അഫ്ഗാനിസ്ഥാനിൽ മുസ്‌ലിം പള്ളിയിൽ സ്ഫോടനം

അഫ്ഗാനിസ്ഥാനിൽ മുസ്‌ലിം പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ 17 പേർ കൊല്ലപ്പെട്ടു. 37 പേർക്ക് പരിക്കേറ്റു. കിഴക്കൻ അഫ്ഗാനിലെ ഖോസ്റ്റ് മേഖലയിലാണ് ആക്രമണം നടന്നത്. വൈകീട്ട് പ്രാർത്ഥനക്കായി വിശ്വാസികൾ ഒത്തുകൂടിയപ്പോഴായിരുന്നു സ്‌ഫോടനം.
ഒക്ടോബറിൽ നടക്കുന്ന പാർലമെന്ററി തെരഞ്ഞെടുപ്പിനുള്ള പോളിങ് ബൂത്തായും ഈ പള്ളി ഉപയോഗിക്കുന്നുണ്ട്. പള്ളിയിൽ ആരെങ്കിലും സ്‌ഫോടന വസ്തു കൊണ്ടുവെച്ചതാകാമെന്നും ചാവേർ സ്‌ഫോടനമാണെന്ന് കരുതുന്നില്ലെന്നും പൊലീസ് പറഞ്ഞു. അപകടത്തിൽ പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമാണ്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ മാസം കാബൂളിൽ പോളിങ്ങ് സ്റ്റേഷൻ കേന്ദ്രീകരിച്ച് നടന്ന ആക്രമണത്തിൽ 57 പേരാണ് കൊല്ലപ്പെട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here