഷം വരെ ജീവിക്കുമെങ്കിലും ശരാശരി മൂന്നര വര്‍ഷമാണ് ആയുസ്. രാവിലെ 7.30 ന് പ്രവേശനം ആരംഭിക്കും. വൈകുന്നേരം നാല് വരെയാണ് പ്രവേശനം അനുവദിക്കുക.

നീലക്കുറിഞ്ഞി പൂക്കുന്ന ഇടം

പശ്ചിമഘട്ട മലനിരകളില്‍ 1500 മീറ്ററിന് മുകളില്‍ ചോലവനങ്ങള്‍ ഇടകലര്‍ന്ന പുല്‍മേടുകളില്‍ കാണപ്പെടുന്ന കുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി (സ്‌ട്രോബിലാന്തസ് കുന്തിയാനി). 12 വര്‍ഷം കൂടുമ്പോള്‍ കൂട്ടത്തോടെ പൂക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. 2006 കാലഘട്ടത്തിലാണ് ഇവ അവസാനമായി പുഷ്പിച്ചത്. ഒറ്റയ്ക്ക് കണ്ടാല്‍ ഒരു പ്രത്യേകതയും ഇല്ലാത്ത പൂവാണ് നീലക്കുറിഞ്ഞി. എന്നാല്‍, സീസണില്‍ ഒരു പ്രദേശം മുഴുവന്‍ ഇവ പൂത്ത് നില്‍ക്കുന്നത് കണ്ടാല്‍ കണ്ണിനും മനസിനും കുളിരേകും. മഞ്ഞു കണങ്ങളില്‍ തട്ടി ഇളം കാറ്റേറ്റ് അവ നിരനിരയായി നില്‍ക്കുന്നത് കാണുമ്പോള്‍ ഇത് തന്നെയാണ് ഭൂമിയിലെ സ്വര്‍ഗമെന്ന് തോന്നിപ്പോകും. വരയാടിന്‍ പറ്റങ്ങള്‍ പാറമുകളിലൂടെ ഓടിമറയുന്നതും രാജമലയിലെ അപൂര്‍വ്വ കാഴ്ചയാണ്. 1838 ലാണ് നീലക്കുറിഞ്ഞി ആദ്യമായി കണ്ടെത്തുന്നത്. 2006 മുതല്‍ കുറിഞ്ഞി ചെടി പറിക്കുന്നത് ശിക്ഷാര്‍ഹമാക്കിയിട്ടുണ്ട്.

തിരുവനന്തപുരത്തെ ‘സേവ് കുറിഞ്ഞി കാംപെയ്ന്‍’ കൗണ്‍സില്‍ പോലുള്ള സംഘടനകള്‍ കുറിഞ്ഞി സംരക്ഷണ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. 2018 ഒക്ടോബര്‍ മാസം മുതല്‍ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം സഞ്ചാരികള്‍ക്കായി പൂത്തുലയും. ഭൂമി ഉള്ളിടത്തോളം കാലം നീലക്കുറിഞ്ഞികള്‍ പൂക്കട്ടെ…വരയാടുകള്‍ ഓടി കളിക്കട്ടെ…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here