ജര്‍മനിയും ബ്രസീലും ഇന്ന് കളത്തിലിറങ്ങും; ആകാംക്ഷയോടെ ആരാധകര്‍

സ്‌പെയിന്‍, അര്‍ജന്റീന, പോര്‍ച്ചുഗല്‍ ഇവരെല്ലാം റഷ്യയില്‍ ആദ്യ കളി പൂര്‍ത്തിയാക്കി. ഇനി എത്താനുള്ളത് ആരാധക ബാഹുല്യത്താല്‍ വീര്‍പ്പുമുട്ടുന്ന രണ്ട് സൂപ്പര്‍ ടീമുകള്‍. റഷ്യന്‍ ലോകകപ്പിലെ ആദ്യ മത്സരത്തിനായി ബ്രസീലും ജര്‍മനിയും ഇന്ന് കളത്തിലിറങ്ങും. നിലവിലെ ചാമ്പ്യന്‍മാരാണെന്നതിന്റെ ബലത്തില്‍ ജര്‍മനി കളത്തിലിറങ്ങുമ്പോള്‍ അഞ്ച് തവണ ലോകകിരീടത്തില്‍ മുത്തമിട്ടവരാണെന്നതാണ് ബ്രസീലിന് അഭിമാനിക്കാനുള്ള ഘടകം. മെക്‌സിക്കോയാണ് ജര്‍മനിയുടെ എതിരാളികള്‍. ബ്രസീലിന്റെ എതിരാളികള്‍ സ്വിറ്റ്‌സര്‍ലാന്‍ഡും.
ബ്രസീലിനും ജര്‍മനിക്കും ആദ്യ മത്സരത്തില്‍ തങ്ങളേക്കാള്‍ ദുര്‍ബലമായ ടീമുകളെയാണ് ആദ്യ മത്സരത്തില്‍ എതിരാളികളായി ലഭിച്ചിരിക്കുന്നതെങ്കിലും ഫുട്‌ബോള്‍ ചരിത്രം എന്നും അട്ടിമറികളുടെ കഥകളാല്‍ സമ്പന്നമാണെന്ന വസ്തുത ഇരു ടീമുകളും മറക്കില്ല. സ്വന്തം നാട്ടില്‍ നടന്ന 2014 ലോകകപ്പിന്റെ സെമി ഫൈനലില്‍ ജര്‍മനിയോട് 7-1 ന് തോറ്റതിന്റെ നീറ്റലില്‍ നിന്ന് ബ്രസീല്‍ പൂര്‍ണമായി മുക്തിനേടിയിട്ടില്ല. മാറക്കാനയിലെ ദുരന്തദിനത്തിന് മറുപടി നല്‍കുകയായിരിക്കും 2018ല്‍ ബ്രസീലിന്റെ ലക്ഷ്യം. നെയ്മര്‍ തന്നെയാണ് കാനറികളുടെ കുന്തമുന. മാഴ്‌സലോ, കുട്ടീന്യോ, സില്‍വ, ജീസസ് തുടങ്ങിയ താരങ്ങളുടെ സാന്നിധ്യം കൂടി ചേരുമ്പോള്‍ ടിറ്റെയുടെ പയ്യന്‍മാര്‍ കളം നിറഞ്ഞ് പന്ത് തട്ടുമെന്നാണ് മഞ്ഞപ്പടയുടെ ആരാധകര്‍ വിശ്വസിക്കുന്നത്. ഫിഫ റാങ്കിംഗില്‍ 6-ാം സ്ഥാനത്തുള്ള സ്വിറ്റ്‌സര്‍ലാന്‍ഡിനെ നിഷ്പ്രയാസം കീഴടക്കാമെന്നാണ് ബ്രസീല്‍ ആരാധകര്‍ കരുതുന്നതും. ഇന്ത്യന്‍ സമയം 11.30 ന് റോസ്‌തോവ് അരീനയിലാണ് ബ്രസീല്‍ – സ്വിറ്റ്‌സര്‍ലാന്‍ഡ് പോരാട്ടം നടക്കുന്നത്. ഇരുവരും ഗ്രൂപ്പ് ഇ യിലെ ടീമുകളാണ്.
കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുന്ന ജര്‍മനിക്കും ഇത് നിര്‍ണായക മത്സരമാണ്. ഒന്നാം നമ്പര്‍ ഗോളി മാനുവല്‍ ന്യൂയര്‍ തിരിച്ചെത്തിയത് ടീമിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. അതേസമയം, മെസ്യൂട്ട് ഓസിലിന്റെ പരുക്ക് ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്. തോമസ് മുള്ളര്‍, തിമോ വെര്‍ണര്‍, മരിയോ ഗോമസ്, ടോണി ക്രൂസ് എന്നിവരുടെ നിരയെ മറികടക്കാന്‍ മെക്‌സിക്കോയ്ക്ക് ഏറ് പണിപ്പെടേണ്ടി വരും. എഫ് ഗ്രൂപ്പിലെ ഈ പോരാട്ടം ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്ക് ലുഷ്‌നിക്കി സ്‌റ്റേഡിയത്തിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here