അയര്‍ലന്‍ഡില്‍ ഗര്‍ഭച്ഛിദ്രത്തിന് ‘യെസ്’; കാണാന്‍ ഡോ. സവിതയില്ല

അയര്‍ലന്‍ഡില്‍ ഗര്‍ഭച്ഛിദ്രത്തിന് നിയമസാധുത വരുന്നു. ഹിതപരിശോധനയില്‍ ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്ന വിഭാഗത്തിന് മുന്‍തൂക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുറത്തുവന്ന രണ്ടു എക്‌സിറ്റ്‌പോളുകളും ഗര്‍ഭച്ഛിദ്ര അനുകൂലികളുടെ വിജയം പ്രവചിക്കുന്നവയാണ്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിലെ ഫലസൂചനയും ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നവര്‍ക്ക് മുന്‍തൂക്കം നല്‍കുന്നതാണ്. ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി ലിയോ വരാഡ്കറും ഗര്‍ഭച്ഛിദ്രത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ രാഷ്ട്രീയ അടിസ്ഥാനത്തില്‍ ആയിരുന്നില്ല പ്രചാരണം.
ഡോ. സവിതയെ മറക്കരുത്
അമ്മയ്ക്കും ഗര്‍ഭസ്ഥ ശിശുവിനും തുല്യജീവിത അവകാശം നല്‍കുന്ന ഭരണഘടനാ ഭേദഗതി 1983-ലാണ് അയര്‍ലന്‍ഡില്‍ നിലവില്‍ വന്നത്. പല വര്‍ഷങ്ങളിലായി മൂന്നുവട്ടം ഈ വിഷയത്തില്‍ ഹിതപരിശോധന നടന്നുകഴിഞ്ഞു. അമ്മയുടെ ജീവന്‍ അപകടത്തിലാണെങ്കില്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതിയാകാം എന്ന ഭേദഗതി നടപ്പിലാക്കിയത് 2013-ലാണ്. ഗര്‍ഭിണി ആയിരുന്ന ഇന്ത്യന്‍ യുവതി ഡോ. സവിത ഹാലപ്പനാവറിന്റെ മരണത്തെ തുടര്‍ന്നായിരുന്നു ഭേദഗതി. ഹിതപരിശോധനാ ഫലം ഗര്‍ഭച്ഛിദ്രത്തിന് അനുകൂലമാകുന്നതില്‍ സവിതയുടെ മാതാപിതാക്കള്‍ സന്തോഷം അറിയിച്ചു. സവിതയ്ക്ക് നീതി ലഭിച്ചു എന്നാണ് പിതാവ് അന്ദനപ്പ യാലഗി പ്രതികരിച്ചത്
ഹാഷ്ടാഗും ഹിറ്റായി
എക്‌സിറ്റ്‌പോള്‍ ഫലങ്ങളുമായിട്ടാണ് അയര്‍ലന്‍ഡിലെ പ്രമുഖ പത്രങ്ങള്‍ ഇന്ന് പുറത്തിറങ്ങിയത്. ‘ഇറ്റ്‌സ് എ യെസ് ‘ തലക്കെട്ടാണ് ‘ഐറിഷ് ഇന്‍ഡിപെന്‍ഡന്റ് ‘ എന്ന പത്രം നല്‍കിയത്. ‘#togetherforyes’ എന്ന ഹാഷ്ടാഗും അയര്‍ലന്‍ഡിലിപ്പോള്‍ ട്രെന്‍ഡിംഗാണ്. വോട്ടെണ്ണല്‍ തുടരുമ്പോള്‍, മിക്ക പോളിംഗ് സ്‌റ്റേഷനുകളിലും എഴുപത് ശതമാനത്തിലേറെയാണ് ‘യെസ് വോട്ടുകള്‍’. ഗര്‍ഭച്ഛിദ്രത്തെ എതിര്‍ക്കുന്ന വിഭാഗം തോല്‍വി സമ്മതിച്ച് വാര്‍ത്താക്കുറിപ്പ് ഇറക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
റോമന്‍ കത്തോലിക്കാ തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് അയര്‍ലന്‍ഡിലെ ചില നിയമസംഹിതകള്‍. 2015-ല്‍ സ്വവര്‍ഗ്ഗ വിവാഹം നിയമ വിധേയമാക്കിയതും ഹിതപരിശോധനയിലൂടെയാണ്. അന്ന് 61 ശതമാനം പേരാണ് സ്വവര്‍ഗ്ഗ വിവാഹത്തെ അനുകൂലിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here