ദിലീപേട്ടൻ നിരപരാധിയെന്ന് തെളിയുമ്പോൾ ആ ആരോപണങ്ങൾ പിൻവലിക്കാൻ പറ്റുമോ ? ഡബ്ലിയുസിസിക്കെതിരെ രൂക്ഷ വിമർശനവുമായി അനുശ്രീ

anusree slams wcc

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ലിയുസിസിക്കെതിരെ രൂക്ഷ വിമർശനവുമായി നടി അനുശ്രീ. വനിതാകൂട്ടായ്മ അവർ തുടങ്ങിയപ്പോൾ മുന്നോട്ടുവെച്ച ആശയത്തിൽ ഉറച്ചുനിൽക്കുന്നില്ലെന്ന് ആരോപിക്കുക മാത്രമല്ല, കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ അനുകൂലിച്ചും സംസാരിച്ചു. ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അനുശ്രീ. ഉറപ്പില്ലാത്തതും ഒരു തെളിവില്ലാത്തതുമായ കാര്യത്തിന് ഉന്നയിച്ച ആരോപണങ്ങൾ ദിലീപേട്ടൻ നിരപരാധിയെന്ന് തെളിയുമ്പോൾ പിൻവലിക്കാൻ പറ്റുമോ എന്നാണ് താരം ചോദിച്ചത്.

വനിതാക്കൂട്ടായ്മ അവർ തുടങ്ങിയപ്പോൾ മുന്നോട്ട് വച്ച ആശയത്തിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്നതായി തോന്നിയിട്ടില്ല. അവർ ദിലീപേട്ടനെതിരെ ഒരു പാട് ആരോപണങ്ങൾ പറഞ്ഞു. ഉറപ്പില്ലാത്തതും ഒരു തെളിവില്ലാത്തതുമായ കാര്യത്തിന് ഉന്നയിച്ച ആരോപണങ്ങൾ ദിലീപേട്ടൻ നിരപരാധിയെന്ന് തെളിയുമ്പോൾ പിൻവലിക്കാൻ പറ്റുമോ? കൂട്ടായ്മകൾ ഉണ്ടാവട്ടെ വിഷയങ്ങൾ ചർച്ചയാവട്ടെ പക്ഷേ അതെല്ലാം പൊതു വേദികളിൽ വന്ന് പറയേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ല.

ഉറപ്പുള്ളതും പിന്നീട് മാറ്റിപ്പറയില്ലെന്ന് വിശ്വാസമുള്ളതുമായ കാര്യങ്ങളാണ് പൊതുവേദികളിൽ പറയണ്ടത്. സിനിമയിലെ പ്രശ്‌നങ്ങൾ സിനിമയ്ക്ക് അകത്ത് തന്നെ തീരണം അല്ലാതെ പൊതുവേദികളിലേക്ക് അത് കൊണ്ടു വരരുതെന്നും അനുശ്രീ കൂട്ടിച്ചേർത്തു. സിനിമയിൽ സ്ത്രീകൾക്ക് ഉയർച്ച ഉണ്ടാവണം.

ദിലീപിന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും അവരുടെ ആരോപണം ദിലീപേട്ടനെ ഉദ്ദേശിച്ച് തന്നെയായിരുന്നു. വനിതാ കൂട്ടായ്മ ആ ഒരു ഇളക്കത്തിന് ഉണ്ടാക്കിയതാണ്. കൂട്ടായ്മ പരാജയമായി എന്ന് പറയില്ല പക്ഷേ അവർ പറഞ്ഞ കാര്യങ്ങളിൽ അവർ ഉറച്ച് നിൽക്കുന്നില്ലെന്നും അനുശ്രീ വിമർശിച്ചു. ഇപ്പോൾ കൂട്ടായ്മ എന്താണ് ചെയ്യുന്നത്. അന്വേഷണത്തിന് പിന്നാലെ പോകുന്നുണ്ടോ? എല്ലാം കെട്ടടങ്ങീലേ?

വനിത കൂട്ടായ്മ ഉന്നയിക്കുന്ന പ്രശ്‌നങ്ങളൊന്നും തനിക്ക് ഇതുവരെ അനുഭവപ്പെട്ടിട്ടില്ല. എന്നെങ്കിലും തനിയ്ക്ക് അത്തരം പ്രശ്‌നങ്ങൾ നേരിട്ടാൽ വനിതാ കൂട്ടായ്മയെ സഹായത്തിനായി സമീപിക്കാൻ മടിക്കില്ലെന്നും അനുശ്രീ പറഞ്ഞു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top