മെസിപടയെ പൂട്ടിയ ‘കട്ട’ പ്രതിരോധം; അര്‍ജന്റീന – ഐസ്‌ലാന്‍ഡ് മത്സരം സമനിലയില്‍

അര്‍ജന്റീനയുടെ രക്ഷകനാകാന്‍ ലെയണല്‍ മെസിയെന്ന മിശിഹായ്ക്ക് കഴിഞ്ഞില്ല. ഐസ്‌ലാന്‍ഡിന്റെ ‘കട്ട’ പ്രതിരോധത്തില്‍ സാംപോളിയുടെ പിള്ളേര്‍ ഒന്നടങ്കം കുടുങ്ങിയ കാഴ്ചയായിരുന്നു മൊറോക്കയില്‍ കണ്ടത്. ടീമിന്റെ ഭാരം മുഴുവന്‍ മെസിയെ പ്രതിരോധത്തിലാക്കിയതോടെ അര്‍ജന്റീന – ഐസ്‌ലാന്‍ഡ് മത്സരം 1-1 സമനിലയില്‍ പിരിഞ്ഞു. 19-ാം മിനിറ്റില്‍ ബുള്ളറ്റ് ഷോട്ടിലൂടെ അര്‍ജന്റീന താരം സെര്‍ജിയോ അഗ്വീറോ മത്സരത്തിലെ ആദ്യ ഗോള്‍ നേടി. എന്നാല്‍, 23-ാം മിനിറ്റില്‍ ഐസ്‌ലാന്‍ഡ് തിരിച്ചടിച്ചു. ഐസ്‌ലാന്‍ഡ് താരം ഫിന്‍ബോഗ്‌സന്‍ 23-ാം മിനിറ്റില്‍ അര്‍ജന്റീനയെ വിറപ്പിച്ചു.
പ്രതിരോധത്തിലൂന്നിയ പ്രകടനമായിരുന്നു ഐസ്‌ലാന്‍ഡ് മത്സരത്തില്‍ മുഴുവന്‍ കാഴ്ചവെച്ചത്. ഐസ്‌ലാന്‍ഡിന്റെ ഗോള്‍മുഖത്തേക്ക് പലപ്പോഴായി മെസിയും കൂട്ടരും ഇരച്ചുകയറിയെങ്കിലും ഭാഗ്യം തുണച്ചില്ല. 63-ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിക്കാന്‍ സാക്ഷാല്‍ മെസിക്ക് കഴിയാതെ പോയതും അര്‍ജന്റീനയെ പ്രതിരോധത്തിലാക്കി. ഐസ്‌ലാന്‍ഡ് ഗോള്‍ കീപ്പര്‍ എയ്ന്‍സ് ആല്‍ഡോഴ്‌സനാണ് മെസിയുടെ പെനല്‍റ്റിയെ തടുത്തിട്ടത്. മത്സരത്തിലുടനീളം ഐസ്‌ലാന്‍ഡിന്റെ ഗോള്‍വല കാക്കുന്നതില്‍ ആല്‍ഡോഴ്‌സണ്‍ നൂറ് ശതമാനം വിജയിച്ചു.
പന്ത് കൈവശം വെക്കുന്നതില്‍ അര്‍ജന്റീന ബഹുദൂരം മുന്‍പിലായിരുന്നു. 73 ശതമാനം സമയവും ബോള്‍ അര്‍ജന്റീന താരങ്ങളുടെ കാലുകളിലായിരുന്നു. അര്‍ജന്റീന 640 പാസുകളിലൂടെ മികച്ച ടീം ഗെയിം പുറത്തെടുത്തപ്പോള്‍ ഐസ്‌ലാന്‍ഡിന്റെ പാസുകള്‍ വെറും 111 ല്‍ ഒതുങ്ങി. കളിക്കളത്തില്‍ അര്‍ജന്റീന ടീം ഗെയിം പുറത്തെടുത്തെങ്കിലും ഐസ്‌ലാന്‍ഡിന്റെ പ്രതിരോധം മെസിപടയുടെ മുന്നേറ്റത്തെ നിരന്തരം തടഞ്ഞു. ഒരു സമയത്ത് ഏഴോളം കളിക്കാരെ പെനല്‍റ്റി ബോക്‌സിനുള്ളില്‍ ഐസ്‌ലാന്‍ഡ് നിലയുറപ്പിച്ചു. അര്‍ജന്റീനയുടെ ഗോള്‍മുഖത്തേക്ക് മുന്നേറ്റം നടത്താല്‍ ലഭിച്ച സാഹചര്യങ്ങള്‍ താരതമ്യേന കുറവായിരുന്നെങ്കിലും ലഭിച്ച അവസരങ്ങളെല്ലാം ഐസ്‌ലാന്‍ഡ് വിനിയോഗിച്ചു. ഐസ്‌ലാന്‍ഡ് താരങ്ങളുടെ ഉയരത്തിന്റെ ആനുകൂല്യവും അര്‍ജന്റീനയക്ക് വിനയായി. പന്തുകള്‍ ഉയര്‍ത്തിയടിച്ചും ജംപ് ഹെഡറുകളിലൂടെ പാസ് ചെയ്തും അര്‍ജന്റീനയുടെ മുന്നേറ്റത്തെ ചെറുക്കാന്‍ ഐസ്‌ലാന്‍ഡിന് സാധിച്ചു.
ഇന്നത്തെ മത്സരം സമനിലയിലായതോടെ ഗ്രൂപ്പ് ഡിയിലെ മറ്റ് ടീമുകളായ ക്രൊയേഷ്യ, നൈജീരിയ എന്നിവര്‍ക്കെതിരെയുള്ള മത്സരം ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്.
#SomosArgentina ¡Final del partido! En su debut en #Rusia2018, @Argentina igualó con #Islandia 1 a 1. El gol argentino lo convirtió @aguerosergiokun. pic.twitter.com/tyd0XbJ0KD
— Selección Argentina (@Argentina) June 16, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here