കർണാടകത്തിൽ ‘കുതിര കച്ചവടം’; എന്താണ് കുതിര കച്ചവടം; എന്തുകൊണ്ടാണ് ആ പ്രയോഗം ? [24 Explainer]

കർണാടകയിൽ വിശ്വാസവോട്ടിൽ ജയിക്കാൻ കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാരെ കുതിരക്കച്ചവടത്തിലൂടെ വശത്താക്കാൻ ശ്രമിക്കുന്ന ബിജെപി ക്യാമ്പിനെ ഭയന്ന് എംഎൽഎമാരെ റിസോർട്ടിൽ താമസിപ്പിച്ചത് ചർച്ചയായിരുന്നു. ഇതിന് മുമ്പും കുതിരക്കച്ചവടം എന്ന വാക്ക് നാം കേട്ടിട്ടുണ്ട്. എന്നാൽ എന്താണ് കുതിര കച്ചവടം ? എന്തുകൊണ്ടാണ് ‘കുതിര’ കച്ചവടം എന്ന് വിളിക്കുന്നത്. ആ കഥ അറിയാം.
യഥാർത്ഥത്തിൽ കുതിരകളെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നതിനെയാണ് കുതിരക്കച്ചവടം എന്ന് പറയുന്നത്. അമേരിക്കയിലെ ഗ്ലൈഡഡ് യുഗത്തിൽ കുതിരകച്ചവടമെന്നാൽ നേരും നെറിയും തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു കച്ചവടരംഗമായിരുന്നു. കുതിരകളുടെ ദൂഷ്യങ്ങളെല്ലാം മറച്ചുവെച്ച്, കുതിരയ്ക്കില്ലാത്ത ഗുണഗണങ്ങളെ കുറിച്ച് വർണ്ണിച്ച് കുതിരയെ വാങ്ങാൻ വരുന്ന വ്യക്തിയെ കബിളിപ്പിച്ച് വിൽപ്പനക്കാരൻ ലാഭം കൊയ്യും. വാങ്ങാൻ വരുന്നവനും കുതിരയ്ക്കില്ലാത്ത കുറ്റങ്ങളെല്ലാം പറഞ്ഞ് വില കുറയ്ക്കുവാൻ ശ്രമിക്കും. ഇതാണ് കുതിര കച്ചവടം.
അമേരിക്കയിലെ കച്ചവട-വ്യാപാര രംഗത്തെ ധാർമ്മിക നിലവാരം ഇടിഞ്ഞതോടെ കുതിരക്കച്ചവടക്കാരുടെ സത്യസന്ധതയില്ലായ്മയെ ധാർമ്മിക അധഃപതനമായി കാണുന്നതിനു പകരം അതൊരു സ്വാഭാവിക രീതിയായും മത്സരാധിഷ്ഠിത കമ്പോളത്തിന്റെ നിരുപദ്രവകര ഉല്പന്നമായുമായാണ് കൂടുതലാളുകളും വിലയിരുത്തിയത്.
ഉദാഹരണത്തിന് 1893 ൽ ന്യൂ യോർക്ക് ടൈംസ് എഴുതിയ എഡിറ്റോറിയലിൽ പത്രങ്ങൾ തങ്ങളുടെ സർക്കുലേഷൻ കണക്ക് പെരുപ്പിച്ച് കാണിക്കുന്നത് നിയമവിരുദ്ധമാക്കുന്ന നിർദ്ദേശത്തെ വിമർശിച്ച് ഇങ്ങനെ എഴുതി: കള്ളം പറയുന്നത് നിയമം മൂലം നിരോധിക്കുകയാണെങ്കിൽ കുതിരക്കച്ചവട വ്യാപാരം അവസാനിക്കും, അതുവഴി രാജ്യത്തിലെ ശീതകാലത്തെ മദ്യശാലകളും പലചരക്ക് കടകളും വഴിയാധാരമാവാൻ ഇടവരുകയും ചെയ്യും. കബളിപ്പിക്കലും വഞ്ചനയും ഉൾക്കൊള്ളുന്ന വ്യാപാരനടപടിയെ കുതിരക്കച്ചവടം എന്ന് പറഞ്ഞ് തുടങ്ങിയത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലാണ്.
പിന്നീട് ഈ പദം പതിയെ രാഷ്ട്രീയത്തിലേക്കും മറ്റ് തലങ്ങളിലും ഉപയോഗിച്ച് തുടങ്ങി. വോട്ടുകച്ചവടത്തെ പരാമർശിക്കാൻ ഉപയോഗിച്ചിരുന്ന ലോഗ്‌റോളിംഗ് എന്ന പഴയ പ്രയോഗത്തിന്റെ സ്ഥാനത്താണ് ഇന്ന് രാഷ്ട്രീയത്തിൽ കുതിരക്കച്ചവടം എന്ന പദം ഉപയോഗിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here