വരാപ്പുഴ കസ്റ്റഡി മരണം; ആലുവ മുന്‍ റൂറല്‍ എസ്പിയെ ചോദ്യം ചെയ്തു

വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആലുവ മുന്‍ റൂറല്‍ എസ്പി എ. വി. ജോര്‍ജ്ജിനെ അന്വേഷണസംഘം ചോദ്യം ചെയ്തു. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഐജി ശ്രീജിത്തും സംഘവുമാണ് മുന്‍ റൂറല്‍ എസ്പിയെ ചോദ്യം ചെയ്തത്. എ.വി. ജോര്‍ജ്ജിന്റെ സ്‌ക്വാഡിലുള്ള മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥരാണ് ശ്രീജിത്തിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്. ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ കൊലക്കുറ്റം ചുമത്തി നേരത്തേ അറസ്റ്റ് ചെയ്തിട്ടുണ്ട്. എ.വി. ജോര്‍ജ്ജും ഉദ്യോഗസ്ഥരും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിക്കും.
വരാപ്പുഴയിലെ ക്രമസമാധാന നില കാക്കാന്‍ വേണ്ടിയാണ് കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ അവിടെ നിയോഗിച്ചതെന്നും ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ മാത്രം അങ്ങോട്ട് അയച്ചിട്ടില്ലെന്നും എ.വി. ജോര്‍ജ്ജ് പറഞ്ഞു. നേരത്തേ അറസ്റ്റിലായ സിഐ ക്രിസ്പിന്‍ സാം എ.വി. ജോര്‍ജ്ജിന്റെ നിര്‍ദ്ദേശാനുസരണമാണ് എല്ലാ കാര്യങ്ങളും ചെയതതെന്ന് മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് എ.വി ജോര്‍ജ്ജിനെ ചോദ്യം ചെയ്തത്. ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ഉയര്‍ന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ആലുവ റൂറല്‍ എസ്പിയായിരുന്ന എ.വി. ജോര്‍ജ്ജിനെ തൃശൂര്‍ പോലീസ് അക്കാദമിയിലേക്ക് സ്ഥലം മാറ്റിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here