ചോദ്യോത്തരവേളയില്‍ അബദ്ധം ആവര്‍ത്തിച്ച് ഒ. രാജഗോപാല്‍; പൊളിച്ചടുക്കി എ.സി. മൊയ്തീനും വി. ശിവന്‍കുട്ടിയും

നിയമസഭാ ചോദ്യോത്തര വേളയില്‍ വീണ്ടും അടിതെറ്റി ഏക ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍. നേമം മണ്ഡലത്തെ പ്രതിനിധീകരിച്ച് ചോദിച്ച ചോദ്യമാണ് ഒ. രാജഗോപാലിന് പണികൊടുത്തത്. കഴിഞ്ഞ ദിവസവും രാജഗോപാലിന് സമാനമായ അമളി പറ്റിയിരുന്നു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നേമം നിയോജക മണ്ഡലത്തില്‍ സ്പോര്‍ട്സുമായി ബന്ധപ്പെട്ട് പുതുതായി നടപ്പാക്കിയ പദ്ധതികള്‍ എന്തെല്ലാമാണന്ന് വ്യക്തമാക്കാമോ? എന്നതായിരുന്നു ഇന്നത്തെ ചോദ്യം. ഇതിന് ബന്ധപ്പെട്ട വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി എ.സി. മൊയതീന്റെ മറുപടിയാണ് നേമത്തിന്റെ പ്രതിനിധി കൂടിയായ ഒ. രാജഗോപാലിനെ വെട്ടിലാക്കിയത്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നേമം നിയോജക മണ്ഡലത്തില്‍ സ്പോര്‍ട്സുമായി ബന്ധപ്പെട്ട് പ്രൊപ്പോസലുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും ആയതിനാല്‍ പുതുതായി പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ലെന്നും കായികവകുപ്പ് മന്ത്രി കൂടിയായ എസ് മൊയ്തീന്‍ മറുപടി നല്‍കി.
നിയമസഭയില്‍ എ.സി. മൊയ്തീന്റെ മറുപടി കേട്ട് തളര്‍ന്നുപോയ ഒ. രാജഗോപാലിനെ തേടിയെത്തിയത് നേമത്തെ മുന്‍ എംഎല്‍എയായ വി. ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. താങ്കള്‍ക്ക് നേമത്തെ ജനങ്ങളോട് വിരോധമൊന്നുമില്ല എന്ന് കരുതുന്നുവെന്നും വരുംനാളുകളിലെങ്കിലും ജനഹിതമറിഞ്ഞു പ്രവര്‍ത്തിക്കാനും ഇത്തരം കാര്യങ്ങളില്‍ ഇത്തിരിയെങ്കിലും ‘പരിചയമുള്ള’ ഒരാളിനോട് വിവരങ്ങള്‍ ആരാഞ്ഞതിനുശേഷം കൃത്യമായ ഇടപെടലുകള്‍ നടത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ശിവന്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് നേമം നിയോജകമണ്ഡലത്തില്‍ സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്നും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഈ സ്ഥാപനങ്ങള്‍ക്കായി എന്തൊക്കെ കാര്യങ്ങള്‍ ചെയ്തുവെന്നും രാജഗോപാല്‍ നിയമസഭയില്‍ ഉന്നയിച്ച ചോദ്യം.
സാംസ്‌കാരിക വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി എ കെ ബാലനോടായിരുന്നു ചോദ്യം ഉന്നയിച്ചത്. എന്നാല്‍ നേമം മണ്ഡലത്തില്‍ സാംസ്‌കാരിക വകുപ്പിനു കീഴില്‍ ഒരു സ്ഥാപനവും പ്രവര്‍ത്തിക്കുന്നില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. അതിന് പിന്നാലെയാണ് കായികവകുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിലും നേമം എംഎല്‍എയ്ക്ക് തിരിച്ചടി കിട്ടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here