‘ബെയ്ല്‍ വി മിസ് യൂ’… ലോകകപ്പ് ആവേശമില്ലാതെ ഒരു ലോകോത്തര കളിക്കാരന്‍!!
നെല്‍വിന്‍ വില്‍സണ്‍
ഗരെത് ബെയ്ല്‍ എന്ന റയല്‍ മാഡ്രിഡ് താരത്തെ കാല്‍പന്തുകളിയുടെ ആരാധകര്‍ പൊന്നുപോലെയാണ് കാണുന്നത്. ലോകത്തെ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളാണ് ബെയ്ല്‍. പ്രതിഫലത്തിന്റെ കണക്കില്‍ മാത്രമല്ല, പ്രതിഭയുടെ ധാരാളിത്തതിലും ബെയ്ല്‍ ഇന്നുള്ള ലോകോത്തര ഫുട്‌ബോള്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാമതുണ്ട്. ലോകമെങ്ങും കാല്‍പന്തിന്റെ ആരവത്തില്‍ ലയിച്ചുനില്‍ക്കുമ്പോള്‍ ബെയ്‌ലിനെ എങ്ങനെ മറക്കും നമ്മള്‍?
ലോകകപ്പ് മത്സരങ്ങള്‍ക്ക് മെസിയും റോണാള്‍ഡോയും നെയ്മറും ബൂട്ടണിയുമ്പോള്‍ അവര്‍ക്കൊപ്പം ചേര്‍ത്തുവെക്കേണ്ട ഒരു പേരാണ് ബെയ്ല്‍. എന്നാല്‍, ലോകകപ്പ് വേദിയിലെത്താന്‍ ഈ താരത്തിന് കഴിഞ്ഞിട്ടില്ല. വെയ്ല്‍സ് ഫുട്‌ബോള്‍ ടീം ലോകകപ്പിലേക്ക് ഒരിക്കല്‍ മാത്രമാണ് യോഗ്യത നേടിയത്. 1958 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു വെയ്ല്‍സ് വീണത്. പിന്നീടങ്ങോട്ട് ഒരു തവണ പോലും ലോകകപ്പ് യോഗ്യത നേടാന്‍ വെയ്ല്‍സിന് സാധിച്ചിട്ടില്ല. വെയ്ല്‍സ് ഫുട്‌ബോള്‍ ടീം പിന്നീട് ഒരു മേജര്‍ ടൂര്‍ണമെന്റിനായി ബൂട്ടണിയുന്നത് രണ്ട് വര്‍ഷം മുന്‍പാണ്.
2016 ലെ യൂറോ കപ്പില്‍ വെയ്ല്‍സ് രാജ്യാന്തര ടീം കളത്തിലിറങ്ങുമ്പോള്‍ അമരത്ത് ഗാരെത് ബെയ്ല്‍ എന്ന ലോകോത്തര ഫുട്‌ബോളര്‍ ഉണ്ടായിരുന്നു. ആ ടൂര്‍ണമെന്റില്‍ ബെയ്ല്‍ എത്രത്തോളം അപകടകാരിയാണെന്ന് എതിരാളികള്‍ക്ക് വ്യക്തമായി. ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ വരെ വെയ്ല്‍സിനെ നയിച്ചത് ബെയ്ല്‍ എന്ന അതിവേഗ ഫുട്‌ബോളറുടെ മികവാണ്. മൂന്ന് ഗോളുകളാണ് താരം ഗ്രൂപ്പ് ഘട്ടത്തില്‍ നേടിയത്. സെമി ഫൈനല്‍ മത്സരത്തില്‍ പോര്‍ച്ചുഗലിനോട് തോറ്റ് പുറത്തായപ്പോഴും വെയ്ല്‍സ് ആരാധകര്‍ അവരുടെ ഫുട്‌ബോള്‍ ടീമിനെ അഭിനന്ദിച്ചു. 58 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യാന്തര ടീമിനെ മറ്റൊരു മേജര്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ വരെ എത്തിച്ച ബെയ്‌ലിനെയും…
2018 ലോകകപ്പിലേക്ക് എത്തുമ്പോള്‍ വെയ്ല്‍സ് കളിക്കളത്തിലേക്കില്ല. യോഗ്യത നേടാതെ ടീം പുറത്തായി. കാല്‍പന്തിനെ സ്‌നേഹിക്കുന്നവര്‍ക്ക് ബെയ്ല്‍ എന്ന ഫുട്‌ബോള്‍ താരത്തിന്റെ പ്രകടനം റഷ്യയില്‍ കാണാന്‍ സാധിക്കില്ല. വെയ്ല്‍സ് ലോകകപ്പിനെത്തില്ലെന്ന് ഉറപ്പായതോടെ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം ബെയ്ല്‍ എന്ന ഇതിഹാസതാരത്തെ റാഞ്ചാന്‍ പദ്ധതികള്‍ മെനഞ്ഞു. അത്തരം വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ ഫുട്‌ബോള്‍ ആരാധകര്‍ ഏറെ സന്തോഷിച്ചു. റഷ്യയില്‍ പ്രിയ താരം ബൂട്ടണിയുമോ എന്ന് ആകാംക്ഷയോടെ അവര്‍ നോക്കി. എന്നാല്‍, ഇംഗ്ലണ്ട് വച്ചുനീട്ടിയ സ്വപ്‌നതുല്യമായ അവസരം ബെയ്ല്‍ നിഷേധിച്ചു. ഇംഗ്ലണ്ടിന്റെ വിളി നിഷേധിച്ചത് എന്തുകൊണ്ടാണെന്ന് പ്രിയ താരം പിന്നീട് വെളിപ്പെടുത്തി. കാരണം കേട്ടപ്പോള്‍ ഫുട്‌ബോള്‍ ആരാധകര്‍ ആശ്ചര്യപ്പെട്ടു. അവര്‍ക്ക് ബെയ്‌ലിനോടുള്ള ഇഷ്ടം വര്‍ധിച്ചു. ബെയ്‌ലിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു: “എന്റെ മുത്തശ്ശി ഇംഗ്ലീഷ് വംശജയാണ്. ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിന് വേണ്ടി ബൂട്ടണിയുക എന്നത് എന്നെ സംബന്ധിച്ച് അനായാസം നടപ്പിലാക്കാവുന്ന കാര്യമാണ്. അതിനുള്ള എല്ലാ സാഹചര്യങ്ങളും എനിക്കുണ്ട്. എന്നാല്‍, ഞാന്‍ വെയ്ല്‍സില്‍ നിന്നുള്ളവനാണ്. അവിടെയാണ് ജനിച്ചതും വളര്‍ന്നതും. എന്റെ സ്വന്തം രാജ്യത്തെ പ്രതി ഞാന്‍ സ്വയം അഭിമാനിക്കുന്നു. വെയ്ല്‍സിന് വേണ്ടി കളിക്കുമ്പോള്‍ എന്നെ പൂര്‍ണമായി സമര്‍പ്പിക്കാന്‍ ഞാന്‍ തയ്യാറുമാണ്. രാജ്യത്തിന്റെ ജഴ്‌സി എനിക്ക് ആവേശവും. അതിനാല്‍, ഇനിയും കാത്തിരിക്കും”. ഇത് കേട്ട ആരാധകര്‍ക്ക് ബെയ്‌ലിനോടുള്ള ഇഷ്ടം വര്‍ധിക്കുകയായിരുന്നു.
ബെയ്‌ലിന്റെ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകുന്ന ലോകകപ്പ് തന്നെയാണ് റഷ്യയില്‍ നടക്കുന്നത്. രാജ്യാന്തര ഫുട്‌ബോള്‍ ടീമിന് വേണ്ടി 70 മത്സരങ്ങളില്‍ നിന്ന് 29 ഗോളുകള്‍ ബെയ്ല്‍ നേടിയിട്ടുണ്ട്. റൈറ്റ് വിങറായി റയലിന് വേണ്ടി ബൂട്ടണിയുന്ന താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വിശ്വസ്തനാണ്. കളിക്കളത്തില്‍ വേഗതയോടെ മുന്നേറുന്ന താരമെന്ന വിശേഷണവും ബെയ്‌ലിനുണ്ട്. റഷ്യയില്‍ ഫുട്‌ബോള്‍ ആരവം ദിനംപ്രതി ഉയരങ്ങളിലേക്ക് കുതിക്കുമ്പോള്‍ ബെയ്ല്‍, ‘വി റിയലി മിസ് യൂ’…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here